Friday
14 Dec 2018

നന്മകളില്‍ നിന്ന് കേരള സമൂഹം പിന്തിരിഞ്ഞു നടക്കുന്നു: കാനം

By: Web Desk | Friday 2 February 2018 8:36 PM IST

കൊച്ചി:  നവോത്ഥാന പ്രസ്ഥാനങ്ങള്‍ പകര്‍ന്നു നല്‍കിയ നന്മകളില്‍ നിന്ന് കേരള സമൂഹം പിന്തിരിഞ്ഞു നടക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഉണ്ടായ സംഭവങ്ങളും അപകടത്തില്‍പ്പെടുന്നവരെ തിരിഞ്ഞുനോക്കാതെ പോകുന്നതും ഇതാണ് വെളിവാക്കുന്നത്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ എം കെ അയ്യപ്പന്‍മാസ്റ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളിയുടെ മനസ്സിന് എന്തുസംഭവിച്ചുവെന്ന് പരിശോധിക്കുമ്പോള്‍ അത് സാമൂഹിക വ്യവസ്ഥയുടെ പ്രശ്‌നമാണെന്ന് തിരിച്ചറിയാന്‍ കഴിയും. ആഗോളീകരണം പിടിമുറുക്കുമ്പോള്‍ അത് സമ്പദ് വ്യവസ്ഥയെ മാത്രമല്ല, സമൂഹമനസ്സിനെയും സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണ് കേരള മനസ്സിലുണ്ടായ മാറ്റങ്ങള്‍. പണമുണ്ടാക്കണമെന്ന ചിന്ത മാത്രം മനസ്സില്‍ ഉണ്ടാവുമ്പോള്‍ ആര്‍ദ്രത മനസ്സില്‍ നിന്ന് അകന്നുപോകുന്നു. സമൂഹത്തിന്റെ ലക്ഷ്യം ലാഭമാകുമ്പോള്‍ നന്മ പതുക്കെ പിന്‍വാങ്ങുന്നു. ആഗോളീകരണത്തിനെതിരായി പോരാടുന്ന ഇടതുപക്ഷ ശക്തികള്‍ സാമൂഹ്യ നന്മകള്‍ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കണം. ഇടതുപക്ഷമാണ് ശരിയായ പക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം- കാനം പറഞ്ഞു.
ആഗോളീകരണ കാലത്ത് ഇടതുപക്ഷ പാര്‍ട്ടികളില്‍പോലും മാറ്റങ്ങള്‍ സംഭവിക്കുന്നു. വര്‍ണപ്രപഞ്ചത്തില്‍ മനം മയങ്ങി എന്തുകൊണ്ട് തങ്ങള്‍ക്കും ഇതൊക്കെ ആസ്വദിച്ചുകൂടായെന്ന ചോദ്യം ഉയരുന്നുണ്ട്. ആ വഴി തെറ്റാണെന്നും അതുവഴി പൊയ്ക്കൂടായെന്നും ചൂണ്ടിക്കാട്ടാനും തിരുത്താനുമുള്ള ബാധ്യത ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. ഇടതുപക്ഷത്തിന്റെ നിലപാടില്‍ സന്ധിചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവിടെ നാം തെറ്റായിരുന്നുവെന്ന ബോധം സമൂഹമനസ്സില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം അതാണ് പഠിപ്പിക്കുന്നത്.  നിലപാടില്‍ ഊന്നി നിന്നുകൊണ്ട് ബദല്‍ ഉയര്‍ത്തികൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഇടതുപാര്‍ട്ടികള്‍ നടത്തുന്നത്. ജനപക്ഷ നിലപാടുകളായിരിക്കണം ഇടതുപക്ഷ പാര്‍ട്ടികളുടേതെന്നും കാനം പറഞ്ഞു.
Related News