Sunday
23 Sep 2018

കാല ഇന്റര്‍നെറ്റില്‍

By: Web Desk | Thursday 7 June 2018 10:54 PM IST

കോഴിക്കോട്: റിലീസ് ചെയ്തതിന് പിന്നാലെ പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം കാല ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ വെബ് സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ചിത്രം ഇന്ത്യയില്‍ ഇന്നലെയാണ് റിലീസ് ചെയ്തതെങ്കിലും അതിന് മുമ്പ് സിംഗപ്പൂര്‍, ദുബായ് എന്നിവടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതേ സമയം എവിടെ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. സിംഗപ്പൂരില്‍ വെച്ച് ചിത്രം ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്തിയ പ്രവീണ്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ 300 കേന്ദ്രങ്ങളിലും തമിഴ്‌നാട്ടില്‍ 650 കേന്ദ്രങ്ങളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 150 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന കര്‍ണ്ണാടകത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്തിട്ടില്ല. കാവേരി പ്രശ്‌നത്തില്‍ രജനീകാന്ത് തമിഴ്‌നാട് അനുകൂല നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ണ്ണാടകയില്‍ റിലീസ് തടഞ്ഞത്. ഇതേ സമയം കേരളത്തില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നല്ല തിരക്ക് ഉണ്ടായിരുന്നെങ്കിലും നിപാ ഭീതി വിട്ടൊഴിയാത്ത കോഴിക്കോട്ടെ തിയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
രജനീകാന്തിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതേ സമയം പതിവ് രജനി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ചിത്രത്തില്‍ കുറവാണെന്നാണ് പൊതുവെ വിലയിരുത്തല്‍. സര്‍വ്വം തകര്‍ത്തെറിയുന്ന നായകനില്‍ നിന്ന് മാറി സാധാരണക്കാരനായ കഥാപാത്രമായാണ് ചിത്രത്തില്‍ രജനി. നായികമാര്‍ക്ക് ഉള്‍പ്പെടെ വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. അംബേദ്ക്കറുടെ നീലയും പ്രതിഷേധത്തിന്റെ കറുപ്പും വിപ്ലവത്തിന്റെ ചുവപ്പും ചേരുന്ന ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ മാസ് പടം പ്രതീക്ഷിക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്തില്ല. ഇതേ സമയം ഒരു രജനി ചിത്രമല്ല മറിച്ച ഒരു പാ രഞ്ജിത്ത് ചിത്രമാണ് കാലയെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ പ്രതികരിക്കുന്നു. ഇതേ സമയം തൂത്തുക്കുടി സംഭവത്തില്‍ ഉള്‍പ്പെടെ ജനവിരുദ്ധ നിലപാട് കൈക്കൊണ്ട രജനീകാന്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല കരികാലനും അദ്ദേഹത്തിന്റെ ജീവിതവുമെന്നും വിലയിരുത്തല്‍ ഉണ്ടാവുന്നുണ്ട്.