Monday
15 Oct 2018

മനസിന്റെ മടക്കയാത്ര 

By: Web Desk | Tuesday 14 November 2017 10:58 PM IST

അനില്‍ കെ നമ്പ്യാര്‍

തൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകും.
പാടിപ്പതിഞ്ഞ ഒരു ലോകതത്വം കേള്‍ക്കേണ്ടവരൊക്കെ കേള്‍ക്കട്ടെ എന്ന അര്‍ത്ഥത്തില്‍ അല്പം ഉറക്കെ പറഞ്ഞുകൊണ്ട് കാറില്‍ സ്വന്തം സീറ്റില്‍ ചാഞ്ഞിരിക്കുകയാണ് ദിനേശന്‍. ഓഫീസറുടെ മുറിയില്‍ നിന്നും നളിനി ഇറങ്ങിവന്നപ്പോള്‍ മുറിയിലാകെ പരന്ന പെര്‍ഫ്യൂമിന്റെ ഗന്ധമോ, പുതിയ പട്ടുസാരിയുടെ തിളക്കമോ സ്വര്‍ണ്ണവളയുടെ കിലുക്കമോ ഒന്നും തന്നെ നിര്‍മ്മല അറിഞ്ഞില്ല. പുറത്ത് പെയ്തുകൊണ്ടിരിക്കുന്ന കോരിച്ചൊരിയുന്ന മഴയെ നോക്കി അതിന്റെ  താളത്തിലലിഞ്ഞ് അങ്ങനെ ഇരുന്നപ്പോഴും ദിനേശന്റെ വാക്കുകള്‍ അവളുടെ ചെവിയില്‍ വന്നലച്ചു. അവളറിയാതെ ഉറക്കെ പറഞ്ഞുപോയി, ഏതൊരു സ്ത്രീയുടെ പരാജയത്തിനു പിറകിലും ഒരു സ്ത്രീ ഉണ്ടാകും.  പെയ്‌തൊഴിയാത്ത മേഘങ്ങള്‍ കനംപിടിപ്പിച്ച അന്തരീക്ഷം. മഴയുടെ കാഠിന്യം കൂടിക്കൂടി വരുന്നു. എല്ലാം തകര്‍ത്തെറിയാനെന്ന പോലെ… സര്‍വ്വശക്തിയുമെടുത്ത് പെയ്തിറങ്ങുന്ന മഴ.  നിര്‍മ്മല, ഒരു നിമിഷം കണ്ണടച്ചിരുന്നു. തനിക്കീ മഴയുടെ ശക്തി കിട്ടിയിരുന്നെങ്കില്‍… എല്ലാം തകര്‍ത്തെറിഞ്ഞ്… പെയ്‌തൊഴിഞ്ഞ്… ഒടുവില്‍ ശാന്തമായി…
ചേച്ചി എന്താ പറഞ്ഞത്…?
ദിനേശന്‍ നിര്‍മ്മലയെ നോക്കി. ഓഫീസില്‍ ദിനേശന്‍ മാത്രമേ നിര്‍മ്മലയെ ചേച്ചി എന്ന് വിളിക്കാറുള്ളു.  ‘മാഡം’ എന്ന വിളിയിലെ അകല്‍ച്ച ചേച്ചി എന്ന് വിളിക്കുമ്പോള്‍ അകന്നുപോകുന്നത് അവളറിയുന്നുണ്ടായിരുന്നു.
‘ഒന്നുമില്ല, ദിനേശ്… വെറുതേ….’
നിര്‍മ്മലയുടെ മുഖത്ത് ഇടവപ്പാതിയുടെ കാറും കോളും മിന്നിമറിയുന്നത് ദിനേശ് ശ്രദ്ധിച്ചു.
ചേച്ചിക്കാരാ നിര്‍മ്മല എന്ന് പേരിട്ടത്.?
ആ വാക്കുകള്‍ ചെവിയില്‍ വന്നലച്ചപ്പോള്‍ അവളുടെ മുഖം കൂടുതല്‍ കറുത്തിരുണ്ടു.
ആരാണ് തനിക്ക് നിര്‍മ്മല എന്നു പേരിട്ടത്…? ഒരു പക്ഷേ തന്റെ നൈര്‍മല്യം എപ്പോഴും കാണാനിഷ്ടപ്പെട്ടിരുന്ന അച്ഛനാകാം. കുഞ്ഞുനാളില്‍ പാദസരത്തിന്റെ കിലുക്കത്തോടൊപ്പം പൊട്ടിച്ചിരിച്ചു നടന്ന പെണ്‍കുട്ടി… എപ്പോഴാണ് ചിരിക്കാന്‍ മറന്നത്…? നിര്‍മ്മല അല്ലാതായി മാറിയത്…?
മുല്ലപ്പൂക്കളുടെ മണം നിറഞ്ഞൊരു രാത്രിയില്‍ ദാസ് അവളുടെ ചെവിയില്‍ മന്ത്രിച്ചു. ‘നീ എന്റെ പെണ്ണാ…’  ആദ്യരാത്രിയിലെ മധുരവാക്കുകള്‍ക്ക് അധികാരത്തിന്റെ ഗാംഭീര്യമില്ലായിരുന്നു. സ്‌നേഹത്തിന്റെ രാഗനൈര്‍മ്മല്യങ്ങള്‍ വഴിഞ്ഞൊഴുകിയ വാക്കുകള്‍ അവളിലേയ്ക്ക് പെയ്തിറങ്ങിയപ്പോള്‍ അവള്‍ വശ്യമായി ചിരിച്ചു. അനിയന്ത്രിതമായ ആവേശത്തോടെ അവളെ ശ്വാസം മുട്ടിച്ചുകൊണ്ട് ദാസ് പറഞ്ഞു, നിന്റെ ഈ ചിരി എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.  ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ദാസിന്റെ ശബ്ദത്തിന് കാഠിന്യമേറി. അയല്‍വീടുകളിലേക്ക് തുറക്കുന്ന ജനല്‍പാളികള്‍ അയാള്‍ വലിച്ചടച്ചു. തുറന്ന് കിടക്കുന്ന ആ ജനല്‍പാളികള്‍ക്കിടയിലൂടെ ഏതെങ്കിലും കഴുകന്‍ കണ്ണുകള്‍ അവളിലേക്ക് കടന്നു ചെന്നാലോ…? ദാസിന്റെ സ്‌ക്കൂട്ടറിന് പിന്നില്‍ തലകുനിച്ചിരുന്ന് എന്നും അവള്‍ ഓഫീസിലെത്തിക്കൊണ്ടിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും ദാസിന്റെ സ്‌ക്കൂട്ടറിന് പിന്നില്‍ തലകുനിച്ചിരുന്ന് തന്നെ അവള്‍ വീട്ടിലുമെത്തി. തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്നവര്‍ ആരെന്നുപോലും അവള്‍ക്കറിയില്ല. കരിങ്കല്‍ മതില്‍ക്കെട്ടിനുള്ളില്‍ വലിയ വീട്ടിലെ അടഞ്ഞ വാതിലിനുള്ളില്‍ നിര്‍മ്മല ചിരിക്കുന്നതെങ്ങിനെയെന്ന് മറന്നുതുടങ്ങിയിരിക്കുന്നു.  ‘നീ എന്റെ പെണ്ണ്. എന്റെ വാരിയെല്ലുകൊണ്ട് തീര്‍ക്കപ്പെട്ടവള്‍. ഒരു വാരിയെല്ലിനാല്‍ ജന്മമെടുത്ത നിന്റെ നട്ടെല്ലിന് നിവര്‍ന്ന് നില്‍ക്കാനുള്ള കഴിവ് തുലോം കുറവെന്നറിയുക.  നീ എന്റെ സുഖത്തിന്നായി തീര്‍ക്കപ്പെട്ടവള്‍. എന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കേണ്ടവള്‍. സ്വന്തം ജീവിതമൊരു മെഴുകുതിരിയാക്കി അവരെ വളര്‍ത്തേണ്ടവള്‍…’ നാലുചുവരുകള്‍ക്കുള്ളില്‍ നിന്നും ദാസിന്റെ വാക്കുകള്‍  അവളുടെ ചെവിയില്‍ വന്നലയ്ക്കുമായിരുന്നു. ഓരോ രാത്രിയിലും തളര്‍ന്നുറങ്ങുന്ന അവള്‍ സ്വപ്നത്തെ ഭയന്നു.  മനസില്‍ മയക്കിക്കിടത്തിയ മോഹങ്ങള്‍ സ്വപ്നച്ചിറകുകളേറി പറന്നുയര്‍ന്ന ഒരു രാത്രി… അന്ന്  ഊറിഊറി ചിരിച്ചുപോയി.  ‘ഏതവനെ ഓര്‍ത്താടി ഉറക്കത്തിലൊരു ചിരി… ? ‘  – ദാസിന്റെ പൊട്ടിത്തെറി കേട്ട് ഉണര്‍ന്നപ്പോഴായിരുന്നു ചിരിയുടെ ശബ്ദകാഠിന്യത്തിന്റെ ആഴം നിര്‍മ്മലയ്ക്ക് മനസിലായത്. പിന്നീടു കേട്ട വാക്കുകള്‍ മൂര്‍ച്ചയേറിയ മുള്ളുകള്‍ നിറഞ്ഞതായിരുന്നു. അവ അവള്‍ക്ക് അസഹനീയമായി.  അടുത്ത ഏതോ ഒരു ദിവസമായിരുന്നു ദിനേശന്‍ എന്നും രാത്രി സ്വപ്നം കാണുന്ന അയാളുടെ പട്ടിയെക്കുറിച്ച് പറഞ്ഞത്.  സ്വപ്നം കാണുന്ന പട്ടിയോ… ?  അവള്‍ അത്ഭുതപ്പെട്ടു. ‘അതേ ചേച്ചി… എന്റെ അല്‍സേഷ്യന്‍. അവനെന്നും രാത്രി സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ അവന്‍ എന്തൊക്കെയോ പിറുപിറുക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, സ്വപ്ന കാമുകിയോടുള്ള പ്രേമസല്ലാപമാകാം…!’  ദിനേശന്റെ പട്ടിക്കുപോലും സ്വപ്നം കാണാനുള്ള ഭാഗ്യമുണ്ടല്ലോ…? സഹനത്തിന്റെ നെല്ലിപ്പലകയും കണ്ടപ്പോഴായിരുന്നു നിര്‍മ്മല ഇന്നലെ സ്വന്തം വീട്ടിലേയ്ക്ക് കയറിച്ചെന്നത്.
‘വയ്യമ്മേ… സഹിക്കാന്‍ വയ്യ…’  അമ്മയുടെ മടിയില്‍ തലവെച്ച് മടിത്തട്ടില്‍ മുഖമമര്‍ത്തി നിര്‍മ്മല പൊട്ടിക്കരഞ്ഞു. ആ കരച്ചിലിനിടയില്‍ അവള്‍ കേള്‍ക്കാന്‍ കൊതിച്ച ആശ്വാസവാക്കുകള്‍… ‘എന്റെ മോളെ, പെണ്ണായി പിറന്നാല്‍ ഇതൊക്കെ സഹിച്ചേ പറ്റൂ. നീ നിനക്കു വേണ്ടിയല്ല ജീവിക്കേണ്ടത്. ദാസിന് നിന്നോടുള്ള സ്‌നേഹം… അതു നീ മനസ്സിലാക്കണം. അവന് വേണ്ടിയാകണം നീ ജീവിക്കേണ്ടത്. സ്‌നേഹക്കൂടുതല്‍ കൊണ്ടാ മോളേ ഈ വാശിയും ശാഠ്യവുമൊക്കെ…’  ‘സ്‌നേഹം… സ്‌നേഹമെന്താണെന്ന് ആ മനുഷ്യന് അറിയില്ലമ്മേ…’  ആ വാക്കുകളില്‍ നീരസം നുരഞ്ഞുവന്നു. ‘രണ്ടുകുട്ടികളുടെ അമ്മയായ ശേഷമാണോ സ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ പോണത്…’  ഏടത്തിയമ്മയുടെ വാക്കുകള്‍ എവിടെ നിന്നോ പറന്നെത്തി.  അനുവാദമില്ലാതെ സ്വന്തം വീട്ടിലേയ്ക്ക്  പോയതിന്റെ ശിക്ഷ ഇപ്പോഴും ഇടതുകവിള്‍ത്തടത്തില്‍ കരിവാളിച്ചു കിടക്കുന്നുണ്ട്.  നിര്‍മ്മല കൈതലപ്പുകൊണ്ട് മുഖമാകെ പതുക്കെ തലോടി. കവിള്‍ത്തടങ്ങളില്‍ അനുഭവപ്പെട്ട തരിപ്പ് ഒരു പ്രത്യേകശക്തിയായി അവളിലേയ്ക്കിറങ്ങി.  ‘ദിനേശ്… നീ അടിമയുടെ കഥ കേട്ടിട്ടില്ലേ…?’   ‘എന്തു കഥ…?’  ‘എടുക്കാനാകാത്ത ഭാരം മുതുകിലേറ്റുന്ന അടിമയുടെ കഥ… ഇനിയും ഭാരമേറിയാല്‍ വളഞ്ഞ നട്ടെല്ലുകള്‍ ഒടിഞ്ഞു തകരുമെന്ന് … ജീവന്‍ നഷ്ടപ്പെടുമെന്ന് അറിയുന്ന നിമിഷം സര്‍വ്വശക്തിയുമെടുത്ത് നിവര്‍ന്ന് നില്‍ക്കുന്ന അടിമയുടെ കഥ…’   ‘ഇപ്പോ എന്തിനാ ഇതൊക്കെ പറയുന്നത്?’   തകര്‍ത്തുപെയ്യുന്ന മഴയെ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് നിര്‍മ്മല പൊട്ടിച്ചിരിച്ചു.  ‘ദാസിന്റെ വാരിയെല്ല് എനിക്ക് തിരിച്ച് നല്‍കണം. അത് തിരിച്ച് മുഖത്തേക്കു തന്നെ വലിച്ചെറിഞ്ഞു കൊടുത്താല്‍ ദാനം തന്നവന്റെ ഗര്‍വ് അവസാനിക്കില്ലേ… ദിനേശ്?’  ‘ചേച്ചി… എന്തായിത്? മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു…’
നിര്‍മ്മല ആരെയും ശ്രദ്ധിച്ചില്ല. അവള്‍ക്ക് ആരെയും ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ല. വളഞ്ഞ് വളഞ്ഞ് ഇനിയും വളഞ്ഞാല്‍ ഒടിയുമെന്ന നിലയിലായ നട്ടെല്ല് നിവര്‍ത്തി നടക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.  തകര്‍ത്തു പെയ്യുന്ന മഴയത്തും അവള്‍ വിയര്‍ത്തു കുളിച്ചിരുന്നു. വിളറിയ മുഖത്തേയ്ക്ക് രക്തം ഇരച്ചുകയറി. ഇരച്ചു കയറിയ രക്തത്തില്‍ ഇടതുകവിളിലെ കരുവാളിപ്പ് അലിഞ്ഞുപോയി. മഴയുടെ ശക്തി കൂടി വന്നു. സര്‍വ്വശക്തിയുമെടുത്ത് ഭൂമിയില്‍ പതിച്ച് മാലിന്യങ്ങളെല്ലാം ഏറ്റുവാങ്ങി താഴ്ന്ന പ്രതലത്തിലേയ്ക്ക് കുത്തിയൊലിച്ച് പോകുന്ന മഴവെള്ളം… അതിന്റെ ഒരു തരം കളകളശബ്ദം.  നിര്‍മ്മല, ആ മഴവെള്ളപ്പാച്ചിലിലേയ്ക്ക് ദാസിനെക്കുറിച്ചുള്ള ചിന്തകള്‍ കുടഞ്ഞെറിഞ്ഞു. പിന്നീട്, ശാന്തമായ മഴയോടൊപ്പം നിര്‍മ്മല മരകസേരയില്‍ തളര്‍ന്നിരുന്നു.  ഉച്ച നേരത്ത് ഊണ് കഴിഞ്ഞ് കസേരയില്‍ ചാരിയിരുന്ന് മയങ്ങാന്‍ തുടങ്ങിയതായിരുന്നു ദിനേശന്‍. അപ്പോള്‍ മഴയുടെ ശക്തി കുറഞ്ഞുതുടങ്ങിയിരുന്നു. പെട്ടെന്ന് ദിനേശന്‍ ഞെട്ടിയുണര്‍ന്നു. നിര്‍മ്മലയുടെ ശബ്ദം അയാളെ ഉണര്‍ത്തി. ദിനേശന്‍ മയക്കം വിട്ടുണര്‍ന്നു.  ‘ദിനേശ്, വിരോധമില്ലെങ്കില്‍ എന്നോടൊപ്പം ഒന്ന് പുറത്തേക്ക് വരാമോ? ഒരു ഷോപ്പിങ്ങിന്…’    ‘ചേച്ചി… ഞാനോ?  ദാസ് സാറ്…’  നിര്‍മ്മല ഉറക്കെ ഒരു ഭ്രാന്തിയെപ്പോലെ പൊട്ടിച്ചിരിച്ചു.  ഉച്ചമയക്കത്തിലായിരുന്ന പലരും ഉറക്കച്ചടവോടെ തലയുയര്‍ത്തി നിര്‍മ്മലയെ നോക്കി.  ‘എന്താ ദിനേശ്… ദാസ്‌സാറിനെ നിനക്ക് പേടിയാണോ…?’  ‘അതല്ല, ചേച്ചി… സാറെങ്ങാനുമറിഞ്ഞാല്‍ ഞാന്‍ കാരണം ചേച്ചിയുടെ ഒരു ദിവസം കൂടി…’  ‘ഇല്ല ദിനേശ്, എന്റെ ഒരു ദിവസം കൂടി എന്നല്ല, ഒരു ദിവസം പോലും ഇനി ദാസിന് വേണ്ടിയുള്ളതല്ല. എനിയ്ക്ക് വേണ്ടി ഞാന്‍ ഇനിയെങ്കിലും ജീവിക്കണ്ടേ ദിനേശ്…? ‘ – പുതുപ്രതീക്ഷയുടെ ധ്വനി നിര്‍മ്മലയുടെ വാക്കുകളിലുണ്ടായിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയെ ഇരുവരും നോക്കിക്കൊണ്ടിരുന്നു. ‘ഇത് സ്വാര്‍ത്ഥതയല്ല ദിനേശ്. ഒരേ ഒരു ജീവിതം എന്ന തിരിച്ചറിവിന്റെ പാരമ്യത്തില്‍, എന്നിലെ പരാജയത്തിന് കാരണക്കാര്‍ മറ്റാരുമല്ല എന്ന അറിവിന്റെ വെളിച്ചത്തില്‍, ദാസും എനിയ്ക്കാരുമല്ലാതായിത്തീരുന്നു…’  മറ്റുള്ളവരുടെ ശ്രദ്ധ തങ്ങളിലേക്ക് പതിയുന്നതറിഞ്ഞ് ദിനേശന്‍ തെല്ലുജാള്യതയോടെ എഴുന്നേറ്റു.  ‘ചേച്ചി വരൂ… പോകാം.’  നഗരത്തിലെ പ്രശസ്തമായ തുണിക്കടയിലേയ്ക്ക് ദിനേശനോടൊപ്പം നടന്നുചെല്ലുമ്പോള്‍ നിര്‍മ്മല ഒരു പുതിയ ലോകത്തായിരുന്നു.  ‘ദിനേശ്… എനിയ്ക്ക് പറ്റിയ നല്ലൊരു സാരി സെലക്ട് ചെയ്യൂ…’ – നിര്‍മ്മലയുടെ ഭാവഭേദങ്ങളില്‍ സ്ഥലകാലബോധമില്ലാതെ നിന്ന ദിനേശനോട് അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.  ‘നോക്കൂ ദിനേശ്… കുറച്ചു സമയത്തേയ്ക്ക് നീ ഭര്‍ത്താവും ഞാന്‍ ഭാര്യയും. ഭാര്യയ്ക്ക് ചേരുന്ന ഒരു സാരി തിരഞ്ഞെടുത്തു കൊടുക്കുന്ന സ്‌നേഹം നിറഞ്ഞ ഭര്‍ത്താവ് നീ. ഭര്‍ത്താവ് തിരഞ്ഞെടുക്കുന്ന സാരി സന്തോഷത്തോടെ സ്വീകരിക്കുന്ന ഞാന്‍ ഭാര്യ. എന്താ… രസമുള്ള കാര്യമല്ലേ…?’    കാമുകന്‍ നല്‍കുന്ന സാരി സന്തോഷത്തോടെ സ്വീകരിക്കുന്ന കാമുകിയായാലും ഓര്‍ക്കാന്‍ സുഖമുണ്ടാകും. ദിനേശന്റെ കണ്ണുകളില്‍ വിടര്‍ന്ന ഒരു പ്രത്യേകഭാവം കണ്ടില്ലെന്ന മട്ടില്‍ നിര്‍മ്മല അടുക്കികൂട്ടിവെച്ചിരിക്കുന്ന സാരികളിലേയ്ക്ക് മുഖം തിരിച്ചു. ‘നോക്കൂ നിര്‍മ്മല… ഇത് നിനക്ക് നന്നായി ചേരും. – ചേച്ചി എന്ന വിളിയില്‍ നിന്നും പിന്മാറാന്‍  ദിനേശന് പ്രയാസമുണ്ടായിരുന്നു. അവസരത്തിനൊത്തു ഉയര്‍ന്ന ദിനേശനെ നോക്കി നിര്‍മ്മല മധുരമായൊന്ന് ചിരിച്ചു. കടും ചുവപ്പില്‍ മഞ്ഞ ബോര്‍ഡറുള്ള ഒരു സാരി കയ്യിലെടുത്ത് നില്‍ക്കുകയായിരുന്നു ദിനേശന്‍. ‘സെലക്ഷന്‍ നന്നായി ദിനേശ്… നിനക്കിഷ്ടമുള്ള ചുവപ്പും എനിക്കിഷ്ടമുള്ള മഞ്ഞയും…’  ഓഫീസിലേയ്ക്കുള്ള പടികള്‍ കയറുന്നതിനിടയില്‍ വീശിയടിച്ച കാറ്റില്‍ നിര്‍മ്മലയുടെ സാരിതലപ്പ് പറന്നുയര്‍ന്ന് ദിനേശന്റെ മുഖത്ത് തൂവല്‍സ്പര്‍ശത്തിന്റെ സുഖമുണ്ടാക്കി. ആ കാറ്റ് ദാസിനെക്കുറിച്ചുള്ള അവസാനത്തെ ചിന്തയെയും അവളില്‍ നിന്ന് പിഴുതെറിയുകയായിരുന്നു. വൈകുന്നേരം പതിവുപോലെ സ്‌ക്കൂട്ടറുമായി കാത്ത് നില്‍ക്കുന്ന ദാസിന് നേരെ നടക്കുന്നതിനിടെ, അല്പം മുമ്പിലായി നടക്കുകയായിരുന്ന ദിനേശനോട് അവള്‍ ചോദിച്ചു,  ‘എത്ര കുഴിച്ചു മൂടിയാലും കൊടുങ്കാറ്റായി ചീറിയടിക്കുന്ന ചെറുത്ത് നില്പ്പുകളെകുറിച്ച് നീ കേട്ടിട്ടുണ്ടോ ദിനേശ്…?’    ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമായിരുന്നില്ല അത്. നിര്‍മ്മല പുതിയൊരു ഉണര്‍വ്വോടെ ദിനേശന് മുന്നിലൂടെ വേഗത കൂട്ടി നടക്കാന്‍ തുടങ്ങി. ദിനേശന്‍ ഒരു സ്വപ്നത്തിലെന്ന പോലെ അവളെ നോക്കി നിന്നു. വേഗം നടന്ന് ദാസിനടുത്തെത്തിയ അവള്‍ സ്‌ക്കൂട്ടറിന് പിന്നില്‍ തലനിവര്‍ത്തിയിരുന്നു. അനങ്ങിത്തുടങ്ങിയ സ്‌ക്കൂട്ടറിന് പിന്നില്‍ നിന്ന് നിര്‍മ്മല,  ദിനേശനെ നോക്കിചിരിച്ചു.  കാറ്റത്തുയര്‍ന്നു പറക്കുന്ന സാരിത്തലപ്പ്…  കൊടുങ്കാറ്റിന്റെ ശക്തിയാല്‍ ദാസിന്റെ സ്‌ക്കൂട്ടറിന് പിറകേ ഇരുന്ന് പായുകയാണ് നിര്‍മ്മല…