Thursday
20 Sep 2018

കനിവൂറുന്ന നാട്ടു നന്മയുടെ വെളിച്ചം

By: Web Desk | Sunday 9 September 2018 9:32 AM IST

പുസ്തക പരിചയം

ജയന്‍ നീലേശ്വരം

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്‌കാരത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പി കെ ഗോപിയുടെ ഓര്‍മ്മകളുടെ സമാഹാരമാണ് ഓലച്ചൂട്ടിന്റെ വെളിച്ചം. എല്ലാത്തരത്തിലുമുള്ള സര്‍ഗാത്മകതയ്ക്കും ആധാരം കുട്ടിക്കാലത്തെ അനുഭവങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലും ഈ പുസ്തകം തരുന്നു. ഗ്രാമങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന ഓലച്ചൂട്ട് അടക്കമുള്ള കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങള്‍ മനുഷ്യബന്ധങ്ങളെ ഏതു വിധത്തിലാണ് സുദൃഢമാക്കിയതെന്ന് ഈ കൃതി വായനക്കാരനോട് പറയുന്നു. കുട്ടികളെ ഉദ്ദേശിച്ച് എഴുതിയതാണെന്നങ്കിലും മുതിര്‍ന്നവര്‍ക്കും ഒട്ടേറെ ആലോചനകള്‍ക്ക് വഴി തുറക്കുന്നു ഈ കൃതി.
കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് സാമൂഹ്യഘടന ശിഥിലമായപ്പോള്‍ കുട്ടികള്‍ക്ക് അവര്‍ക്ക് വളരാനാവശ്യമായ ഗൃഹാന്തരീക്ഷം നഷ്ടമായി. ദൃശ്യമാധ്യമങ്ങളുടെയും മൊബൈലിന്റെയും അതിപ്രസരം പരിസരങ്ങളില്‍ നിന്നും അറിവിലൂടെയും അനുഭവത്തിലൂടെയും വ്യക്തിത്വമാര്‍ജിക്കാനുള്ള അവസരങ്ങളെ നഷ്ടമാക്കി. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ജീവിതപ്പന്തയങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് നേരിട്ട് അറിയാനാവാതായി. സാമൂഹ്യമായ
ശിഥിലീകരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന വര്‍ത്തമാന സമൂഹത്തില്‍ സാംസ്‌കാരികമായ പ്രതിരോധത്തിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ആവശ്യമായി വന്നിരിക്കുന്നു. ഈ പുസ്തകം അത്തരത്തിലുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനമാണ്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഗ്രാമീണ സംസ്‌കാരത്തിന്റെ കേന്ദ്രം. നഗര സംസ്‌കാരം ഈയര്‍ഥത്തില്‍ ഗ്രാമീണ സംസ്‌കാരത്തിന് വിപരീതമാണ്. ഓലച്ചൂട്ട് മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഗ്രാമീണ പ്രതീകമാണ്. അപരന് വെളിച്ചം കാട്ടിക്കൊടുക്കുന്ന, അപരനെ വെളിച്ചമായി കരുതുന്ന നനവൂറുന്ന സംസ്‌കാരത്തിന്റെ പ്രതീകമാണത്. ഓലച്ചൂട്ടിന്റെ ഓര്‍മ്മ സമ്പത്ത് ധാരാളമായപ്പോള്‍ ഹൃദയം ചുരുങ്ങിപ്പോയ ഇന്നത്തെ മനുഷ്യന്റെ ഉള്ളില്‍ വെളിച്ചം മിന്നിക്കുന്നു.
ഇന്നലെകളിലെ സ്‌കൂളിലേക്കുള്ള വഴി മറ്റൊരു സ്‌കൂള്‍ തന്നെയാണ്. നാട്ടുവഴികളിലൂടെ കൂട്ടുകാരുമൊത്ത് ദീര്‍ഘദൂരം നടന്ന് സ്‌കൂളിലെത്തുമ്പോള്‍ അവര്‍ പ്രകൃതിയെയും സമൂഹത്തെയും സ്വന്തം ജീവിതത്തിന്റെ കൂടെ നടത്താനാണ് പഠിക്കുന്നത്. ഇന്ന് നാട്ടുവഴികള്‍ വീതിയേറിയ ടാറിട്ട റോഡായി മാറി. നാട്ടുവഴിയുടെ വലിയ അനുഭവം കൊടുക്കുന്ന സ്‌കൂള്‍ അങ്ങനെ പൂട്ടിപ്പോയി. ആര്‍ത്തുല്ലസിച്ച് കൂട്ടമായി കാട്ടുചോലയെപ്പോലെ സ്‌കൂളിലേക്ക് പോയ ഓര്‍മ്മ വലിയ സ്‌കൂളോര്‍മ്മ തന്നെ.
നല്ല വാക്ക് ഓലച്ചൂട്ട് പോലെയാണ്. നമുക്ക് വഴി കാണിക്കും. ചീത്ത വാക്ക് വെളിച്ചം കുത്തിക്കെടുത്തും. വെളിച്ചമുള്ള വാക്കുകള്‍ തന്നെയാണ് ജീവിതത്തിന്റെ വെളിച്ചം. ഭാഷാ പഠനം സംസ്‌കാരത്തിലേക്ക് വഴി കാണിച്ചു തരുന്നു. മാതൃഭാഷ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് ആട്ടിയകറ്റപ്പെടുന്ന വര്‍ത്തമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വാക്കിനെക്കുറിച്ചുള്ള വീണ്ടുവിചാരമാണ് ഈ പുസ്തകം.
കൊട്ടാര സമാനമായ വീട്ടിനകത്ത് ടി വി യും കമ്പ്യൂട്ടറും മൊബൈലും നല്‍കുന്ന ദൃശ്യങ്ങളുടെ മതില്‍ക്കെട്ടിനകത്താണ് നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത്. ഫാന്റസി പാര്‍ക്കുകളിലേക്കുള്ള യാത്രകള്‍ മാത്രമായി കുട്ടികളുടെ യാത്രകള്‍ ചുരുങ്ങി. ബന്ധങ്ങള്‍ നേര്‍ത്തു നേര്‍ത്തു വന്നപ്പോള്‍ ബന്ധുവീടുകളിലേക്കുള്ള പോക്കു വരവുകള്‍ നിന്നു പോയി. ജീവിതത്തിന്റെ ജൈവ വൈവിധ്യം പഴങ്കഥയായി. ബന്ധുവീടുകളിലേക്കുള്ള അവധിക്കാലത്തെ യാത്രാനുഭവം ഈ പുസ്തകം തരുന്ന വിലയേറിയ അനുഭവങ്ങളാണ്.
വീട്ടിലെ വളര്‍ത്തു ജീവികളും വീട്ടുകാരാണ്. ജീവികളോടുള്ള കരുണ കുട്ടികളുടെ സ്വഭാവത്തെ സഹായിക്കുന്നതാണ്. കൈസര്‍ എന്ന വളര്‍ത്തുനായ, പൂവാലിപ്പശു, മണിയന്‍ പോത്ത്, കുട്ടന്‍ നായ എന്നീ ജീവികള്‍ ഈ പുസ്തകത്തെ കുട്ടിത്തമുള്ള പുസ്തകമാക്കുന്നുണ്ട്.
അക്ഷരത്തിന്റെ ചൂട്ട് കത്തിച്ച് കാവ്യ വഴികളിലൂടെ നടന്നു മുന്നേറിയ ഒരു കവിയുടെ യാത്രാരേഖകള്‍ കൂടിയാണ് ഈ പുസ്തകം. പ്രഭാഷകനാവാന്‍ പി കെ ഗോപിയെ കുട്ടിക്കാലത്ത് പ്രചോദിപ്പിച്ച സംഭവങ്ങള്‍ സരസമായി ഇവിടെ പ്രതിപാദിക്കുന്നു.
കുട്ടികളുമായി സംവദിക്കാനുള്ള അപാരമായ ശേഷിയാണ് ഈ പുസ്തകത്തിന്റെ സവിശേഷത. വായന വെളിച്ചം നിറയ്ക്കുന്ന സവിശേഷമായ അനുഭവമായി മാറുന്നു.

കനിവൂറുന്ന നാട്ടു നന്മയുടെ വെളിച്ചം
പി കെ ഗോപി
ലിപി പബ്ലിക്കേഷന്‍സ് കോഴിക്കോട്
വില: 100 രൂ.