Saturday
16 Dec 2017

ഭൂമി കയ്യേറ്റക്കാരുമായി ഒത്തുതീര്‍പ്പിനില്ല: കാനം

By: Web Desk | Thursday 7 December 2017 10:48 PM IST

ഇടുക്കി: കയ്യേറ്റക്കാരുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന നിലപാടല്ല മറിച്ച് കുടിയേറ്റ കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് എല്‍ ഡി എഫിന്റേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ സിപിഐ കക്ഷി ചേരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് സംസ്ഥാന എക്‌സിക്യുട്ടീവംഗം പി പ്രസാദ് കേസില്‍ കക്ഷി ചേര്‍ന്നത്. മുമ്പും ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സിപിഐ കക്ഷി ചേര്‍ന്നിട്ടുള്ളതാണെന്നും മൂന്നാര്‍ വിഷയത്തില്‍ മാത്രം അത് വിവാദമാക്കാന്‍ ശ്രമിക്കുന്നത് കയ്യേറ്റമാഫിയയെ സഹായിക്കാനാണെന്നും കാനം പറഞ്ഞു.
എല്‍ ഡി എഫ് വിട്ട് പോയ കക്ഷികളെല്ലാം തിരിച്ചുവരണമെന്നാണ് സിപിഐയുടെ നിലപാട്. വിട്ട് പോയവര്‍ തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്യും. പുതിയ കക്ഷികളെ എല്‍ ഡി എഫില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ബാര്‍ അഴിമതിയും സോളാര്‍ കേസും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ ഡി എഫ് അധികാരത്തിലെത്തിയത്. രണ്ട് കേസിലും ആരോപണ വിധേയരായിട്ടുള്ള കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ എടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഇതുവരെ അജണ്ടയിലില്ല. കേവല ഭൂരിപക്ഷമുള്ള എല്‍ ഡി എഫിന് മാണിയെ പനിനീരുതളിച്ച് സ്വീകരിക്കേണ്ട കാര്യമില്ലെന്നും കാനം വ്യക്തമാക്കി.
മൂന്നാര്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്താന്‍ ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും കയ്യേറ്റമാഫിയക്ക് ഓശാന പാടുന്നവരാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം പി പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാര്‍ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കയ്യേറ്റവും അനധികൃത നിര്‍മ്മാണവും ഒഴിപ്പിച്ചില്ലെങ്കില്‍ മൂന്നാറിലെ ജനങ്ങളെയും പുറത്തുള്ളവരെയും അത് ഒരുപോലെ ബാധിക്കും. റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുന്നതല്ല മൂന്നാറിന് വേണ്ട വികസനം. ദുരന്ത സാധ്യതാ പ്രദേശമാണ് മൂന്നാറെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ തെളിഞ്ഞതാണ്. തോട്ടം തൊഴിലാളികളെയും കര്‍ഷകരെയും സംരക്ഷിച്ചുകൊണ്ടുള്ള നടപടികളാണ് മൂന്നാറിനെ രക്ഷിക്കാന്‍ വേണ്ടത്. ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന കര്‍ഷകരെ മറയാക്കി ഭൂമാഫിയക്ക് വേണ്ടി ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ ബാലിശമാണെന്നും മൂന്നാര്‍ വിഷയത്തില്‍ തണ്ടപ്പേരും സര്‍വ്വേ നമ്പരും പരിശോധിച്ച് സംസാരിക്കേണ്ട കാര്യമില്ലെന്നും പ്രസാദ് പറഞ്ഞു.