Sunday
24 Sep 2017

മന്ത്രി കടകംപള്ളിക്ക് ചൈനായാത്ര അനുമതി നിഷേധിച്ചു

By: Web Desk | Friday 8 September 2017 10:53 PM IST

തിരുവനന്തപുരം/കഴക്കൂട്ടം: ദൈവത്തിന്റെ സ്വന്തം നാടിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചു. ചൈനയില്‍ 11 മുതല്‍ 16 വരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനില്‍ കേരളത്തില്‍ നിന്നുള്ള മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിന് നേതൃത്വം നല്‍കേണ്ട ടൂറിസം മന്ത്രിക്കാണ് വിദേശകാര്യ മന്ത്രാലയം യാത്രാനുമതി നിഷേധിച്ചത്. യാത്രാനുമതി നിഷേധിച്ച സംഭവത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പരാതി നല്‍കി. യാത്രാനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും അയച്ച കത്തില്‍ പറഞ്ഞു.
ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിനെ മാത്രമാണ് ഐക്യരാഷ്ട്രസഭ ക്ഷണിച്ചിരുന്നത്. ഇതേതുടര്‍ന്ന് മന്ത്രി അടക്കമുള്ള സംഘത്തിന് അനുമതി നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അനുമതി നിഷേധിച്ചതായി അറിയിച്ചെങ്കിലും കാരണമെന്തെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 17നാണ് ചൈന സന്ദര്‍ശനത്തിനുള്ള അപേക്ഷ ടൂറിസം വകുപ്പ് വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയത്. എന്നാല്‍ യാത്രാനുമതി നിഷേധിച്ചത് തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയത്തിന്റേത്.
അതേസമയം, തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലേക്ക് പോകാന്‍ ഒരുങ്ങിയ മന്ത്രി കെ ടി ജലീലിനും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിഷയം ലോക്‌സഭയിലടക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിക്കാന്‍ രാഷ്ട്രീയ അനുമതി നല്‍കുന്നതിനുള്ള അപേക്ഷയാണ് നിരസിച്ചത്. സാധാരണ മണിക്കൂറുകള്‍കൊണ്ട് ലഭിക്കുന്നതാണ് നയതന്ത്ര പാസ്‌പോര്‍ട്ട്. ചൈനയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുവാന്‍ കേരളത്തിന് അനുമതി നിഷേധിച്ച തീരുമാനം കേരളത്തോടു കാണിച്ച കടുംകൈയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടത്ത് ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശകാര്യ മന്ത്രാലയം കേരളത്തോട് എടുത്ത തീരുമാനം തികച്ചും രാഷ്ട്രീയപക്ഷപാതിത്വമാണ്. ചിമിഴിനേക്കാള്‍ ചെറിയ മനസ്സിന്റെ ഉടമയാണ് കേന്ദ്ര വിദേശകാര്യ മന്ത്രിക്കുള്ളതെന്ന് ഇപ്പോഴാണ് മനസ്സിലായത്. ടൂറിസം മന്ത്രിയെന്ന നിലയില്‍ രാഷ്ട്രീയത്തിന് അതീതമായി താന്‍ ബഹുമാനിച്ചിരുന്ന വ്യക്തിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.