Sunday
19 Nov 2017

അപായച്ചങ്ങല പ്രവര്‍ത്തനരഹിതം: പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ പെണ്‍കുട്ടി ട്രെയനില്‍ നിന്ന് ചാടി

By: Web Desk | Monday 23 October 2017 6:33 PM IST

മുംബൈ: സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ കടന്നുകൂടിയ പീഡകനില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി. കാലിനും തലയ്ക്കും പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് 14 കാരിയായ പെണ്‍കുട്ടി യാത്രചെയ്തിരുന്നത്. ബലാത്സംഗ ശ്രമം നടത്തിയ ആളില്‍ നിന്ന് രക്ഷപ്പെടാന്‍ അപായചങ്ങല വലിച്ചെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചത്.
ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്നാണ് പെണ്‍കുട്ടി ട്രെയിനില്‍ കയറിയത്.
രാവിലെ 9.30നാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ട്രെയിനില്‍ കയറിയത്.

”കമ്പാര്‍ട്ട്‌മെന്റില്‍ മറ്റൊരു യാത്രക്കാരും ഇല്ലായിരുന്നു. ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സമയത്താണ് പിങ്ക് ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ കമ്പാര്‍ട്ടമെന്റിലേയ്ക്ക് കയറിവന്നത്. ഇത് സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റാണ് ഇറങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയിരുന്നില്ല. അപകടം മനസ്സിലാക്കി അപായച്ചങ്ങല വലിച്ചിരുന്നെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. അയാള്‍ ഉപദ്രവിക്കാന്‍ അടുത്തുവരുന്നുണ്ടായിരുന്നു. തീവണ്ടി പ്ലാറ്റ്‌ഫോം കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ട് പോയിരുന്നു. ട്രാക്കില്‍ പണിക്കാരുണ്ടായിരുന്നു. മറ്റുവഴികളില്ലാത്തതുകൊണ്ട് ഞാന്‍ ട്രെയിനില്‍ നിന്ന് ചാടി  – പെണ്‍കുട്ടി പറഞ്ഞു.”

സംഭവത്തിന് ദൃക്‌സാക്ഷികളായ ഗാങ്മാന്‍മാര്‍ ഉടനെ റയില്‍വേ പൊലീസിനെ വിളിച്ച് വിവരം പറയുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ശരീരത്തില്‍ വിവധയിടങ്ങളായി 20 തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയ്ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 23കാരിയായ മറ്റൊരു പെണ്‍കുട്ടിയും ലൈംഗിക ചേഷ്ടകള്‍ക്ക് ഇരയായി. നല്ലസൊപ്പാരയില്‍ നിന്നും വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ യുവതി കുടുംബത്തോടൊപ്പമായിരുന്നു. ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി അത് പൊലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തു.

Photo Courtesy: NDTV

 

Related News