Saturday
16 Dec 2017

ജയില്‍ ജ്യോതി: സംസ്ഥാനത്ത് അറുപത് അന്തേവാസികള്‍ തുല്യതാപരീക്ഷയെഴുതി

By: Web Desk | Sunday 26 November 2017 10:44 PM IST

തിരുവനന്തപുരം: ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് ഇനി ജയില്‍ അന്തേവാസികള്‍ക്കും പ്രവേശനം. നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ജയില്‍ ജ്യോതി’ പദ്ധതിയുടെ ഭാഗമായി ജയിലുകളില്‍ തുല്യതാപരീക്ഷ നടത്തി.

സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 60 അന്തേവാസികളാണ് ഇന്നലെ നാലാംതരം തുല്യതാപരീക്ഷയെഴുതിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്, 41 പേര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 23 പേരും നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 18 പേരും പരീക്ഷയെഴുതി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ട് എസ് സന്തോഷ് ചോദ്യപേപ്പര്‍ വിതരണം ചെയ്തു പദ്ധതി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട സ്വദേശി രാമചന്ദ്രന്‍ (77)ആണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരീക്ഷയെഴുതിവരില്‍ ഏറ്റവും പ്രായംകൂടിയ അന്തേവാസി. തമിഴ്‌നാട് സ്വദേശിയായ ലങ്കേശ്വരന്‍ (24) ആണ് പ്രായം കുറഞ്ഞ അന്തേവാസി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍- 12 പേരും, കോഴിക്കോട് സബ് ജയില്‍- 5 പേരും കാസര്‍ഗോഡ് ചീമേലി തുറന്ന ജയില്‍ രണ്ട് പേരും പരീക്ഷ എഴുതി.
മലയാളം, നമ്മളും നമുക്കുചുറ്റും, ഗണിതം എന്നീ വിഷയങ്ങളില്‍ എഴുത്തുപരീക്ഷയും ഇംഗ്ലീഷിന് വാചാപരീക്ഷയുമാണ് നടത്തിയത്. നേരത്തെ ജയിലുകളില്‍ നടത്തിയ സാക്ഷരതാ പരീക്ഷകളില്‍ വിജയിച്ചവരാണ് നാലാംതരം തുല്യതാ പരീക്ഷയെഴുതിയത്.
സംസ്ഥാന സാക്ഷരതാമിഷനും ജയില്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നാടപ്പാക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി ആകെ 7500 തടവുകാരുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രം 209 പേര്‍ നിരക്ഷരരാണ്. ഇന്നലത്തെ കണക്കുപ്രകാരം ഇവിടുത്തെ അന്തേവാസികളുടെ എണ്ണം 1317 ആണ്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ പുതിയ കണക്കു പ്രകാരം 367 അന്തേവാസികളുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നാലാംതരം തുല്യതയുമായി ബന്ധപ്പെട്ട് 10 ഇന്‍സ്ട്രക്ടര്‍മാരെയാണ് പ്രത്യേക പരിശീലനം നല്‍കി നിയോഗിച്ചത്. ഇവരില്‍ മുഴുവന്‍ പേരും അഭ്യസ്തവിദ്യരായ ഇവിടുത്തെ തന്നെ അന്തേവാസികളാണ്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ അന്തേവാസിയായ പീറ്റര്‍, സാക്ഷരതാമിഷന്റെ പ്രേരക് വിനോദ് എന്നിവരാണ് ഇന്‍സ്ട്രക്ടര്‍മാരായത്. ജയില്‍ ചട്ടങ്ങളില്‍ കേരള പ്രിസണ്‍സ് ആന്‍ഡ് കണക്ഷനല്‍ സര്‍വീസസ് ചട്ടം 258(7) പ്രകാരം നിരക്ഷരരായ എല്ലാ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 56 ജയിലുകളിലും പദ്ധതി നടപ്പാക്കുന്നത്.

Related News