Friday
15 Dec 2017

ഒരു ബോക്‌സോഫീസ് അത്ഭുതം

By: Web Desk | Saturday 23 September 2017 12:43 AM IST

നങ്ങേലി

ലച്ചിത്രമെന്നത് പുരുഷന്റെ വ്യവഹാരകേന്ദ്രമെന്ന ധാരണകളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ബോളിവുഡില്‍ കങ്കണ തരംഗം അലയടിക്കുന്നു. മൂന്നു ദേശീയ അവാര്‍ഡും നിരവധി ഫിലിം ഫേയര്‍ അവാര്‍ഡുകളും കരസ്ഥമാക്കിയ കങ്കണ റണാട്ടിന്റെ ഏറ്റവും പുതിയ സിനിമ ‘സിമ്രാന്‍’ ബോക്‌സാഫീസില്‍ 15 കോടിയില്‍പ്പരം രൂപ ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞു. മോഷണരോഗമുള്ള (ക്ലപ്‌റ്റോമേനിയ) പ്രഫുല്‍ പട്ടേല്‍ എന്ന മുപ്പതു വയസുകാരിയായ വിധവയുടെ കഥ പറയുന്ന ‘സിമ്രാന്‍’ പ്രമേയത്തിന്റെ പുതുമ കൊണ്ടും സംവിധാനമികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. 2013 ല്‍ ദേശീയ പുരസ്‌കാരം നേടിയ ‘ഷഹിദ്’ എന്ന സിനിമയുടെ സംവിധായകന്‍ ഹന്‍സാല്‍ മെഹത്തയാണ് സിമ്രാന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
സ്ത്രീകേന്ദ്രീകൃത സിനിമ എന്നത് അപൂര്‍വം മാത്രം സംഭവിക്കുന്ന ഒന്നാണ് നമ്മുടെ രാജ്യത്ത്. കങ്കണ റണാട്ട് എന്ന നടിയുടെ കഥാപാത്രത്തിലൂടെ ചുരുളഴിയുന്ന സിമ്രാന്‍ ഇതുവരെയുള്ള പല വ്യവസ്ഥാപിത ചലച്ചിത്ര സങ്കല്‍പങ്ങളേയും ഞെട്ടിച്ചിരിക്കുന്നു. വളരെ വിപരീതത നിറഞ്ഞ കഥാപാത്രത്തെ സിനിമാലോകം അടക്കിവാഴുന്ന അഭിനേതാക്കള്‍ സ്വീകരിക്കുക പതിവില്ല. തങ്ങളുടെ പ്രതിച്ഛായ ഇല്ലാതാക്കുമെന്നും ആരാധകര്‍ അതിഷ്ടപ്പെടില്ലെന്നും മറ്റുമുള്ള ന്യായങ്ങളാണ് മുന്‍പോട്ട് വെയ്ക്കാറ് പതിവ്. എന്നാല്‍ ധീരമായി ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയണമെങ്കില്‍ അഭിനയത്തിന്റെ യഥാര്‍ഥ തീപ്പൊരി ഒരു അഭിനേതാവില്‍ ഉണ്ടായിരിക്കണം. അങ്ങനെയുള്ളവര്‍ സൃഷ്ടിച്ച ശക്തമായ കഥാപാത്രങ്ങള്‍ എക്കാലവും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ‘സിമ്രാനില്‍’ മോഷണരോഗത്തിനടിമയായ പ്രഫുല്‍ പട്ടേല്‍ എന്ന നായികകഥാപാത്രം അഭിമുഖീകരിക്കുന്ന കുറേ സംഭവങ്ങള്‍ വളരെ ലളിതമായും അല്‍പം നര്‍മം കലര്‍ത്തിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൂതാട്ടത്തില്‍ അതീവഭ്രമമുള്ള പ്രഫുല്‍ ഓരോമോഷണവും നടത്തുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. അവ നല്‍കുന്ന സംതൃപ്തിപോലും ഒരേ ഭാവാഭിനയത്തിലൂടെയല്ല കങ്കണ പ്രകടമാക്കുന്നത്. നിറത്തിന്റെ പേരില്‍ നമ്മെ കളിയാക്കുന്ന അമേരിക്കന്‍ വംശീയതയെ ഈ ചലച്ചിത്രം കണക്കിന് കളിയാക്കുന്നുണ്ട്.
ഒരു അഭിനേത്രി സിനിമയെ കൊണ്ടുപോകുന്ന തലം ഇത്രയും ഔന്നിത്ത്യമുള്ള ഒന്നായിമാറുമ്പോഴാണ് ആ അഭിനേത്രിയുടെ വിജയമെന്താണെന്ന് പ്രേക്ഷകര്‍ വിലയിരുത്തുക. ഏതാണ്ട് 15 കോടിയില്‍പരം രൂപ സിമ്രാന്‍ ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തു കഴിഞ്ഞതോടെ കങ്കണ റണാട്ടിന് ബോളിവുഡിലെ അത്ഭുതനടിയായി ഉയരാന്‍ കഴിഞ്ഞു.
രാജ്യത്ത് ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നായികയായ കങ്കണയുടെ അഭിനയ ജീവിതവും വ്യക്തിജീവിതവും തുറന്ന പുസ്തകമാണ്. താര കേന്ദ്രീകൃത സിനിമാലോകത്ത് അവയെ ചോദ്യം ചെയ്യാനും അഭിനേത്രിയുടെ ഇടം എവിടെയാവണമെന്ന് കൃത്യമായി അടയാളപ്പെടുത്താനും കങ്കണ തയാറായി എന്നതാണ് അവരെ വേറിട്ട അഭിനേത്രിയാക്കി മാറ്റുന്നത്. താരാധിപത്യത്തെയും ബോളിവുഡിനെ അടക്കി വാഴുന്ന പുരുഷ കേന്ദ്രീകൃതമായ പലതിനെയും കങ്കണ ചോദ്യം ചെയ്തു. ഈ നിലപാടുകള്‍ക്ക് ഏറെ പഴിയും പരിഹാസവും പേജ് മൂന്ന് ഗോസിപ്പുകളും ഉണ്ടായെങ്കിലും കങ്കണ തന്റെ ഒറ്റയാന്‍ പോരാട്ടം തുടരുകയാണ്. ആ പോരാട്ടത്തില്‍ ഒരു തൂവല്‍കൂടി നല്‍കിയിരിക്കുന്നു സിമ്രാന്‍- ബോക്‌സ് ഓഫീസില്‍ ഹിറ്റായ സിനിമയുടെ വിജയരഹസ്യം കങ്കണ റണാട്ട് എന്ന് ഇന്ന് സിനിമാലോകം ഒന്നടങ്കം വിളിച്ചു പറയുന്നു. ബോളിവുഡില്‍ ഇത് പല ഉടച്ചുവാര്‍ക്കലിനും വഴിമരുന്നിടും- തീര്‍ച്ച.