Monday
25 Jun 2018

കഞ്ചിക്കോട് റയില്‍കോച്ച് ഫാക്ടറി: കേന്ദ്രഭരണകൂട വഞ്ചന

By: Web Desk | Wednesday 13 June 2018 10:11 PM IST

കേരളത്തോടുള്ള കേന്ദ്ര ഭരണകൂട വഞ്ചനയുടെ ഏറ്റവും പുതിയ അധ്യായമാണ് സംസ്ഥാനം ഏറെക്കാലമായി പ്രതീക്ഷയര്‍പ്പിച്ചിരുന്ന റയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കേണ്ടതില്ലെന്ന ബിജെപി സര്‍ക്കാരിന്‍റെ തീരുമാനം. കേന്ദ്ര റയില്‍വേ മന്ത്രാലയം ഇതുസംബന്ധിച്ച് പാലക്കാട് എംപി എം ബി രാജേഷിന് ഇന്നലെ കത്തുനല്‍കി. ഇന്ത്യയില്‍ ഇനി റയില്‍വേയ്ക്ക് കോച്ചുകളുണ്ടാക്കാന്‍ ഫാക്ടറികളുടെ ആവശ്യമില്ലെന്ന വിചിത്ര വാദഗതിയാണ് മന്ത്രാലയം നിരത്തുന്നത്. 1980 കളില്‍ പാലക്കാട്ടെ കഞ്ചിക്കോട് റയില്‍ കോച്ച് ഫാക്ടറി ആരംഭിക്കുമെന്ന് അന്നത്തെ കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് വാഗ്ദാനം നല്‍കിയിരുന്നു. അതിനുവേണ്ടി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജനസംഘടനകളും ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകളാവട്ടെ തെരഞ്ഞെടുപ്പു വിജയമടക്കം അവസരവാദ ലക്ഷ്യങ്ങളോടെ ആ വാഗ്ദാനം ആവര്‍ത്തിച്ചു. കേരളത്തിനു ലഭിക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ചിരുന്ന കോച്ച് ഫാക്ടറി അതാതുകാലത്തെ കേന്ദ്ര സര്‍ക്കാരുകള്‍ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി അവ ഇതര സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടദാനം നടത്തുകയായിരുന്നു. അങ്ങനെയാണ് കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയ്ക്കും ഉത്തര്‍പ്രദേശിലെ റായ്‌ബെേറലിക്കും ഏറ്റവും അവസാനം ഹരിയാനയിലെ സോണിപത്തിലേക്കും കടത്തിക്കൊണ്ടുപോയത്. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകളും ബിജെപിയും കേരളത്തോട് ഒരുപോലെ വഞ്ചനാപരമായ സമീപനം അവലംബിക്കുകയായിരുന്നു. 2008 ലെ റയില്‍വേ ബജറ്റില്‍ കഞ്ചിക്കോട് റയില്‍വേ കോച്ച് ഫാക്ടറി ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. അതിന് അഞ്ചുവര്‍ഷം മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ 239 ഏക്കര്‍ സ്ഥലം പദ്ധതിക്കായി ഏറ്റെടുത്തിരുന്നു. പിന്നീട് പദ്ധതിക്ക് കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് മൊത്തം 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റയില്‍വേക്ക് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈമാറി. 2012 ല്‍ അന്നത്തെ കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയുണ്ടായി. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ പണിതതൊഴിച്ച് യാതൊരു നിര്‍മാണ പ്രവര്‍ത്തനവും നടന്നില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെയും പാലക്കാട്ടെയും ജനങ്ങള്‍ക്ക് ബിജെപി നല്‍കിയ സുപ്രധാന വാഗ്ദാനമായിരുന്നു കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി. നിയമസഭാ തെരഞ്ഞെടുപ്പിലും അവരുടെ മുഖ്യ പ്രചാരണ വിഷയമായിരുന്നു അത്. കോച്ച് ഫാക്ടറിക്കായി 145 കോടി രൂപ അനുവദിച്ചുവെന്ന് ബോര്‍ഡുകള്‍ നിരത്തിപ്പോലും അവര്‍ വഞ്ചന തുടര്‍ന്നു. ഏറ്റവുമവസാനത്തെ കേന്ദ്ര ബജറ്റില്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ നാമമാത്ര തുകപോലും വയ്ക്കാന്‍ ബിജെപി തയാറായില്ല. കോച്ച് ഫാക്ടറിക്ക് വകയിരുത്താന്‍ ഫണ്ടില്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തിയത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ആരംഭിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സ്വകാര്യമേഖലയില്‍ നിന്നും 74 ശതമാനം നിക്ഷേപം കണ്ടെത്താനാകാതെ ആ സ്വപ്‌നവും പൊലിഞ്ഞു. തുടര്‍ന്ന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) യുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ പാലക്കാട് എംപി എം ബി രാജേഷിന്റെ മുന്‍കൈയില്‍ ശ്രമം നടന്നു. സെയില്‍ അതിനു സന്നദ്ധമായി മുന്നോട്ടുവന്നു. കഞ്ചിക്കോട് ഫാക്ടറിയില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ ഇന്ത്യന്‍ റയില്‍വേ വാങ്ങുമെന്ന ഉറപ്പില്‍ നിക്ഷേപം നടത്താന്‍ അവര്‍ തയാറായി. പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും സമാന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും റയില്‍ മന്ത്രാലയവും ആ നിര്‍ദേശങ്ങളോട് നിഷേധാത്മക സമീപനം അവലംബിക്കുകയായിരുന്നു. റയില്‍വേ കോച്ചുകള്‍ക്ക് പകരം മെട്രോ റയില്‍ കോച്ചുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയെന്ന പുതിയ നിര്‍ദേശവും ഉയര്‍ന്നുവന്നു. അവയെല്ലാം പാഴ്‌വാക്കുകളായി മാറുകയായിരുന്നു. റയില്‍വേയടക്കം കേരളത്തിന്റെ വ്യവസായവല്‍ക്കരണ സംരംഭങ്ങളോടെല്ലാം കേന്ദ്ര സര്‍ക്കാരുകള്‍ നിഷേധാത്മക സമീപനവും തികഞ്ഞ അവഗണനയുമാണ് അവലംബിച്ചുപോരുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഈ അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്നുവന്നെ മതിയാവു.

പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തിലും റയില്‍വേ വികസന കാര്യത്തിലും കേരളം കടുത്ത അവഗണനയാണ് നേരിടുന്നത്. കേരളത്തിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ച ഒരു റയില്‍വികസന പദ്ധതിയില്‍പോലും അനുകൂല നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം വിസമ്മതിക്കുകയാണ്. തിരുവനന്തപുരം-ചെങ്ങന്നൂര്‍ റാപിഡ് റയില്‍ ട്രാന്‍സിറ്റ് സിസ്റ്റം, തലശേരി-മൈസൂര്‍ പാത, അങ്കമാലി-ശബരി പാത, തിരുവനന്തപുരം-കാസര്‍കോട് മൂന്നും നാലും ബ്രോഡ്‌ഗേജ് പാതകള്‍ തുടങ്ങി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ ഒരു പദ്ധതിപോലും സമീപഭാവിയില്‍ ആരംഭിക്കാന്‍ കഴിയുമോ എന്നത് സംശയകരമാണ്. കേരളം പോലെ കൃത്യമായി യാത്രാക്കൂലി നല്‍കി യാത്ര ചെയ്യുന്ന ജനങ്ങളെ അപ്പാടെ അവഗണിക്കുമ്പോള്‍ ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പുപോലും വകവയ്ക്കാതെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനെപ്പറ്റി വീമ്പിളക്കുന്ന കപടനാട്യങ്ങള്‍ക്കാണ് മോഡി സര്‍ക്കാരിന്റെ മുന്‍ഗണന. കേരളത്തിന്‍റെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ജനകീയ പ്രതിഷേധം വളര്‍ത്തിയെടുക്കാന്‍ സര്‍വകക്ഷി കൂടിയാലോചനയടക്കം നടത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.