Tuesday
19 Sep 2017

കഥകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

By: Web Desk | Sunday 13 August 2017 3:41 PM IST

 

കൊല്ലം: സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന കഥാപ്രസംഗ ഉത്സവം കഥകളതിസാദരം2017 ഇന്ന് സമാപിക്കും.
പകല്‍ മൂന്നിന് കഥാപ്രസംഗ മേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ സംഗമം നടക്കും. കാഥികരും അവര്‍ക്കൊപ്പം അവതരണത്തില്‍ പങ്കാളികളായ കലാകാരന്‍മാരും പങ്കെടുക്കും. ഡോ. ദീപ്തി പ്രേമിന്റെ നേതൃത്വത്തില്‍ ദേവരാജന്‍ ഫൗണ്ടേഷനിലെ കലാകാരന്‍മാര്‍ വി. സാംബശിവന്റെ കഥാപ്രസംഗങ്ങളിലെ തെരഞ്ഞെടുത്ത കവിതകള്‍ കോര്‍ത്തിണക്കിയ ഗാനമാലിക അവതരിപ്പിക്കും.
വൈകുന്നേരം 5.30ന് സമാപന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചിറക്കര സലീംകുമാര്‍ ‘നമുക്ക് ജാതിയില്ല’ എന്ന കഥയും പാലാ നന്ദകുമാര്‍ ‘മഹാകവി കാളിദാസന്‍’ എന്ന കഥയും അവതരിപ്പിക്കും.
കഥാപ്രസംഗ കല അവതരണവും ആസ്വാദനവും എന്ന വിഷയത്തില്‍ ഇന്നലെ ശില്‍പ്പശാല നടന്നു. അവതരത്തിലെ വിവിധ ശൈലികളെക്കുറിച്ച് ഡോ. വസന്തകുമാര്‍ സാംബശിവനും കഥാപ്രസംഗത്തില്‍ കവിതകളുടെ പ്രാധാന്യത്തെക്കുറിച്ച് കടയ്‌ക്കോട് വിശ്വംഭരനും കഥാപ്രസംഗത്തിലെ സംഗീതം, നാടന്‍പാട്ട്, ലളിത സംഗീതം എന്നിവയെക്കുറിച്ച് പ്രഫ. വി. ഹര്‍ഷകുമാറും ക്ലാസെടുത്തു.
കഥാപ്രസംഗവേദിയില്‍ 57 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കാഥികന്‍ വി.ഹര്‍ഷകമാറിന് കഥാപ്രസംഗ കലോത്സവത്തില്‍ ആദരം. ഉദ്ഘാടനവേദിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആദ്ദേഹത്തെ പൊന്നാടയണിയിച്ചു. മേയര്‍ വി രാജേന്ദ്രബാബു, മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related News