Tuesday
11 Dec 2018

കടുവയ്ക്ക് ചിലങ്ക കെട്ടി

By: Web Desk | Sunday 2 September 2018 6:57 AM IST

സന്തോഷ് പ്രിയന്‍

വലിയ അഹങ്കാരിയായിരുന്നു ജിങ്കന്‍ കടുവ. മൃഗങ്ങളെ പിടിച്ചു കൊന്നുതിന്ന് വയറു നിറഞ്ഞാലും അവന്‍ വെറുതേ ഇരിക്കുമെന്ന് കരുതേണ്ട. പിന്നെ കാട്ടിലെ പാവപ്പെട്ട മൃഗങ്ങളെ ഉപദ്രവിക്കലാണ് അവന്റെ വിനോദം.
ജിങ്കന്റെ ശല്യം വര്‍ധിച്ചുവന്നപ്പോള്‍ ചെറുമൃഗങ്ങളുടെ കാര്യം കഷ്ടത്തിലായി. ജിങ്കനെ പേടിച്ച് ആരും പുറത്തിറങ്ങാതെയായി.
ഒരുദിവസം ഗ്രാമത്തിനടുത്തുള്ള നാണിയമ്മുമ്മ കാട്ടില്‍ വിറക് പെറുക്കാന്‍ വന്നു. വിറകു കെട്ട് തലയില്‍ എടുത്തുവയ്ക്കാന്‍ പറ്റാതായപ്പോള്‍ അമ്മുമ്മ അതുവഴി വന്ന കിട്ടന്‍ കരടിയോട് പറഞ്ഞു. ‘കരടിക്കുട്ടാ, കരടിക്കുട്ടാ, ഈ വിറക് എന്റെ തലയില്‍ വയ്ക്കാന്‍ സഹായിക്കാമോ?’
അതുകേട്ട് കിട്ടന്‍ കരടി പറഞ്ഞു. ‘അയ്യോ, അമ്മുമ്മേ ദുഷ്ടന്‍ ജിങ്കന്‍ കടുവയെ പേടിച്ച് ഞാന്‍ ഗുഹയിലേക്ക് ഓടിപ്പോകുന്ന വഴിയാ. വേറെ ആരോടെങ്കിലും പറയു.’ എന്നിട്ട് കരടി എങ്ങോട്ടോ ഓടിപ്പോയി. അപ്പോഴാണ് മാമലയിലെ മണിയന്‍ കുരങ്ങന്‍ അതുവഴി വന്നത്. മണിയനെ കണ്ടപ്പോള്‍ നാണിയമ്മുമ്മ പറഞ്ഞു.
‘മണിയന്‍ കുരങ്ങാ, മണിയന്‍ കുരങ്ങാ, ഈ വിറകു കെട്ട് എന്റെ തലയില്‍ വയ്ക്കാന്‍ സഹായിക്കാമോ?’
‘അയ്യോ, അമ്മുമ്മേ, ആ ജിങ്കന്‍ കടുവയെ പേടിച്ച് ഞാന്‍ ഓടിപ്പോകുന്ന വഴിയാ.’ മണിയന്‍ കുരങ്ങന്‍ അതു പറഞ്ഞിട്ട് എങ്ങോട്ടോ ഓടിപ്പോയി.
പാവം നാണിയമ്മുമ്മ വേറെ കുറേ മൃഗങ്ങളോട് പറഞ്ഞെങ്കിലും എല്ലാവരും ജിങ്കനെ പേടിച്ച് ഓടിപ്പോവുകയായിരുന്നു.
ഈ ജിങ്കനെ ഒരു പാഠം പഠിപ്പിക്കണമല്ലോ- അമ്മുമ്മ തീരുമാനിച്ചു. അപ്പോഴാണ് ജിങ്കന്‍ അവിടെയെത്തിയത്. അമ്മുമ്മ ജിങ്കനോടും വിറക് തലയില്‍ വച്ചുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. അപ്പോള്‍ ജിങ്കന്‍ പറഞ്ഞു.
‘ഹും, കിളവിത്തള്ളേ, നിന്നെ സഹായിക്കില്ലെന്ന് മാത്രമല്ല, ഞാന്‍ നിങ്ങളെ കൊല്ലാന്‍ പോവുകയാ.’
പക്ഷേ ബുദ്ധിമതിയായ അമ്മുമ്മ അതൊന്നും കേട്ട് പേടിച്ചില്ല. ജിങ്കന്‍ പിന്നെയും പറഞ്ഞു.
‘ഞാന്‍ കൊല്ലാതെ വെറുതെ വിട്ടാല്‍ എനിക്ക് എന്തു തരും?’ അപ്പോള്‍ അമ്മുമ്മ പറഞ്ഞു.
‘ഞാന്‍ നിനക്ക് ഇതുവരെ കാണാത്ത ഒരു സമ്മാനം തരാം.’
ജിങ്കന്‍ സമ്മതിച്ചു. ഉടനെ അമ്മുമ്മ മടിയില്‍ സൂക്ഷിച്ചിരുന്ന ചിലങ്ക എടുത്ത് ജിങ്കന് കൊടുത്തിട്ട് പറഞ്ഞു.
‘ഇതു നിനക്കുള്ള സമ്മാനമാ. എന്റെ കൊച്ചുമകള്‍ കുഞ്ഞിപ്പെണ്ണിന് വേണ്ടി ചന്തയില്‍ നിന്നും വാങ്ങിയതാ.’
അമ്മുമ്മ ഉടനെ ജിങ്കന്റെ കാലില്‍ ചിലങ്ക കെട്ടിക്കൊടുത്തു. അവന്‍ പതുക്കെ നടന്നപ്പോള്‍ ചില്‍ ചില്‍ എന്ന ശബ്ദം കേട്ടു. ജിങ്കന് സന്തോഷമായി. അവന്‍ ഉടന്‍ അമ്മുമ്മയുടെ തലയില്‍ വിറക് കെട്ട് വച്ചുകൊടുത്തു.
അമ്മുമ്മ വേഗം സ്ഥലം വിട്ടപ്പോള്‍ ജിങ്കന്‍ ഗമയില്‍ ചിലങ്കയുമായി നടന്നു. ചിലങ്കയുടെ ശബ്ദം കേട്ട് മൃഗങ്ങള്‍ നോക്കി. അതാ ജിങ്കന്‍ വരുന്നു ഓടിക്കോ. അന്നു മുതല്‍ കാട്ടില്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മൃഗങ്ങളെല്ലാം ജിങ്കന്‍ വരുന്നുവെന്ന് മനസിലാക്കി ഓടാന്‍ തുടങ്ങി. -അമ്മുമ്മയുടെ ബുദ്ധി കൊള്ളാം- എല്ലാവരും പറഞ്ഞു.
പക്ഷേ മണ്ടനായ ജിങ്കന് അത് പൊല്ലാപ്പായി. അവന് കൊന്ന് തിന്ന് വിശപ്പടക്കാന്‍ ഒരു മൃഗത്തേയും കിട്ടാതായി. പിന്നീട് അവന്‍ ആ കാട്ടില്‍ നിന്ന് എങ്ങോട്ടോ ഓടിപ്പോയി. അങ്ങനെ അവന്റെ ശല്യം തീര്‍ന്നതോടെ എല്ലാവരും സന്തോഷിച്ചു.