Friday
21 Sep 2018

കണ്ണൂര്‍ വിമാനത്താവളം ഇനി അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍

By: Web Desk | Sunday 18 February 2018 10:06 PM IST

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഇനി അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍. വിമാനത്താവളത്തിന്റെ സിഗ്‌നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ വിമാനം കണ്ണൂരിനു മുകളില്‍ ചുറ്റിപ്പറന്നു.
ഡോപ്ലര്‍ വെരിഹൈ ഫ്രിക്വന്‍സി ഒമ്‌നി റേഞ്ച് (ഡിവിഒആര്‍) എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചു തൃപ്തികരമാണെന്നു വിലയിരുത്തിയാണ് പരീക്ഷണ വിമാനം തിരികെ പറന്നത്. ബെംഗളുരു എയര്‍പോര്‍ട്ടില്‍ നിന്നു രാവിലെ 9.52 നു പുറപ്പെട്ട എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ചെറു വിമാനം ഒരു മണിക്കൂര്‍ കൊണ്ടു കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരിധിയില്‍ എത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ എയര്‍ ട്രാഫിക് ഡിജിഎം ജി.പ്രദീപിന്റെ നേതൃത്വത്തിലാണ് ഡിവിഒആര്‍ കാലിബ്രേഷന്‍ പരിശോധിച്ചത്.
മൂവായിരം മുതല്‍ അയ്യായിരം അടി വരെ ഉയരത്തില്‍ പല ദിശകളിലായി പറന്ന് ഡിവിഒആറിന്റെ കാലിബ്രേഷന്‍ പരീക്ഷിച്ചു. കാഴ്ചയ്ക്കപ്പുറം ഉയരത്തിലായതിനാല്‍ പരീക്ഷണ പറക്കല്‍ ജനങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. 2016 ഫെബ്രുവരി 29നു റണ്‍വേയില്‍ വിമാനം ഇറക്കി പരീക്ഷണം നടത്തിയിരുന്നു. റണ്‍വേയും അനുബന്ധ സംവിധാനങ്ങളും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണ്.
കണ്ണൂര്‍ വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കിയാല്‍ എംഡി പി.ബാലകിരണ്‍ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും ബോര്‍ഡ് ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെയും പരിശോധന കൂടി പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭ്യമായാല്‍ ഉടനെ വിമാന സര്‍വീസ് ആരംഭിക്കാനാകും. അതിനുള്ള നടപടികള്‍ തുടരുന്നുണ്ടെന്ന് എംഡി പറഞ്ഞു. ചീഫ് പ്രോജക്ട് എന്‍ജിനിയര്‍ കെ.എസ്.ഷിബുകുമാര്‍, എല്‍ആന്‍ഡ്ടി ചീഫ് പ്രോജക്ട് മാനേജര്‍ കെ ശ്രീകുമാര്‍, കിയാല്‍ കോര്‍പറേറ്റ് മാനേജര്‍ ടി.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മട്ടന്നൂര്‍ നഗരസഭാ അധ്യക്ഷ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.