Saturday
21 Oct 2017

ജെഎന്‍യു ലിംഗാവബോധ കമ്മിറ്റി പിരിച്ചുവിട്ടു

By: Web Desk | Sunday 24 September 2017 10:49 PM IST

ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലിംഗാവബോധം സൃഷ്ടിക്കുന്നതിനുള്ള കമ്മിറ്റി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പിരിച്ചുവിട്ടു. പകരം ആഭ്യന്തര പരാതികള്‍ക്കായുള്ള കമ്മിറ്റി മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. തൊഴിലിടങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും നടപടികളുമാണ് പിരിച്ചുവിടപ്പെട്ട കമ്മിറ്റിയുടെ ഉത്തരവാദിത്തം.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരവും ധനസഹായത്തോടെയും വര്‍ഷങ്ങളായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്നതായിരുന്നു ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലിംഗാവബോധം സൃഷ്ടിക്കുന്നതിനുള്ള കമ്മിറ്റി. 2013 ല്‍ കൊണ്ടുവന്ന തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയല്‍ ബില്‍ പ്രകാരം നിയമപ്രാബല്യവും ലഭിച്ചിരുന്നു.
ഇതിന് പകരമായി നിര്‍ദ്ദേശിച്ചിരിക്കുന്ന ആഭ്യന്തര പരാതികള്‍ക്കായുള്ള കമ്മിറ്റിയുടെ ഘടന പൂര്‍ണമായും ജനാധിപത്യ വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. ഇതിലെ എട്ട് അംഗങ്ങളില്‍ അഞ്ചുപേരെയും അധികൃതര്‍ നാമനിര്‍ദ്ദേശം വഴിയാണ് നിയമിക്കുക. അതേസമയം നേരത്തേയുണ്ടായിരുന്ന കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരുന്നു രീതി. അതിനായി പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിപുലമായ സംവാദങ്ങള്‍ക്കും അവസരമുണ്ടാകാറുമുണ്ടായിരുന്നു. കമ്മിറ്റി ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കാനാണ് ജെഎന്‍യു ടീച്ചേഴ്‌സ് യൂണിയന്റെ തീരുമാനം.