Wednesday
17 Oct 2018

കാണാതായ പേര്

By: Web Desk | Sunday 7 October 2018 5:58 PM IST

ഷീജ അരീക്കല്‍

പ്രളയത്തിനും മുന്‍പേ
കാണാതായതാണ്…

പ്രളയശേഷമായിരുന്നുവെങ്കില്‍
വെള്ളപ്പൊക്കത്തിലൊലിച്ചു പോയെന്നോ
ദുരിതാശ്വാസ ക്യാമ്പുകളില്‍
എത്തിപ്പെട്ടെന്നോ
കരുതി
സമാധാനിക്കാമായിരുന്നു.

ഞാന്‍ കുറേ തിരഞ്ഞു…

എന്നും നടക്കാനിറങ്ങുന്ന
ആ പഴയ പാര്‍ക്കിലെ
പുല്ലുകള്‍ക്കിടയില്‍,
സിമന്റു ബഞ്ചുകള്‍ക്കടിയില്‍,

അലമാരയില്‍,
കട്ടിലിനു ചുവട്ടില്‍,

എലികള്‍, കൂറകള്‍, പാറ്റകള്‍, പല്ലികള്‍,
എട്ടുകാലികള്‍
എന്നിവരുടെ ഫാഷന്‍ ഷോ
അരങ്ങേറുന്ന തട്ടിന്‍പുറത്ത്,

ആര്‍ത്തവത്തുണികള്‍
മടക്കി വെക്കുന്ന
കയ്യ് പൊട്ടിപ്പോയ തോള്‍സഞ്ചിയില്‍,

അടുക്കളയിലെ കരിപിടിച്ച
പാത്രങ്ങള്‍ക്കുള്ളില്‍,

ചില്ലറപ്പൈസയിട്ടു വെക്കുന്ന വക്കു പൊട്ടിയ
കുപ്പിഭരണിയില്‍,

എന്നു വേണ്ട…
ചവറ്റുകുട്ടയില്‍ വരെ..!

….എങ്കിലും ഇത്രയും നാള്‍
എന്റെ കൂട്ടായി നടന്നിട്ടും
ഒരു വാക്കു പോലും മിണ്ടാതെ……

ഇനി
അമ്മ, വല്ല്യമ്മ, ഇളയമ്മ,
ചേച്ചി, ആന്റി, ഭാഭി,
എന്നീ വിളികളിലേക്ക്
പരിവര്‍ത്തനം
ചെയ്യപ്പെട്ടു പോയോ
എന്റെ പേര്…?