Sunday
19 Aug 2018

ഡോ: ബിജുവിന് മറുപടിയുമായി ജോയ് മാത്യു

By: Web Desk | Saturday 5 May 2018 9:57 PM IST

കോഴിക്കോട്: തന്നെ വിമര്‍ശിച്ച സംവിധായകന്‍ ഡോ: ബിജുവിന് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച് അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയയ്ക്കാതിരുന്നതിന്റെ കാരണം തിരക്കി റീജ്യണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഷട്ടര്‍ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവില്‍ താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആര് എന്തു പറഞ്ഞുവെന്ന് കോടതി തീരുമാനിക്കട്ടെ. തനിക്ക് മികച്ചതെന്ന് പറയാന്‍ ഒരു ഷട്ടറെങ്കിലുമുണ്ട്. എന്നാല്‍ ഡോ: ബിജുവിന് ഇതുപോലെ പറയാന്‍ ഏത് സിനിമയുണ്ടെന്നും ജോയ് മാത്യു ചോദിച്ചു.
ദേശീയ പുരസ്‌ക്കാര വിതരണ ചടങ്ങ് വിവാദമായതോടെ അവാര്‍ഡ് ബഹിഷ്‌ക്കരിച്ചവരെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അവാര്‍ഡിന് വേണ്ടിയല്ല മറിച്ച ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഇതിന് മറുപടിയായി ഷട്ടറിന് ദേശീയ പുരസ്‌ക്കാരം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പുരസ്‌ക്കാര ജൂറിയില്‍ ഉള്‍പ്പെട്ട തന്നെ അദ്ദേഹം തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്ന ഡോ: ബിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ആരു കൊടുക്കുന്നുവെന്നതിലല്ല മറിച്ച അവാര്‍ഡിനാണ് പ്രാധാന്യം നല്‍കേണ്ടത്.  ജാതിയുടെ പേരിലുണ്ടാവുന്ന അക്രമങ്ങളുടെ പേരിലോ, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പേരിലോ അവാര്‍ഡ് നിരസിച്ചിരുന്നെങ്കില്‍ അത് ഒരു നിലപാടിന്റെ കരുത്തായി അംഗീകരിക്കാമായിരുന്നു. എന്നാല്‍ നല്‍കുന്നത് ആരാണെന്ന് നോക്കി പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ശരിയല്ലെന്നും  ജോയ് മാത്യു പറഞ്ഞു.
അച്ചാറു കമ്പനിക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നുവെന്ന പരാമര്‍ശം ആരെയും അപമാനിക്കുന്നതല്ല. ശ്രദ്ധിക്കപ്പെടുന്ന വാക്കുകള്‍ ഉപയോഗിച്ചുവെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.  ജോയ് മാത്യു തിരക്കഥയെഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിള്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.
ചെറിയൊരു സിനിമയെന്ന നിലയിലാണ് അങ്കിള്‍ ആരംഭിച്ചത്. എന്നാല്‍ കഥ കേട്ട് മമ്മൂട്ടി അഭിനയിക്കാന്‍ തയ്യാറായതോടെ അത് വലിയൊരു സിനിമയായി. നല്ല സിനിമയെ ജനങ്ങള്‍ കൈവിടില്ല എന്നതാണ് അങ്കിളിന്റെ വിജയം കാണിക്കുന്നത്.മമ്മൂട്ടിയുടെ സാന്നിധ്യമാണ് കൂടുതല്‍ തിയേറ്ററുകള്‍ ലഭിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.