Monday
17 Dec 2018

കാഞ്ച ഐലയ്യയെ ആര്‍ക്കാണ് പേടി

By: Web Desk | Sunday 17 December 2017 6:25 PM IST

സി വി വിജയകുമാര്‍
‘വീണ്ടും വീണ്ടും തകര്‍ക്കപ്പെട്ട ബാബിലോണ്‍ വീണ്ടും വീണ്ടും പടുത്തുയര്‍ത്തിയതാര്?’ ഇത് ചരിത്രത്തോടുള്ള ബെത്രോള്‍ഡ് ബ്രഹ്റ്റിന്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യമായിരുന്നു. ഒരു വന്‍കടലിന്റെ മറുകരയോളം ദൈര്‍ഘ്യമുണ്ടായിരുന്നു ഈ ചോദ്യത്തിന്. വര്‍ത്തമാനകാലത്ത് ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്ന കടലിരമ്പമാണ് കാഞ്ചാ ഐലയ്യ. ഇത്, ഒരു രാഷ്ട്രമീമാംസകന്റെ കേവല സന്ദേഹമല്ല, വ്യവസ്ഥാപിത ചരിത്രത്തിന്റെ ജനിതക കാപട്യങ്ങളെ തോണ്ടിപ്പുറത്തിട്ട് കാണിക്കലാണ്. ചരിത്രം ഭൂതകാലത്തിന്റെ ഏടാണെങ്കില്‍ രാഷ്ട്രീയം വര്‍ത്തമാനകാലത്തിന്റെ ചരിത്രമാണ് എന്ന പരികല്‍പനയെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ഈ ചോദ്യത്തിന് അനേകം മാനങ്ങളുള്ള പ്രസക്തിയുണ്ടെന്ന് കാണാം. ലോകമെമ്പാടുമുള്ള മഹാഭൂരിപക്ഷം വരുന്ന ജനത നേരിടുന്ന ഏറ്റവും ക്രൂരമായ വിപര്യയം സ്വന്തം ചരിത്രത്തിന് നിര്‍ണായകത്വമില്ലാത്ത അധികാര വ്യവസ്ഥയുടെ ഇരയാകേണ്ടിവരുന്നതാണ്. ഈ ദുസ്ഥിതിയുടെ വെയിലില്‍ തിളച്ച മനുഷ്യര്‍ നേരിടുന്ന സ്വത്വസംഘര്‍ഷങ്ങളാണ് ഐലയ്യ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമസ്യ. അത് അടിച്ചമര്‍ത്തപ്പെടുകയും അകറ്റി നിര്‍ത്തപ്പെടുകയും അരിക്‌വല്‍കരിക്കുകയും ചെയ്യപ്പെട്ടവരുടെ ആത്മാവില്‍ നിന്നും ഉയര്‍ന്നുവരുന്ന കുതിരശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഭൂരിപക്ഷത്തിന്റെ സ്വയം നിര്‍ണയാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാതെ അധികാര വ്യവസ്ഥയുടെ വരേണ്യഛായ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ കഴിയില്ലെന്നാണിത് നല്‍കുന്ന മാറുന്ന രാഷ്ട്രീയ സൂചന. ഇത്തരം ശ്രമങ്ങളിലൂടെ രാഷ്ട്രീയസ്വത്ത്വം കണ്ടെത്താനും സ്വന്തം ചരിത്രത്തിന്റെ ഇടങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കാനുമുള്ള കൂട്ടംചേരലുകള്‍ ഇന്ന് ലോകത്തെവിടെയും പുതിയ രാഷ്ട്രീയ സംഘര്‍ഷങ്ങളായി മാറിയിട്ടുണ്ട്. വ്യാജ നിര്‍മിതികളിലൂടെ വ്യവസ്ഥാപിതമാക്കപ്പെട്ട ചരിത്രത്തെ ചോദ്യം ചെയ്യാനും തിരുത്തിയെഴുതാനുമുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുമുണ്ട്. ക്രിസ് ഹെര്‍മ (Chris Harman)  ന്റെ ‘ജനതയുടെ ലോകചരിത്രം’ (People’s History of the World) പോലുള്ളവതന്നെ ഉദാഹരണം. അതിന്റെ പ്രാരംഭം തന്നെ ‘Who built Thebes of the seven gates?/ In the book you will find the names of kings. / Did kings haulup the lumps of rock (ഏഴുവാതിലുകളുള്ള തീബ്‌സ് ആരു നിര്‍മിച്ചു?/പുസ്തകങ്ങള്‍ പറയുന്നു രാജാക്കന്മാര്‍!/ കല്‍ത്തറയില്‍ നിന്നും കല്ല് ചുമന്നത് രാജാക്കന്മാരോ?- വിവ: സച്ചിദാനന്ദന്‍) എന്ന് തുടങ്ങുന്ന ബെഹ്റ്റിന്റെ കവിതയിലെ ക്രോധത്തിന്റെ ജ്ഞാനാഗ്നി വമിക്കുന്ന ചോദ്യങ്ങളുമായിട്ടാണ്

. ഇത് ചരിത്രം സൃഷ്ടിച്ചവനെ ചരിത്രത്തില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള രാഷ്ട്രീയയത്‌നമാണെന്ന് മനസിലാക്കാം. ഇത്തരത്തില്‍ പ്രകോപിതമായ പോര്‍മുനകളുള്ള ചോദ്യങ്ങളും ചിന്തകളുമായി വെടിയുണ്ടകളുടെ ചുറ്റുവട്ടത്തില്‍ നിലകൊള്ളുന്നത് കൊണ്ടാണ് കാഞ്ചാ ഐലയ്യ ഇപ്പോള്‍ നമ്മുടെ മനഃസാക്ഷിയുടെ ഉത്ക്കണ്ഠയാകാന്‍ കാരണം.

ഇന്ന് നമ്മുടെ രാജ്യത്ത് തുറസായ ഇടങ്ങളില്‍ സ്വന്തം കാലില്‍ നടക്കുന്ന അഭിപ്രായങ്ങള്‍ അപ്രിയ സത്യങ്ങളായിത്തീരുന്നിടത്താണ് ഐലയ്യയെപ്പറ്റിയുള്ള നമ്മുടെ ഉത്ക്കണ്ഠയെ ചോരമണമുള്ള കാറ്റ് വളയുന്നത്. എന്നാല്‍ അവരുടെ കയ്യില്‍ ചിന്തയെ വെടിവച്ചുവീഴ്ത്താനുള്ള തോക്കില്ലാത്തിടത്തോളം ഇത്തരം പോരാട്ടങ്ങള്‍ക്ക് അനസ്യൂതിയുണ്ടായിക്കൊണ്ടിരിക്കും. സോക്രട്ടീസിന് നല്‍കിയ വിഷം അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് മൃതസഞ്ജീവനിയായിമാറിയത് നമ്മുടെ മുമ്പിലുള്ള ജ്വലിക്കുന്ന ചരിത്രപാഠമാണ്.

ഇന്ത്യയിലെ ഫ്യൂഡല്‍ വരേണ്യമേധാവിത്വത്തോട് ചരിത്രത്തിന്റെ അനിവാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു എന്നുള്ളതായിരുന്നു ഗോവിന്ദ് പന്‍സാരയും കല്‍ബുര്‍ഗിയും ഗൗരിലങ്കേഷും മറ്റും ചെയ്ത അപരാധം. വളരെ മുമ്പേ ഇക്കൂട്ടരെപ്പറ്റി സ്വാമി വിവേകാനന്ദന് നിശിതമായ അഭിപ്രായമുണ്ടായിരുന്നു. ‘രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവക്കല്ലറകള്‍’യെന്നാണീ വരേണ്യ ജ്ഞാന സംഹിതകളെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇങ്ങനെ ന്യൂനപക്ഷം, ഭൂരിപക്ഷത്തെ സിംഹാസനമാക്കി വാഴുന്ന സാമൂഹ്യ സംവിധാനത്തിന്റെ യുക്തിയെപ്പറ്റിയുള്ള ചോദ്യങ്ങളാണ് ഐലയ്യയെ മരണയോഗ്യനാക്കുന്ന നവഫാസിസ്റ്റ് ന്യായവിധി.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടിവേരുകള്‍ക്ക് പിന്നാലെ പാഞ്ഞ അന്വേഷണ ത്വരയാണ് കാഞ്ചാ ഐലയ്യയെ റിബലാക്കിമാറ്റിയത്. അടിസ്ഥാനപരമായി ഭാരതീയ സംസ്‌കാരം ദ്രാവിഡ നിര്‍മിതിയാണെന്ന യഥാര്‍ഥ്യത്തെ അദ്ദേഹം സ്ഥാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഭാരത സംസ്‌കാരത്തിന്റെയും ദേശീയതയുടെയും ഉടമസ്ഥതയെയും അടയാളത്തെയും അദ്ദേഹം പുനര്‍നിര്‍ണയിച്ചു. ആര്യന്റെ ‘വിശുദ്ധപശു’വല്ല മറിച്ച്, അവന് നിഷിദ്ധമായ ദ്രാവിഡന്റെ ‘എരുമ’യാണ് ഇന്ത്യന്‍ ദേശീയതയുടെ നേരടയാളമെന്നദ്ദേഹം സ്ഥാപിച്ചു. (ബഫല്ലൊ നാഷണലിസം: എ ക്രിട്ടിക് ഓഫ് സ്പിരിച്വല്‍ ഫാസിസം) ഒരു രാജ്യത്തെ മഹാഭൂരിപക്ഷം മനുഷ്യരും ജീവിതോപാധിയായി ആശ്രയിച്ചിരുന്ന മൃഗം എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണം യാഥാര്‍ഥ്യത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുള്ളതാണ്. പക്ഷേ, അത് ഫാസിസ്റ്റ് വര്‍ണാധിപത്യത്തിന്റെ സവര്‍ണ പ്രമാണങ്ങളെ വിറളിപിടിപ്പിക്കാന്‍ പര്യാപ്തമായി. ക്രമേണ, ഇന്ത്യന്‍ ജനതയിലെ നിര്‍ണായക വിഭാഗമായ ‘ദളിത് ബഹുജനങ്ങളുടെ’ രാഷ്ട്രീയ മുന്നേറ്റത്തിനും മുഖ്യധാരാപ്രവേശനത്തിനും വേണ്ടിയുള്ള പദ്ധതികളെപ്പറ്റി ചിന്തിച്ചുകൊണ്ടദ്ദേഹം അവരുടെ വിമോചനത്തിന്റെ രാഷ്ട്രീയ പരിഹാരം വിഭാവനം ചെയ്തു.

സവര്‍ണഫാസിസത്തിന്റെ ദൃഷ്ടിയില്‍ ഏറ്റവും അപകടമായ പുറപ്പാടാണിത്. ബുദ്ധനും അംബേദ്കറും മഹാത്മാ ഫൂലെലും അദ്ദേഹത്തിന്റെ വഴികാട്ടികളായിമാറി. അങ്ങനെ ആത്യന്തികമായി ഇന്ത്യയിലെ ആദിമജനതയുടെ പാരമ്പര്യം ഹൈന്ദവമല്ലെന്നും അതായത്, അവര്‍ ഹിന്ദുക്കളല്ലെന്നും ഹിന്ദുദൈവങ്ങള്‍ അവരുടെ ദൈവങ്ങളല്ലെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു (എന്തുകൊണ്ടു ഞാനൊരു ഹിന്ദുവല്ല). മതം അധികാരത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമായി മാറിയ പുതിയ സാഹചര്യത്തില്‍ ഇങ്ങനെ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ബുദ്ധജീവിതം അതിന്റെ ആത്യന്തികമായ ദുര്‍വിധിയെ അപകടകരമായി അന്വേഷിക്കുകയാവും ചെയ്യുന്നത്. പ്രത്യേകിച്ചും അതിന്റെ ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നിലുള്ളപ്പോള്‍, ഇന്ന് നമ്മുടെ ബുദ്ധിജീവി വര്‍ഗം നിഷേധങ്ങളില്‍ നിന്നും സമരസങ്ങളിലേക്കുള്ള വഴക്കം പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്ന് അപ്രിയ സത്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതായുമുണ്ട്.

ഹിന്ദുത്വദര്‍ശനത്തോടും സംസ്‌കാരത്തോടും രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥയോടുമുള്ള തന്റെ വിമര്‍ശന ‘ശൂദ്രവിമര്‍ശനം’ എന്നദ്ദേഹം സ്വയം അടയാളം വയ്ക്കുകയും ചെയ്യുന്നുണ്ട്. ‘മനുസ്മൃതി’യുടെയും ‘ഭഗവദ്ഗീത’യുടെയും ‘അര്‍ഥശാസ്ത്ര’ത്തിന്റെയും നീതി സംഹിതകളെ അദ്ദേഹം മനുഷ്യവിരുദ്ധമായി കണക്കാക്കുന്നു. അതിന് കാരണം അത് അടിച്ചേല്‍പ്പിച്ച വര്‍ണധര്‍മങ്ങളും ആട്ടിയകറ്റലുകളുമായിരുന്നു.

ആത്മീയ ഫാസിസത്തിന്റെ അധികാര രതിമൂര്‍ച്ഛയെപ്പറ്റിയുള്ള അന്വേഷണമാണ് കാഞ്ചാ ഐലയ്യയുടെ ‘ശൂദ്രവിമര്‍ശ’ത്തിന്റെ പ്രത്യയശാസ്ത്രാടിത്തറ. പ്രകോപനപരായ നിരീക്ഷണങ്ങളിലൂടെയാണ് ഐലയ്യ ഇതില്‍ തന്റെ സാമൂഹ്യദര്‍ശനം രൂപപ്പെടുത്തിയിട്ടുള്ളത്. വിമോചനപരമായൊരു ‘ദളിത് ബഹുജനപക്ഷ രാഷ്ട്രീയം’ അത് വിഭാവനം ചെയ്യുന്നു. അതാണദ്ദേഹത്തെ ഹിന്ദുഫാസിസ്റ്റുകളുടെ തോക്കിന്‍ കുഴലിന്റെ ഉന്നത്തിലേക്ക് അടുപ്പിക്കുന്നത്. പക്ഷേ, അദ്ദേഹം ഭയചകിതനല്ല. ജനാധിപത്യ സംവിധാനം വീട്ടുതടങ്കലില്‍ വയ്ക്കുന്ന സ്വാതന്ത്ര്യമാണിന്നദ്ദേഹം അനുഭവിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാണെന്നാണ് കാഞ്ചയ്യയുടെ ഈ അനുഭവം നമ്മോട് ഉദ്‌ബോധിപ്പിക്കുന്നത്. ജനതയുടെ പ്രതികരണശേഷിയെ അധികാരത്തിന്റെ ബലപ്രയോഗത്തിലൂടെ വന്ധ്യംകരിക്കുന്നതിന്റെ സൂചനയാണിതെന്ന് ഇനിയും നാം തിരിച്ചറിഞ്ഞില്ലെന്നാണ് ഈ വിഷയങ്ങളോടുളള നമ്മുടെ കുറ്റകരമായ നിസ്സംഗത സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഹൈന്ദവവല്‍ക്കരണത്തിന്റെ ശരിയായ പ്രതിരോധം ദളിതവല്‍ക്കരണമാണെന്ന ഉറച്ച വീക്ഷണമാണ് ഐലയ്യ മുന്നോട്ടുവയ്ക്കുന്ന കാതലായ രാഷ്ട്രീയ സമവാക്യം. ഹിന്ദുബ്രാഹ്മണിസത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പരിസരങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാത്ത ഇന്ത്യയിലെ ദളിത്ബഹുജന സംസ്‌കാരത്തെ, ഹിന്ദുത്വത്തിന്റെ ഭാഗമാക്കി മാറ്റിയതോടെ അവരുടെ ദുര്യോഗം ചരിത്രപരമായി പൂര്‍ണത നേടി എന്നദ്ദേഹം നിരീക്ഷിക്കുന്നു. ഹിംസാത്മകവും അധീശത്വപരവുമായ ഈ ബ്രാഹ്മണാധിപത്യം ദളിത്ബഹുജനങ്ങളുടെ ഉല്‍പാദന ഘടകങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയ സ്ഥാപനങ്ങളെയും തകര്‍ത്തുകളഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ ദുഃസ്ഥിതി തുടരുന്നു.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പ്രക്ഷോഭ സമരത്തില്‍ ഏര്‍പ്പെട്ട ബ്രാഹ്മണ നേതാക്കള്‍ ഒരു, ജാതിവിരുദ്ധ-സമദര്‍ശന സിദ്ധാന്തം രൂപപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. അതുമൂലം മുഗളാധിപത്യത്തിലും പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലും ദുര്‍ബലമായിപ്പോയ ബ്രാഹ്മണാധികാരം പുനഃസ്ഥാപിക്കപ്പെട്ടു എന്നാണദ്ദേഹത്തിന്റെ പക്ഷം. ഒരു പടികൂടി കടന്ന് പില്‍ക്കാലത്ത് റാം മോഹന്‍ റോയിയും ഗാന്ധിയും മേല്‍ജാതി അധിശത്വം പുനര്‍സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണെന്നുകൂടി ഐലയ്യാ വസ്തുതാപരമായി സമര്‍ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇന്നത്തെ നവബ്രാഹ്മണ- ക്ഷത്രിയ അധികാര പാര്‍ട്ടിക്ക് ഐലയ്യാ പേടിവിതയ്ക്കുന്ന ഭൂതമായിത്തീരുന്നത്. ‘ദളിത് ബഹുജനങ്ങളെ’ ഈ ‘ഭൂതം’ ആവേശിക്കുന്നതിലൂടെ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ അവരെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് ഗൗരിക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിന്റെ ഉത്തരമാകരുതേ കാഞ്ചാ ഐലയ്യയെന്ന് നാം ആഗ്രഹിക്കുന്നത്.