Wednesday
19 Dec 2018

പ്രീത ഷാജിക്ക് നീതി തേടി സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയും

By: Web Desk | Thursday 6 December 2018 5:30 PM IST

കൊച്ചി: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട പ്രീത ഷാജിക്ക് നീതി തേടി സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന പ്രതിരോധ കണ്‍വന്‍ റിട്ട. ജസ്റ്റിസ് പികെ ഷംസുദ്ദിന്‍ ഉദ്ഘാടനം ചെയ്യും. പ്രീതാ ഷാജിയെ കുടിയിറക്കി കൊള്ളലാഭം കൊയ്യുന്ന ബാങ്ക്ഡിആര്‍ടിറിയലെസ്‌റ്റേറ്റ് റാക്കറ്റിനെതിരെയാണ് പ്രതിരോധം തീര്‍ക്കുന്നതെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നീതിക്ക് കാവല്‍, പ്രീത ഷാജിക്ക് കാവല്‍ എന്ന സന്ദേശമുയര്‍ത്തി പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രീതാ ഷാജിയെ പോലെ നിരവധി കുടുംബങ്ങളാണ് സര്‍ഫാസി നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി ജപ്തി ഭീഷണിയില്‍ കഴിയുന്നത്. ബാങ്ക് റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ചതിക്കുഴിയില്‍പ്പെട്ട് ഇനി ഒരു കുടുംബത്തിന് കൂടി കിടപ്പാടം നഷ്ടപ്പെടാതിരിക്കുന്നതിനുംകൂടിയാണ് പ്രതിരോധസമരവുമായി തെരുവിലിറങ്ങുന്നതെന്നും സര്‍ഫാസി വിരുദ്ധ സമിതി പറഞ്ഞു. ബാങ്കിന് നല്‍കേണ്ട പണത്തിന്റെ ഇരട്ടി തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടും പ്രീതാ ഷാജിക്ക് കിടാപ്പാടം വിട്ടൊഴിയേണ്ടിവന്നു. ഭരണ കേന്ദ്രങ്ങളിലും നിയമസംഹിതകളിലും റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്കുള്ള സ്വാധീനമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടര കോടിയുടെ വില വരുന്ന വീടിനും സ്ഥലത്തിനും പകരം പ്രളയകാലത്ത് ആറടി വെള്ളം പൊങ്ങിയിടത്ത് 12 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുമാണ് പ്രീതാ ഷാജിക്ക് നല്‍കിയത്.

തീര്‍ത്തും അന്യായമായ നടപടിയായിരുന്നിട്ടുകൂടി കോടതിയും കൂട്ടുനിന്നുവെന്നും സര്‍ഫാസി വിരുദ്ധ ജനകീയ സമിതി ആരോപിക്കുന്നു. എന്നാല്‍ കോടതിയിലുള്ള വിശ്വാസം ഇനിയും നഷ്ടപെട്ടിട്ടില്ലെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത പ്രീതാ ഷാജി പറഞ്ഞു. ചതിയില്‍ പെടുത്തി കിടപ്പാടം തട്ടിയെടുക്കുന്നതിന് കൂട്ടുനിന്ന സാജനെതിരെ പോലിസ് കേസെടുക്കാത്തതില്‍ പ്രതിഷേധമുണ്ട്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുവാനാണ് തീരുമാനമെന്നും പ്രീതാ ഷാജി പറഞ്ഞു. എ വാസു, പ്രൊഫ. കെ അരവിന്ദാക്ഷന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. വികെ പ്രസാദ് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി ചെയര്‍പേഴ്‌സണ്‍ സിഎസ് മുരളി, പിജെ മാനുവല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.