Wednesday
22 Nov 2017

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കളവ് പെരുകുന്നു

By: Web Desk | Wednesday 13 September 2017 6:13 PM IST

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നത് നിത്യസംഭവം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് കരിപ്പൂരിലെത്തുന്ന യാത്രക്കാരുടെ സാധനങ്ങളാണ് വിമാനത്താവളത്തില്‍ നഷ്ടപ്പെടുന്നത്.   വിമാനം ലാന്റ് ചെയ്തതിന് ശേഷം ലഗേജുകള്‍ നിറച്ച് കണ്ടെയ്‌നറുകള്‍ കസ്റ്റംസിന്റെ സ്‌കാനിങ്ങ് പരിശോധനാ റൂമില്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ എത്തുന്നു. അവിടെ നിന്നും പരിശോധന കഴിഞ്ഞതിന് ശേഷം കസ്റ്റംസ് ഹാളിലേക്ക് ലഗേജുകള്‍ എത്തിച്ചേരും. പാര്‍ക്കിങ്ങ് ബേയില്‍ നിന്നും കസ്റ്റംസിന്റെ  സ്‌കാനര്‍ റൂമിനുമിടയ്ക്കാണ് മോഷണം നടക്കുന്നതെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ പറയുന്നു.
സ്‌കാനിങ്ങ് റൂമില്‍ സി സി ടി വി സംവിധാനമില്ല. നിരവധി തവവണ ആവശ്യപ്പെട്ടിട്ടും സ്‌കാനിങ്ങ് റൂമില്‍ സി സി ടി വി സ്ഥാപിക്കാന്‍ അധികാരികള്‍ താത്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ നിരവധി യാത്രക്കാര്‍ കരിപ്പൂരിലെത്തുന്നുണ്ട്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച ബാഗുകള്‍ മാത്രം തെരഞ്ഞ്പിടിച്ചാണ് മോഷണം. ഈ മാസം ഒന്‍പതിന് കരിപ്പൂരിലെത്തിയ സിനിമാ പ്രവര്‍ത്തകന്‍ നികേഷ് പുത്തലത്ത് എന്ന യാത്രക്കാരന്റെ ചുവപ്പ് നിറത്തിലുള്ള ബ്രീഫ് കെയ്‌സ്  തന്ത്രപൂര്‍വ്വം തുറന്നാണ് അമ്പതിനായിരം രൂപ വിലയുള്ള അര്‍മാനി വാച്ച് മോഷ്ടിച്ചത്. നികേഷ് വീട്ടിലെത്തി പെട്ടി തുറന്നപ്പോഴാണ് വാച്ച് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെടുന്നത്.
കുറച്ച് മാസം മുമ്പ് താമരശ്ശേരി സ്വദേശിയായ അസീസ് എന്ന യാത്രക്കാരന്റെ ഒരു ലക്ഷം രൂപയുടെ വസ്തുക്കളുള്ള ബോക്‌സും മോഷണം പോയിരുന്നു. തന്റെ  നഷ്ടപ്പെട്ട ബോക്‌സ് കസ്റ്റംസ് ഹാളില്‍ വരെയെത്തി എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന്  അസീസും വ്യക്തമാക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യാത്രക്കാരന്റെ ബാഗില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയിലായത്. ഒരു വിദേശ വനിതയുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ബ്രാന്‍ഡഡ് വാച്ച് സമാനമാ രീതിയില്‍ കൊള്ളയടിക്കപ്പെട്ടതിന്റെ കേസ് കരിപ്പൂര്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
വിലകൂടിയ വസ്തുക്കളുള്ള ബാഗുകള്‍ പ്രത്യേകം നിരീക്ഷിച്ചാണ് കളവുകള്‍. അറബികളടക്കമുള്ള  വിദേശികളുടെ ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. കസ്റ്റംസിന്റെ ഉന്നതാധികാരികളും വിമാന ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളും കരിപ്പൂരിലെ പകല്‍ക്കൊള്ളയ്‌ക്കെതിരെ ശക്തമായ നിരീക്ഷണം നടത്തണമെന്ന് ഫോറം ജനറല്‍ സെക്രട്ടറി കെ സെയ്ഫുദ്ദീന്‍ ആവശ്യപ്പെട്ടു.
കരിപ്പൂരില്‍ നടക്കുന്ന കൊള്ളയില്‍ കസ്റ്റംസിനും എയര്‍പോര്‍ട്ടിലെ ചില ജീവനക്കാര്‍ക്കും കൃത്യമായ പങ്കുണ്ട് എന്ന ആരോപണമാണ് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഉയര്‍ത്തുന്നത്. സ്‌കാനിങ്ങ് റൂമില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് യാത്രക്കാര്‍ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും സ്വീകരിക്കുന്നില്ല. പരാതികള്‍ കൊടുത്തിട്ടും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.