Tuesday
20 Feb 2018

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിച്ചു

By: Web Desk | Tuesday 13 February 2018 4:29 PM IST

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ എടയന്നൂരിലെ സി വി ശുഹൈബിനെ(30) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു ഡി എഫ് നടത്തിയ ഹര്‍ത്താല്‍ ഭാഗീകം. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാരോപിച്ചായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കാലത്ത് ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ഉത്സവം കണക്കിലെടുത്ത് പയ്യാവൂര്‍ പഞ്ചായത്തിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
വാഹനങ്ങളെ ഒഴിവാക്കിയതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ഏറെ ബാധിച്ചില്ല. എന്നാല്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയതിനാല്‍ തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തിയ ചില വാഹനങ്ങളെ തടഞ്ഞത് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി.

ഷുഹൈബിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകിട്ട് ആറു മണിയോടെ എടയന്നൂരില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം എടയന്നൂരില്‍ത്തന്നെ കബറടക്കി. കണ്ണൂരിലും തളിപ്പറമ്പിലും പൊതുദര്‍ശനമുണ്ടായിരിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.

മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്‍റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറില്‍ പരുക്കേറ്റ പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്.സുഹൃത്തിന്‍റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഇവര്‍ക്കു നേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു. രാത്രി 11.30നാണു സംഭവം. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ട പുലര്‍ച്ചെ ഒന്നിനാണ് മരിച്ചത്.
മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കണ്ടെത്താനായിട്ടില്ല. അതേ സമയം ശുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും സി പി എം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയും വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related News