Monday
23 Jul 2018

ഒരു കുഞ്ഞുരുള കൂടി

By: Web Desk | Sunday 17 September 2017 1:16 AM IST

സാബു ഹരിഹരന്‍

ഭക്ഷണമെടുത്തുവെച്ച ശേഷം ദുര്‍ബ്ബലമായ ശബ്ദത്തില്‍ അവര്‍ നീട്ടിവിളിച്ചു. ആ വിളി ഊണുമുറിയും കടന്ന്, ഇടനാഴിയിലൂടെ മുന്‍വശത്തെ ചാരുകസേരയില്‍ ചാഞ്ഞു കിടക്കുന്ന ജനാര്‍ദ്ദനന്‍ എന്ന വൃദ്ധന്റെ അടുത്തെത്തുമ്പോഴേക്കും അവര്‍ ഭിത്തിയോട് ചേര്‍ത്തിട്ട തടികസേരയില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും.
‘ദാ വരുന്നൂ..’ എന്ന തളര്‍ച്ച നിറഞ്ഞ ഒരു മറുപടി ശബ്ദം പ്രതീക്ഷിച്ചിരിക്കുകയാണിപ്പോഴവര്‍.
അയാള്‍ കൈ കഴുകി, അവരുടെ സമീപം വന്ന്, ആദ്യമവര്‍ക്ക് വിളമ്പി കൊടുത്തു. അതാണ് പതിവ്. പിന്നീട് അടുത്തിട്ട കസേരയിലിരുന്ന്, കാച്ചിവെച്ച പപ്പടമൊന്നെടുത്ത് ചെറുതായി കടിച്ചു രസിച്ചു. ഇപ്പോഴവര്‍ക്ക് ധാരാളം സമയമുണ്ട്. ഭക്ഷണം മുഴുവന്‍ സ്വാദുമാസ്വദിച്ച് കഴിക്കാന്‍ വേണ്ടത്ര സമയം.
‘ഒന്നു വേഗം കഴിച്ചേ..മനു ഇപ്പോ വിളിക്കും’ അവര്‍ സ്‌നേഹപൂര്‍വ്വം ശാസിച്ചു.
അയാള്‍ അവരെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ചാരുലത എന്ന പേരു പോലെ തന്നെ സുന്ദരമാണാ മുഖം. ഇന്നുമാ ഭംഗി അതു പോലെയുണ്ട്.
‘എന്താ നിന്റെ ചാരു മാത്രം വയസ്സാവാത്തെ?’ കുടുംബസുഹൃത്തുക്കളുമായുള്ളൊരു ഒത്തുചേരലിനിടയില്‍ ആരോ ഒരാള്‍ ഈയ്യിടെ ചോദിച്ചതേയുള്ളൂ.
‘ഇതു കേട്ടാല്‍ തോന്നും ഞാന്‍ വയസ്സായെന്ന്’ അതായിരുന്നു ചിരിച്ചു കൊണ്ടയാള്‍ മറുപടി പറഞ്ഞത്.
ഇവളിപ്പോഴും സുന്ദരിയാണ്. തല മുഴുവന്‍ നര വന്നു കയറി, ഉള്ളെല്ലാം പോയി നേര്‍ത്തുകഴിഞ്ഞിരിക്കുന്നു. എങ്കിലും ചാരുവിന്റെ മുടിക്കിപ്പോഴും അരക്കെട്ട് വരെ നീളമുണ്ട്.
‘ഇങ്ങനെ നോക്കിയിരിക്കാതെ വേഗം കഴിക്കാന്‍ നോക്ക്!’ അതും പറഞ്ഞ് അവര്‍ ഭക്ഷണം കഴിക്കുന്നതില്‍ ബദ്ധശ്രദ്ധയായി.
മനു വിദേശത്തേക്ക് പോയിട്ടിപ്പോള്‍ വര്‍ഷം രണ്ടു കഴിഞ്ഞിരിക്കുന്നു. ഫോണ്‍ വിളിയിലൂടെ ശബ്ദം കേള്‍ക്കാം. ശബ്ദം കേള്‍ക്കുമ്പോള്‍ അവനടുത്തുള്ളതു പോലെ തോന്നും. ഇപ്പോള്‍ ഇവിടടുത്തുണ്ടായിരുന്നെങ്കില്‍ അവനെ തൊടാമായിരുന്നു.. അവന്റെ നെറുകില്‍ തലോടാമായിരുന്നു.. അവന്റെ കൈ പിടിച്ച് തൊടിയിലൂടെ നടക്കാമായിരുന്നു..ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമായിരുന്നു. വിവാഹശേഷം പോയതാണ്. അവിടേക്ക് ചെല്ലാന്‍ ഇരുവരേയുമവന്‍ പലവട്ടം നിര്‍ബന്ധിച്ചതാണ്. എങ്ങനെയാണിവിടെ വിട്ട് പോവുക?..ഈ വീടും തൊടിയും..കാവും..തൊടിയിലെ പൂക്കളും മരങ്ങളും..എന്തിന്? അരി തിന്നാന്‍ വരുന്ന പ്രാവുകളും, എന്നും ഊണു സമയത്ത് കൃത്യമായെത്തുന്ന കുഞ്ഞിപ്പൂച്ചയും. ഇതൊക്കെയാണവരുടെ ലോകം..എല്ലാത്തിനേയും ഉപേക്ഷിച്ച്..അവിടെ തണുപ്പത്ത്..മഞ്ഞു പെയ്യുന്നിടത്ത്..
തലേദിവസം ആല്‍ബങ്ങള്‍ അടുക്കിവെച്ചു കൊണ്ടിരുന്നപ്പോള്‍ പഴയ ഫോട്ടോകള്‍ അയാള്‍ ചാരുവിനെ വിളിച്ചു കാണിച്ചു. ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ കൈക്കുഞ്ഞായ മനുവിനേയും ചേര്‍ത്ത് പിടിച്ച് ചാരു വരാന്തയില്‍ നില്‍ക്കുന്നത്. മനുവിനെ പൊഡറിടുക, കണ്ണെഴുതുക, പൊട്ട് തൊടുവിക്കുക..അതായിരുന്നു ചാരുവിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. മനുവിനെ ഒരുക്കുക!. ഫോട്ടോകളിലൂടെ കണ്ണൊടിക്കുമ്പോഴാണ് കാലം വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുക. കവിളുകള്‍ താഴ്ന്നു തുടങ്ങിയതും, ചുമലുകള്‍ ഇടുങ്ങി പോയതും, തലമുടി നേര്‍ത്തു പോയതും. ”നമ്മള്‍ ശരിക്കും ഒരുപാട് വയസ്സായി അല്ലെ?” അവര്‍ അയാളൊടപ്പോള്‍ പറഞ്ഞു.
ചാരുവും സ്വപ്‌നലോകത്താണെന്നയാള്‍ തിരിച്ചറിഞ്ഞു.
”നീയെന്താ ഇങ്ങനെ സദാസമയം അവനെ ഓര്‍ത്തിരിക്കുന്നേ? അവന്‍ നമ്മളെ അങ്ങോട്ട് പോകാന്‍ വിളിച്ചതല്ലെ. നിന്റെ നിര്‍ബന്ധമല്ലായിരുന്നോ ഇവിടെ തന്നെ ഇരിക്കണമെന്ന്?” അയാള്‍ അവരെ ശുണ്ഠിപിടിപ്പിക്കണമെന്ന ഭാവത്തില്‍ പറഞ്ഞു.
താന്‍ ആലോചിക്കുന്നതെങ്ങനെ മനസ്സിലാക്കുന്നു എന്ന ഭാവത്തോടെ അവര്‍ ഒന്നു നോക്കി.
ഇപ്പോള്‍ മാത്രമല്ല, എപ്പോഴും അങ്ങനെയാണ്. അവര്‍ ചിന്തിക്കുന്നതും അയാള്‍ ചിന്തിക്കുന്നതും ഒന്നു തന്നെയായിരിക്കും. അതു അവര്‍ക്കിടയിലെ ഒരു അദൃശ്യവിനിമയ മാര്‍ഗമാണ്.
”ഈ വയ്യാത്ത അവസ്ഥയില്‍ ഇനി അതു വരെ..” അതു പറഞ്ഞവര്‍ ചോറ്റു പാത്രത്തിലേക്ക് മുഖം കുനിച്ചു. അയാള്‍ അവരുടെ വലതു കൈയ്യില്‍ സാവധാനം തലോടി കൊണ്ടിരുന്നു. എന്തു മൃദുവായിരുന്നു ഈ കൈകള്‍. ചുളിവുകള്‍ വീണിരിക്കുന്നു. അവളുടേതു മാത്രമല്ല, തന്റെ കൈകള്‍ക്കും. അയാള്‍ ചുവരുകളിലേക്ക് നോക്കി. മനുവിന്റെ വിവാഹസമയത്ത് പെയ്ന്റടിച്ചതാണ്. ഇപ്പോള്‍ നിറം മങ്ങി തുടങ്ങിയിരിക്കുന്നു. പക്ഷെ എല്ലാം വൃത്തിയായി തന്നെ ഇരിക്കുന്നു. അതിന്റെ പിന്നിലും ചാരുവിന്റെ ശ്രദ്ധ തന്നെ.
”നമുക്ക്..നമ്മുടെ വീടൊന്ന് പെയ്ന്റടിക്കണം. നാളെ തന്നെ ശിവനോട് വരാന്‍ പറയാം”
”അതൊക്കെ ഒരു മാസം മുന്‍പേ പറയണം.. ഇപ്പോ എല്ലാര്‍ക്കും തിരക്കല്ലെ?” ചാരു കഴിക്കുന്നതിനിടയില്‍ പറഞ്ഞു.
വീണ്ടും അവര്‍ക്കിടയില്‍ ഒരു നിശ്ശബ്ദതയുണ്ടായി. രണ്ടുപേരും അവരുടേതായ ആലോചനകളില്‍ മുഴുകിയിരുന്നു. അയാള്‍ ചുവരുകള്‍ക്കേതു നിറമാകും കൂടുതല്‍ യോജിക്കുക എന്ന ചിന്തയിലാണ്. ഇളം നിറമാകും നല്ലത്. എങ്കിലെപ്പോഴുമൊരു ഇളം പ്രകാശം മുറിയില്‍ തളം കെട്ടി കിടക്കും. ചാരുവിന്റെ ഇഷ്ടമനുസരിച്ചാണ് മുന്‍പ് ഇളം മഞ്ഞനിറം ചുവരുകള്‍ക്കടിച്ചത്. അവരുടെ ചിന്തകള്‍ മുഴുവനും മനുവിനെക്കുറിച്ചായിരുന്നു. ഇതേ മേശയ്ക്കരികിലിരുന്നായിരുന്നു അവന് ഭക്ഷണം കൊടുത്തിരുന്നത്. അന്നവനെ മേശയുടെ പുറത്താണിരുത്തുക. അവനു പപ്പടം വലിയ ഇഷ്ടമായിരുന്നു. അവന്റെ അച്ഛനെ പോലെ തന്നെ. അതു ചെറുതായി പൊടിച്ചിട്ട്, ചീരയിലകളും ചോറും കൊണ്ട് കുഞ്ഞു ഉരുളയുണ്ടാക്കും. അവന്‍ കഴിക്കുമ്പോള്‍ അവര്‍ ചെറിയ ചെറിയ ഉരുളകളുണ്ടാക്കി പാത്രത്തില്‍ വെയ്ക്കുന്ന തിരക്കിലായിരിക്കും. കൊടുത്ത ഉരുള കഴിച്ച് തീര്‍ന്നാല്‍ കുഞ്ഞു മനു വായും തുറന്ന് ‘ആ ആ’ എന്നും പറഞ്ഞ് ഉരുട്ടിവെച്ചിരിക്കുന്ന ഉരുള ചൂണ്ടിക്കാണിക്കും. മേശപ്പുറത്തിരുന്നു രസിച്ച് കഴിച്ച് കാലാട്ടിക്കൊണ്ടിരിക്കുന്ന ആ ചിത്രം ഇപ്പോഴുമവരുടെ മനസ്സില്‍ അതുപോലെയുണ്ട്.
”അമ്മ കണ്ടോ എന്റെ പൂച്ചക്കുട്ടി!” എന്നു പറഞ്ഞ് അവന്‍ തന്റെ കുഞ്ഞു മസിലുകള്‍ കാട്ടിക്കൊടുക്കും. എല്ലാം ഇന്നലത്തേതു പോലെ..അവനു ഉരുള കൊടുക്കുമ്പോള്‍ തന്റെ വിരല്‍ കടിച്ചതും, താന്‍ വേദനയെടുത്തത് പോലെ അഭിനയിച്ചതും, അതു കണ്ട് അവന്‍ ചിരിച്ചതും..ചിരിച്ചാല്‍ മണ്ടയില്‍ കയറും എന്നു പറഞ്ഞ് ശാസിച്ചതും..എല്ലാം..
”ദാ! ഞാന്‍ കഴിച്ചു കഴിഞ്ഞു!” ഒരു വിജയിയുടെ ആഹ്ലാദത്തിലയാള്‍ പറഞ്ഞു. ഇതു പോലുള്ള ചെറിയ മത്സരങ്ങളും ചെറിയ വിജയങ്ങളുമാണിപ്പോള്‍ അവരുടെ ജീവിതത്തിലെ ചെറിയ വിനോദങ്ങള്‍.
”ഇനി ഇവിടെയിരുന്ന് കൈയുണങ്ങണ്ടാ..ഞാനിപ്പൊ തന്നെ കൈ കഴുകി വന്നിട്ട് നിനക്ക് കൂട്ട് തരാം” അതു പറഞ്ഞയാളെഴുന്നേറ്റു.
വിരലുകള്‍ ചോറിന്റെ വറ്റുകള്‍ക്കിടയിലായിരുന്നെങ്കിലും അവരപ്പോഴും സ്വപ്‌നത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അവര്‍ സാവധാനം ചോറ് കഴിച്ചു തുടങ്ങി. മനുവിനിഷ്ടമുള്ള ചീരക്കറിയും ചേര്‍ത്ത്. പപ്പടം പൊടിച്ച് അതിന്റെ ചെറുതരികള്‍ ഉരുളയ്ക്കുള്ളില്‍ തിരുകി. ഇപ്പോള്‍ മനു ഇവിടെ ഉണ്ടായിരുന്നെകില്‍ പഴയതു പോലെ ഒരു ഉരുള അവന് വായില്‍ വെച്ചു കൊടുക്കാമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ചോദിച്ചു വാങ്ങി കഴിച്ചതാണവന്‍.
അവരപ്പോഴാ ശബ്ദം കേട്ടു.
‘അമ്മേ, ആ ആ.. ഞാനെത്ര നേരമായി വായും തുറന്നിരിക്കുന്നു..’ അവര്‍ തലയുയര്‍ത്തി നോക്കി.
മുന്നിലതാ മനു ഇരിക്കുന്നു!.
”നീ എപ്പോ വന്നു?” അവരുടെ കണ്ണുകളില്‍ ആശ്ചര്യവും സന്തോഷവും നിറഞ്ഞു.
”’അതൊക്കെ പറയാം. അമ്മ അതിങ്ങു എന്റെ വായില്‍ വെച്ചു തന്നെ!’ മനു ഉത്സാഹത്തിലാണ്.
”നീ പഴേ പോലെ അമ്മേടെ വിരലില്‍ കടിക്കരുത്!” അമ്മ ചിരിച്ചു കൊണ്ട് ആ ഉരുള മനുവിന്റെ വായില്‍ വെച്ചു കൊടുത്തു.
മനു കൈ നീട്ടി പാത്രമെടുത്തു.
”ഇനി അടുത്ത ഉരുള ഞാനമ്മയ്ക്ക് തരാം. ഇത്ര നാളും അമ്മ എനിക്ക് ഉരുട്ടി തന്നതല്ലെ?”
….
….
കൈ കഴുകി വന്ന ജനാര്‍ദ്ദനന്‍ തന്റെ ചാരു, നിറം മങ്ങിയ ചുവരില്‍ തല ചായ്ച്ചിരിക്കുന്നത് കണ്ടു. ചുളിവു വീണ അവരുടെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരിയുണ്ടായിരുന്നു. അയാള്‍ പാത്രത്തിലേക്ക് നോക്കി. ഒരു കുഞ്ഞുരുള. ചീരയിയലകളും, പപ്പടത്തുണ്ടുകളും നിറച്ച ഒരു കുഞ്ഞുരുള.
”ചാരു ചാരൂ..”അയാള്‍ ഉറക്കെ വിളിച്ചു. അവരുടെ മുഖത്തപ്പോഴും ഒരു നിര്‍വൃതി നിറഞ്ഞിരുന്നു. അകത്തെ മുറിയില്‍ നിന്നും ഫോണ്‍ ശബ്ദിച്ചു തുടങ്ങി. എന്നാലയാളുടെ നിലവിളിയില്‍ ആ ഫോണ്‍ശബ്ദം മുങ്ങി പോയി.