Wednesday
22 Nov 2017

കണ്ണൂര്‍ ജില്ല ഇനി വിരല്‍ത്തുമ്പില്‍

By: Web Desk | Saturday 19 August 2017 6:02 PM IST

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഇനി മുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍. ഓഫീസിന്റെ സ്ഥാനം, ചിത്രം, സ്ഥലം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗ്ള്‍ മാപ്പില്‍ ലഭ്യമാകുകയാണ്. ഏത് ഓഫീസിലാണോ പോകേണ്ടത് അവിടെ എത്താനുള്ള വഴി, ദൂരം, ഓഫീസ് പ്രവൃത്തി സമയം എന്നിവയും സ്മാര്‍ട്ട് ഫോണിലൂടെ അനായാസം മനസ്സിലാക്കാനാകും.
മാപ്പ്‌മൈ ഹോം കണ്ണൂര്‍ എന്ന പേരില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പൊതു ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 1300 വിദ്യാലയങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങി 170 സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴിലെ 2913 സ്ഥാപനങ്ങളാണ് ഗൂഗിള്‍ മാപ്പ്‌ചെയ്തിട്ടുള്ളത്. ജില്ലയിലെ കുടുംബശ്രീയുടെ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്തും.
സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മാപ്പ് വഴി തെരഞ്ഞാല്‍ ഓഫീസുകള്‍ കണ്ടെത്താന്‍ കഴിയും. ഓഫീസിന്റെ വിലാസം, സ്ഥാനം എന്നിവ ഉള്ളതിനാല്‍ ജില്ലയിലെ ഏത് ഓഫീസും ഏതൊരാള്‍ക്കും അനായാസം മനസ്സിലാക്കാന്‍ കഴിയും.  ലാന്റ് ഫോണ്‍ നമ്പറും ലഭ്യമായ സ്ഥലങ്ങളില്‍ മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ്‌വഴി ഓഫീസ് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഫോണ്‍ ഡയല്‍ ചെയ്യാനാവുമെന്നതാണ് ഏറ്റവും സഹായകരം.
 പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് ലഭിച്ച സേവനങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അഭിപ്രായം ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. റേറ്റ് ആന്റ് റിവ്യൂ എന്ന ലിങ്ക് വഴിയാണ് അഭിപ്രായം, നിര്‍ദേശം എന്നിവ രേഖപ്പെടുത്തേണ്ടത്. ജില്ലയിലെ ഏത് വില്ലേജ് ഓഫീസിനെക്കുറിച്ചും ഇങ്ങനെ രേഖപ്പെടുത്തുന്ന അഭിപ്രായം നേരിട്ട് ജില്ലാ കലക്ടര്‍ക്കും ലഭ്യമാകും.
സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളുടെ വിലയിരുത്തല്‍ സഹായകരമാകുമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഈ സൗകര്യം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തോ വിദേശത്തോ ഇരിക്കുമ്പോഴും നിങ്ങളുടെ കയ്യിലെ ഫോണില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും വിവരങ്ങളും ഫോണ്‍ നമ്പറും ലഭ്യമാവുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
സ്ഥാപനത്തിന്റെ പേര് മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത് തെരയുവാന്‍ ഇതില്‍ സൗകര്യമുണ്ട്. ടൂറിസം രംഗത്ത് ഇത് വലിയ നേട്ടമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ഐടി മിഷനാണ് ഓഫീസ് മാപ്പിങ്ങ് പ്രവര്‍ത്തനം നിര്‍വഹിച്ചതും ഏകോപനം നടത്തിയതും. മൂന്നു മാസത്തെ നിരന്തര പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളെയും മാപ്പ് ചെയ്തത്. ഇതിന്റെ ഔപചാരികമായ ലോഞ്ചിങ്ങ് ഓണത്തിനുശേഷം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സിഎം മിഥുന്‍ കൃഷ്ണ, അസി. കലക്ടര്‍ ആസിഫ് കെ യൂസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Related News