Friday
19 Oct 2018

ജറുസലേം പ്രഖ്യാപനം: യുഎസ് സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചു വിളിച്ചു

By: Web Desk | Monday 1 January 2018 10:45 PM IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കന്‍ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. മധ്യ ഏഷ്യയില്‍ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പലസ്തീന്റെ നടപടി.
സ്ഥാനപതി ഹുസം സോംലോട്ടിനെ പിന്‍വലിക്കുകയാണെന്ന് പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഡബ്ല്യുഎഎഫ്എ ഞായറാഴ്ച അറിയിക്കുകയായിരുന്നു. ഡിസംബര്‍ ആറിനായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഐക്യരാഷ്ട്ര സംഘടന തള്ളിയതിനെ തുടര്‍ന്ന് പ്രഖ്യാപനത്തിന് മൂല്യമില്ലാതായെങ്കിലും പ്രഖ്യാപനം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. പലസ്തീനിന്റെ നടപടിയെ തുടര്‍ന്നു ഗാസാ മുനമ്പില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. സമാധാനത്തിന്റെ ഇടനിലക്കാരായി ഇനി അമേരിക്കയെ അംഗീകരിക്കില്ലെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ് വ്യക്തമാക്കുകയും ചെയ്തു.
ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 13 പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍പേരും മരിച്ചത് ഇസ്രയേല്‍ സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലിനെ തുടര്‍ന്നാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു.
അമേരിക്കയുടെ പ്രഖ്യാപനം യുഎന്‍ തള്ളിയതിനെ തുടര്‍ന്ന് യുഎന്‍ ബജറ്റില്‍ കുറവ് വരുത്തി സമ്മര്‍ദ്ദ തന്ത്രം മെനയുകയാണ് യുഎസ്.

Related News