Monday
17 Dec 2018

ചെറുമീൻ കള്ളക്കടത്തിൽ ഒറ്റയാഴ്ച്ച 400 കോടി നഷ്ടം

By: Web Desk | Sunday 18 February 2018 7:59 PM IST

മുനമ്പം ഹാർബറിൽ ഫിഷറിസ് വകുപ്പും  മറൈൻ എൻഫോഴ്‌സ്‌മെന്റും പിടികൂടിയ ചെറുമീൻ (റെയ്‌ഡ്‌ വിവരം ചോർന്നത് മൂലം ഹാർബർ നിറയെ ഉണ്ടായിരുന്ന മീൻ കടത്തിയ ശേഷമുള്ള രംഗം)

ജോസ് ഡേവിഡ് 

തിരുവനന്തപുരം: ചെറുമീനുകളെ വലവീശി പിടിച്ച് അന്യസംസ്ഥാനങ്ങളിലെ കോഴിത്തീറ്റ ഫാക്ടറികളിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് മൂലം കേരളത്തിൽ ഒറ്റയാഴ്ച്ച മാത്രം 400 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. മുനമ്പത്ത് ഫിഷറീസ് വകുപ്പ് പിടികൂടിയ ചെറുമീനിന്റെ എണ്ണം വച്ചുള്ളതാണ് ഈ കണക്ക്.

റെയ്‌ഡ് ചെയ്തു പിടിച്ച ചെറുമീനുകൾ കടലിൽ ഉപേക്ഷിക്കുന്നു

ചെറുമീൻ കടത്തിനെതിരെ ഇതാദ്യമായി കൊച്ചി മുനമ്പത്തു ബോട്ടുകൾ പിടിച്ചെടുത്തതിൽ ക്ഷുഭിതരായ ബോട്ടുടമകൾ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചിരിക്കയാണ്. 200 ഓളം വരുന്ന സംഘം ഫിഷറിസ് സ്റ്റേഷൻ ആക്രമിച്ച് കസ്റ്റഡിയിലായിരുന്ന രണ്ടു ബോട്ടുകൾ ബലമായി മോചിപ്പിച്ചു കൊണ്ടുപോയി.

ആറു മാസം കൂടി കാത്താൽ പത്തിരട്ടി വളർച്ചയെത്തി 1250 രൂപ കിട്ടേണ്ട ചാള ഇപ്പോൾ പിടിച്ചു 25 രൂപക്ക് വിൽക്കുന്ന വിനാശമാണ് കടലിൽ നടക്കുന്നത്. മുനമ്പത്തു ഫെബ്രുവരി ആദ്യം പിടിച്ച ഒമ്പതു ബോട്ടിൽ നിന്നും ശരാശരി 500 പെട്ടികൾ വീതം കിളിമീൻ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. കിളിമീൻ ആറിരട്ടി വരെ വലുതാകും. ഒരു പെട്ടിയിൽ 40 കിലോ വച്ച് 20,000 കിലോ മീൻ. ആറിരട്ടി വലുപ്പം കൂട്ടുമ്പോൾ ഒരു ബോട്ടിൽ പിടിച്ചു തുലച്ച നഷ്ടം കുറഞ്ഞത് ഒരു കോടി രൂപ. ഒരു തുറമുഖത്തു 40 ബോട്ടുകൾ വച്ച് ഏകദേശം 40 കോടി രൂപ.

ചെറുമീനുകൾ പിടിച്ചു കടത്തുന്ന തുറമുഖങ്ങളായ ശക്തികുളങ്ങര, കായംകുളം, തോട്ടപ്പള്ളി, കൊച്ചിയിലെ വൈപ്പിൻ, മുനമ്പത്തെ രണ്ടു തുറമുഖം, തൃശൂർ ചേറ്റുവ, ബേപ്പൂർ, പൊന്നാനി, കണ്ണൂർ, നീലേശ്വരം എന്നിവിടങ്ങളിൽ സ്ഥിരമായി നടക്കുന്ന ചെറുമീൻ കള്ളക്കടത്തിലൂടെ ഒരാഴ്ച കുറഞ്ഞത് 400 കോടി രൂപയുടെ മത്സ്യ സമ്പത്തു മനുഷ്യർ പിടിച്ചു നശിപ്പിക്കുന്നു. ഈ തുറമുഖങ്ങൾക്കു പുറമെ, ബോട്ട് അടുപ്പിക്കാവുന്ന മറ്റു സ്ഥലങ്ങളിലും മീൻ ലോറിയിൽ കടത്തുന്നുണ്ട്.

ഇങ്ങനെ മീൻ കുഞ്ഞുങ്ങളെ പിടിക്കുമ്പോൾ കടലിന്റെ ഭക്ഷ്യ ശ്രoഖല (ചെറുമീനുകൾ വലിയവക്ക് ഭക്ഷണമാകുന്ന രീതി) താളം തെറ്റുകയും മത്സ്യ സമ്പത്തു ഗണ്യമായി കുറയുകയുമാണ്. നെയ്‍മത്തിയുടെ ഉത്പ്പാദനം 3 വർഷത്തിൽ നാല് ലക്ഷം ടണ്ണിൽ നിന്നും 43000 ടണ്ണിലേക്കു ഇടിഞ്ഞു താണതു മൂലം 10000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സി എം എഫ് ആർ ഐ യുടെ കണക്ക്. ചാളക്കു പുറമെ എല്ലാ മീനുകളും കുറഞ്ഞു.

തൂത്തുക്കുടി, മംഗളുരു, നെല്ലൂർ തുടങ്ങിയ മീൻ വളം ഫാക്ടറികളിലേക്കാണ് ഈ ചെറുമീൻ കടത്തുന്നത്. ലോറി അടുപ്പിക്കാവുന്ന കടൽ തീരങ്ങളിൽ പാതിരാവിൽ മറവിൽ നിർബാധം ഈ കടത്ത് തുടരുന്നു. സമീപകാലത്തു എറണാകുളം എരമല്ലൂരിലും ഒരു ഫാക്ടറി ആരംഭിച്ചു.

ഫിഷറിസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും കൂടിയാണ് ഇപ്പോൾ കൊച്ചിയിൽ ചെറുമീൻ പിടുത്തം ആരംഭിച്ചത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഉയർന്ന തലങ്ങളിൽ തന്നെ അറിഞ്ഞു, അവരുടെ സഹായത്തോടെയാണ് പത്തു സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള മീനുകൾ പിടിച്ചു കടത്തിക്കൊണ്ടിരുന്നത്.  കടലിൽ റെയ്‌ഡ്‌ തീരുമാനിച്ചാൽ അപ്പോൾ തന്നെ ബോട്ടുകളിൽ വിവരം ലഭിച്ചിരുന്നതിനാൽ ഇത് മിക്കപ്പോഴും പിടിക്കപ്പെടാതെ പോയിരുന്നു.

Related News