Tuesday
19 Sep 2017

കാമ്പിശ്ശേരി കരുണാകരൻ ഗ്രന്ഥശാല നാടിന്‌ സമർപ്പിച്ചു

By: Web Desk | Thursday 27 July 2017 4:45 AM IST

സ്വന്തം ലേഖകൻ
കൊല്ലം: കടപ്പാക്കട ‘ജനയുഗം’ മന്ദിരത്തിൽ സജ്ജമാക്കിയ കാമ്പിശ്ശേരി കരുണാകരൻ ഗ്രന്ഥശാല പ്രൗഢഗംഭീരമായ സദസിന്റെ സാന്നിദ്ധ്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാടിന്‌ സമർപ്പിച്ചു. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ കാമ്പിശ്ശേരി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജനയുഗത്തെ വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി വളർത്തിയെടുക്കാൻ എല്ലാവരുടേയും സഹകരണം കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. മാധ്യമങ്ങളെ മൂലധനശക്തികൾ നിയന്ത്രിക്കുകയും മറ്റൊരു ഉൽപ്പന്നമായി മാറ്റുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മുതലാളിത്ത സങ്കൽപ്പത്തോട്‌ ചെറുത്തുനിൽക്കുകയും ജനപക്ഷത്ത്‌ ഉറച്ചുനിൽക്കുകയും ചെയ്യുന്ന പത്രസ്ഥാപനമാണ്‌ ജനയുഗമെന്ന്‌ കാനം രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ പുതിയ ദിശ പകർന്നത്‌ കാമ്പിശ്ശേരി കരുണാകരനാണ്‌. സാംസ്കാരിക മേഖലയിൽ മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലെയും പ്രധാന സാന്നിദ്ധ്യമായിരുന്നു കാമ്പിശ്ശേരി കരുണാകരൻ. പ്രമുഖരായ സാഹിത്യകാരന്മാരെല്ലാം എഴുതി തുടങ്ങിയതും എഴുതി തെളിഞ്ഞതും ജനയുഗത്തിലൂടെയായിരുന്നു. പത്രപ്രവർത്തന ചരിത്രത്തിൽ നിരവധി പുതുമകൾ ജനയുഗത്തിന്‌ അവകാശപ്പെടാനാവും. വരും വർഷം ജനയുഗത്തിന്റെ പുതിയ എഡിഷൻ തൃശൂരിൽ തുടങ്ങും. ജനയുഗം വാരിക പുനഃപ്രസിദ്ധീകരിക്കണമെന്ന വലിയ ആഗ്രഹം ഉടൻ പ്രാവർത്തികമാക്കുമെന്നും കാനം രാജേന്ദ്രൻ അറിയിച്ചു.
കാമ്പിശ്ശേരി കരുണാകരൻ മലയാളത്തിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ച പത്രാധിപരായിരുന്നുവെന്ന്‌ പെരുമ്പടവം ശ്രീധരൻ അനുസ്മരിച്ചു. താൻ ഉൾപ്പെടെയുള്ള ഒട്ടേറെ എഴുത്തുകാരെ സാംസ്കാരിക പ്രവർത്തന രംഗത്തും എഴുത്തിന്റെ മേഖലയിലേയ്ക്കും കൈപിടിച്ചുയർത്തിയത്‌ കാമ്പിശ്ശേരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടകസമിതി ചെയർമാൻ അഡ്വ. ആർ വിജയകുമാർ അധ്യക്ഷനായിരുന്നു. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ്പ്രകാശ്‌ സ്വാഗതം പറഞ്ഞു. ആദ്യപുസ്തക വിതരണം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ അനിരുദ്ധൻ ജില്ലാ അസി. സെക്രട്ടറി ആർ രാജേന്ദ്രന്‌ നൽകി നിർവഹിച്ചു. ജനയുഗം എംഡി എൻ രാജൻ, റസിഡന്റ്‌ എഡിറ്റർ പിഎസ്‌ സുരേഷ്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജഗദമ്മ ടീച്ചർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്‌, അഡ്വ. ജി ലാലു, അഡ്വ. ജി സത്യബാബു, ജനയുഗം പ്രസ്‌ മാനേജർ എസ്‌ മോഹനചന്ദ്രൻ, കൗൺസിലർമാരായ ഹണി ബഞ്ചമിൻ, എൻ മോഹനൻ, ചിന്ത സജിത്ത്‌, കാമ്പിശ്ശേരിയുടെ മകൻ റാഫി കാമ്പിശ്ശേരി, ജനയുഗം കൊല്ലം യൂണിറ്റ്‌ മാനേജർ എ സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനയുഗത്തിലേയ്ക്ക്‌ റോട്ടറി ക്ലബ്‌ നൽകിയ ഗ്രോബാഗുകളും പച്ചക്കറി തൈകളും റോട്ടറി പ്രതിനിധി കെആർ രവിമോഹൻ യൂണിറ്റ്‌ മാനേജർ സതീശന്‌ കൈമാറി. ചടങ്ങിന്‌ മുന്നോടിയായി ഇപ്റ്റ ഗായകസംഘം വിപ്ലവഗാനങ്ങൾ ആലപിച്ചു.