Friday
14 Dec 2018

കമലഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം; അരവിന്ദ് കെജ്‌രിവാള്‍

By: Web Desk | Thursday 21 September 2017 10:42 PM IST

ചെന്നൈ:

 

നടന്‍ കമലഹാസനോട് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കെജ്‌രിവാള്‍ കമലിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കമല്‍, ആം ആദ്മിയുമായി കൈകോര്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കെജ്‌രിവാള്‍ ചെന്നൈയിലെത്തി കമലിനെ കണ്ടത്. 2015ല്‍ ഇരുവരും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യം അഴിമതിയും വര്‍ഗീയതയും നേരിടുമ്പോള്‍ ഒരേ ചിന്താഗതിയുള്ളവര്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ധൈര്യവും തന്റേടവുമുള്ള വ്യക്തിയാണ് കമലഹാസന്‍. അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ആരാധകനുമാണ് ഞാന്‍. വര്‍ഗീയ ശക്തികള്‍ രാജ്യത്ത് വേരുറപ്പിക്കുന്നത് ജനം തിരിച്ചറിയുന്നുണ്ട്. അത് നല്ല കാര്യമാണ്. ഇനിയും കൂടിക്കാഴ്ചകള്‍ നടത്തും കെജ്‌രിവാള്‍ പറഞ്ഞു.
തന്നെ കാണണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത് തനിക്ക് കിട്ടിയ ബഹുമതിയാണെന്ന് കമലഹാസന്‍ പറഞ്ഞു. അഴിമതിരഹിത ഇന്ത്യ എന്നതാണ് തന്റെ ലക്ഷ്യം. കെജ്‌രിവാളുമായി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പലതും പഠിക്കാനുള്ള ഒരവസരം കൂടിയായിരുന്നു ഈ കൂടിക്കാഴ്ച. രാഷ്ട്രീയപ്രവേശനത്തിന് കെജ്‌രിവാളിന്റെ ഉപദേശം തേടുമെന്നും കമല്‍ പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിലെത്തിയ കെജ്‌രിവാളിനെ, കമലഹാസന്റെ ഇളയ മകളും നടിയുമായ അക്ഷരാ ഹാസനാണ് സ്വീകരിച്ചത്. മൂന്ന് എഎപി നേതാക്കളും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. കമലും കെജ്‌രിവാളും ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു.

 

Related News