Thursday
18 Oct 2018

കാലമൊരു വിങ്ങലായ്

By: Web Desk | Sunday 13 May 2018 1:28 AM IST

ജയകുമാര്‍ മേലൂട്ടത്ത്

കൂട്ടായി വന്നൊരാ കുതിരതന്‍
കുളമ്പൊച്ച നിന്നുപോയ്
കൂട്ടവും തെറ്റിപ്പിരിഞ്ഞുപോയിന്നിതാ
ക്രൂരമാം ദംശത്തിലറ്റുപോയ്
ഉലയുമാകാറ്റില്‍ നിന്നു
യര്‍ന്നൊരാ നെടുവീര്‍പ്പില്‍
ഉടഞ്ഞതുയിരിന്‍ പിടച്ചിലും
ഉറവറ്റ സ്‌നേഹവും
അടഞ്ഞൊരാ കണ്ണില്‍
നിന്നുതിരാതെ പോയൊരാ
മൂകാശ്രുധാരയാം ചുടുരക്ത
ധൂളികള്‍, ഇതളറ്റ പൂവുകള്‍
ഉന്മാദ രൂപങ്ങളൂഴം പകുത്തൊരാ
പിഞ്ചുടല്‍ പോലുമൊരുത്സവമായതും
പലരായ് പാപം പകര്‍ന്നെടുത്തപ്പോഴും
പാതിയാം ജീവന്റെയോരം പിടച്ചതും
ഒരുവേളപോലുമൊന്നോര്‍ത്തില്ല
നീയെന്റെ മകളായിരുന്നെങ്കിലിന്നുഞാന്‍
ഒരു തുള്ളി നീരിനായിറ്റുവിതുമ്പുമാ
ചുണ്ടിലെ ചോര കടിച്ചെടുത്തീടുമോ
കാലമോ വെറുമൊരു നോക്കുകുത്തിക്കലം
കാഴ്ചകള്‍ മാറിപ്പതിഞ്ഞെന്നുവന്നാലും
പേരുകള്‍ മാത്രമേ മാറിടൂ, ഒരുവേള
സൗമ്യയായ്, വീണ്ടുമൊരു വിങ്ങലായ് ആസിഫ
നീതിതന്‍ ദേവതയന്ധയായ്, ബധിരയായ്
പിന്നെ മതാന്ധരോ വായേറ്റമോതുന്നു
രാഷ്ട്രീയ കോമരമാടിത്തിമിര്‍ക്കുമ്പോള്‍
വടികള്‍, വാളുകള്‍ നിണംപൂകിനില്‍ക്കുന്നു
ചാനലില്‍ ചര്‍ച്ചകള്‍ വാരിവിതറുന്ന
കോമാളി സേനകള്‍ പല്ലിടകുത്തുന്നു
ചാണക പച്ചകള്‍ വാരിയെറിഞ്ഞിട്ട്
ചാവാലിപ്പട്ടികള്‍ ചാരിത്ര്യമോതുന്നു
വേണ്ട, നിനക്കിനി ന്യായത്തിന്‍ സ്വാന്ത്വനം
പോവുക മാനുഷരില്ലാത്ത ലോകത്തില്‍
ഇല്ല, നിനക്കിനി നരകം മറ്റെങ്ങുമേ
നശിക്കട്ടെ സര്‍വ്വവും, ഈ പരമാണുപോലും ഹാ