Monday
16 Jul 2018

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സുപ്രിംകോടതി

By: Web Desk | Thursday 5 April 2018 10:54 PM IST

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള വിധി സുപ്രിംകോടതി പ്രസ്താവിച്ചത്.
കഴിഞ്ഞദിവസം ഇത് സംബന്ധിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയത് കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. മാത്രമല്ല ഓര്‍ഡിനന്‍സ് റദ്ദാക്കുകയും ചെയ്തു.
കുട്ടികളെ കോളജില്‍ പ്രവേശിപ്പിക്കുകയോ, പഠനം തുടരാന്‍ അനുവദിക്കുകയോ, പരീക്ഷയ്ക്കിരുത്തുകയോ ചെയ്യരുതെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തില്‍ നിയമം ലംഘിച്ചാല്‍ അത് ഗൗരവമേറിയ വിഷയമാവുമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രവേശനം ആദ്യമേ സുപ്രിം കോടതി റദ്ദാക്കിയതാണ്. പിന്നെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്‍മേല്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.
വിദ്യാര്‍ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാനാണ് ഐകകണ്‌ഠ്യേന കോളേജുകളുടെ പ്രവേശനം അംഗീകരിച്ച് ബില്ല് പാസാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
ബില്ല് നിയമസഭ പാസാക്കിയതോടെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വ്യവസ്ഥയും ബില്ലും തമ്മില്‍ വലിയ അന്തരമുണ്ടായെന്നും പുതിയ ഹര്‍ജി മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിക്കുന്നത് വരെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കമെന്നുമായിരുന്നു സര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related News