Tuesday
16 Oct 2018

കാണുമ്പോഴെല്ലാം കെട്ടിപ്പിടുത്തം; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി കങ്കണ

By: Web Desk | Sunday 7 October 2018 9:48 PM IST

ന്യൂഡല്‍ഹി: സംവിധായകന്‍ വികാസ് ബാലിനെതിരെ മീടൂ വെളിപ്പെടുത്തലുമായി കങ്കണ റണൗത്. 2014 ല്‍ ചിത്രീകരണം നടന്ന ക്വീന്‍ സിനിമയുടെ സെറ്റില്‍ വച്ച് സിനിമയുടെ ഡയറക്ടര്‍ തന്നെ ലൈഗീകമായി സമീപിച്ചു എന്നാണ് നടിയുടെ ആരോപണം.
ബാലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് പ്രൊഡക്ഷന്‍ കമ്പനിയിലെ ജീവനക്കാരിയായ യുവതിയെത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണയും രംഗത്തെത്തിയത്. ക്വീനിലെ നായികയായിരുന്നു കങ്കണ. പരാതി ഉന്നയിച്ച സ്ത്രീയെ പിന്തുണയ്ക്കുന്നതായും ഈ ആരോപണം താന്‍ വിശ്വസിക്കുന്നതായും താരം പറഞ്ഞു.
എപ്പോഴും തന്നോട് അടുത്തിടപഴകാന്‍ അയാള്‍ ശ്രമിക്കാറുണ്ട്. നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം തന്നെ കളിയാക്കിയിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. എപ്പോള്‍ കണ്ടാലും ആലിംഗനം ചെയ്താണ് അഭിവാദ്യം ചെയ്യുക. നിന്റെ ഗന്ധം എനിക്ക് ഇഷ്ടമാണെന്ന് പറയും. കങ്കണ വെളിപ്പെടുത്തി.

അനുരാഗ് കശ്യപ്, വിക്രമാധിത്യ മോദ്വാനി, മധു മന്റേന, വികാസ് ബാല്‍ എന്നിവര്‍ സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് ബാലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2015 മെയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് ബാല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇതിനോട് പിന്തുണച്ച് അനുഭവം തുറന്ന് പറഞ്ഞതോടെ സിനിമയില്‍ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന പല കഥാപാത്രങ്ങളും നഷ്ടപ്പെട്ടു എന്നും സിനിമാ മേഖലയിലെ ചില ബന്ധങ്ങള്‍ എങ്കിലും കുറഞ്ഞു എന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറയുന്നു.

കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കി. പീഡനം തുടര്‍ന്നതോടെ 2017ലാണ് യുവതി കമ്പനി വിട്ടത്. സംഭവം നടന്നതാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിവ് ലഭിച്ചിരുന്നതായും കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഫാന്റം ഫിലിംസ് പിരിച്ചു വിട്ടതായി പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു.

Related News