Friday
14 Dec 2018

വിശാലമായ മതേതര ഇടതുപക്ഷ ജനാധിപത്യ വേദി ശക്തിപ്പെടുത്തലാണ് ലക്ഷ്യം: കാനം

By: Web Desk | Sunday 4 March 2018 5:30 PM IST

മലപ്പുറം: ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിശാലമായ മതേതര ഇടതുപക്ഷ ജനാധിപത്യ വേദി ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സമ്മേളനത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപുര തെരഞ്ഞെടുപ്പു ഫലം ഇതിന്‍റെ ആവശ്യകത തെളിയിക്കുന്നു. കഴിഞ്ഞ സമ്മേളന കാലയളവില്‍ താന്‍ കൈക്കൊണ്ടിട്ടുള്ള നിലപാടുകളൊന്നും വ്യക്തിപരമായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കൈക്കൊണ്ടിട്ടുള്ള അഭിപ്രായങ്ങള്‍ വെളിപ്പെടുത്താന്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ നിമിത്തമായെന്നു മാത്രം. സര്‍ക്കാരില്‍ പുന:സംഘടന വേണമെന്ന തരത്തില്‍ യാതൊരു ചര്‍ച്ചയും സമ്മേളനത്തില്‍ നടന്നിട്ടില്ല എന്നാല്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് വിമര്‍ശനം ഉണ്ടാവുക സ്വാഭാവികമാണ്. അതൊക്കെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാവും, എല്‍ഡിഎഫില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.

മുന്നണിയുടെ പ്രകടനപത്രികയാണ് യോജിപ്പിന്റെ മേഖല. അതിനെതിരെ ഇതുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടികള്‍ക്ക് പല വിഷയത്തിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകാം. നിലവില്‍ കെഎം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കണം എന്ന അജണ്ട എല്‍ഡി എഫിന്‍റെ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പല തരത്തിലുള്ള വാര്‍ത്തകളാണ് വന്നത്. അതൊക്കെ അവാസ്തവങ്ങളാണെന്ന് സമ്മേളനം തെളിയിച്ചു. സംസ്ഥാന കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും ഏകകണ്ഠമായിട്ടാണ് തെരത്തെടുപ്പ് നടന്നത്. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും ഏകകണ്ഠമായാണ് അംഗീകരിച്ചത്.

പാര്‍ട്ടി ഭരണഘടന പ്രകാരം 20 ശതമാനം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. എന്നാല്‍ മൊത്തം ലിസ്റ്റ് പരിശോധിച്ചാല്‍ 30 ശതമാനത്തോളം പുതുമുഖങ്ങളുണ്ടെന്നും കാനം പറഞ്ഞു. 96 അംഗ കൗണ്‍സിലും 10 കാന്‍ഡിഡേറ്റ് മെമ്പര്‍മാരും 9 കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളുമടങ്ങുന്ന കമ്മറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തതെന്നും കാനം പറഞ്ഞു.

Related News