Saturday
23 Sep 2017

ആധുനിക മുതലാളിത്ത പ്രതിസന്ധിയെ അനാവരണം ചെയ്യുന്ന മഹത് ഗ്രന്ഥം

By: Web Desk | Thursday 14 September 2017 1:38 AM IST

(കാള്‍ മാര്‍ക്‌സിന്റെ മൂലധനം പ്രസിദ്ധീകൃതമായിട്ട് 150 വര്‍ഷം തികയുന്നു)

എന്‍ മുഖോപാധ്യായ

നൂറ്റി അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സെപ്റ്റംബര്‍ 14നാണ് കാള്‍മാര്‍ക്‌സിന്റെ ഐതിഹാസിക രചനയായ ‘മൂലധന’ത്തിന്റെ ആദ്യവാല്യം പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് രണ്ടുവര്‍ഷത്തിനുശേഷം ഹംബര്‍ഗ് പ്രസാധകര്‍ മൂന്ന് വലിയ വാല്യങ്ങളായി മൂലധനം പ്രസിദ്ധീകരിച്ചത് ആ പുസ്തകത്തിന്റെ ചരിത്രപ്രാധാന്യത്തെ വ്യക്തമാക്കുന്നു. എഡിസണ്‍ ഇന്‍കാന്റസന്റ് ബള്‍ബ് കണ്ടുപിടിക്കുന്നതിന് ഒരു ദശാബ്ദം മുമ്പാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളില്‍ മാനവരാശിക്ക് വെളിച്ചം പകരുന്ന ഒരു ഇന്‍കാന്റസന്റ് ബള്‍ബ് തന്നെയാണ് മൂലധനം.
ബൈബിള്‍ കഴിഞ്ഞാല്‍ മാനവരാശിയെ ഏറ്റവും സ്വാധീനിച്ച കൃതി മൂലധനം തന്നെയാണ്. ലോകത്തെ തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി മൂലധനമാണ് യഥാര്‍ഥ വിശുദ്ധ പുസ്തകം. നിരവധി തലമുറകള്‍ക്ക് മാര്‍ക്‌സ് ഗുരുവായെങ്കില്‍ മൂലധനമാണ് വിശുദ്ധ പുസ്തകമായത്. 1883 ല്‍ അന്തരിച്ച മാര്‍ക്‌സ് ജീവിച്ചിരിക്കെ പുസ്തകത്തിന്റെ ഒരു വാല്യം മാത്രമാണ് പ്രസിദ്ധീകരിച്ചത്. മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഫെഡറിക് ഏംഗല്‍സാണ് മറ്റ് രണ്ട് ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പ്രസാധക കമ്പനികള്‍ ഏറെ പ്രാധാന്യമെന്ന് കണ്ട് പ്രസിദ്ധീകരിച്ചിരുന്ന പല പുസ്തകങ്ങളുടെയും പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ലോക ജനതയുടെ ചിന്തയെ ഉദ്ദീപിപ്പിക്കാന്‍ കഴിയുമെന്ന നിലയില്‍ മാര്‍ക്‌സിന്റെ പുസ്തകത്തിന് പിന്നെയും പിന്നെയും ശ്രദ്ധേയമായ സ്ഥാനം ലഭിച്ചു. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച അരക്ഷിതാവസ്ഥ മൂലധനത്തെ സംബന്ധിച്ച വീക്ഷണങ്ങളുടെ പ്രസക്തി വര്‍ധിപ്പിച്ചു. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച, സോവിയറ്റ് യൂണിയന്റെ അപചയം തുടങ്ങിയ സംഭവങ്ങളൊക്കെ മാനവസമൂഹത്തെ ഏറെ അങ്കലാപ്പിലാക്കി. ചൂഷണത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനായി ജനശ്രദ്ധ ഒരിക്കല്‍ മൂലധനത്തിലേക്ക് തിരിഞ്ഞു.
സമകാലീനസമൂഹം അപ്രസക്തമെന്ന് പറഞ്ഞ് തിരസ്‌കരിച്ച രണ്ടായിരത്തിലധികം താളുകളുള്ള പുസ്തകത്തിലേക്ക് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നി. ഒരുകാലത്ത് അവരുടെ സ്റ്റാറ്റസിന്റെ ഭാഗമായി ശേഖരിച്ചിരുന്ന പുസ്തകം അതിലൊക്കെ ഉപരിയാണെന്ന ബോധ്യവും ജനങ്ങളില്‍ ഉടലെടുത്തു. സാഹിത്യസാന്ദ്രത, വാദപ്രതിവാദങ്ങള്‍ സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സമാന്തരങ്ങള്‍ എന്ന നിലയില്‍ എഴുത്തുകാരും നിരൂപകരും ഒരിക്കല്‍ ഈ പുസ്തകത്തെ നോക്കിക്കണ്ടു. സമകാലീന വായനക്കാരുടെ ചിന്താധാരയിലെ താളവുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ മൂലധനത്തെ വ്യാഖ്യാനിക്കാന്‍ ഒരുകൂട്ടം എഴുത്തുകാര്‍ക്ക് കഴിഞ്ഞു. മുതലാളിത്ത വ്യവസ്ഥിതി സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ വെളിവാക്കുന്നതും അതിനുള്ള പരിഹാരം ഉള്‍ക്കൊള്ളുന്നതുമായ ഒരു താക്കോലായി ഈ പുസ്തകത്തെ ജനങ്ങള്‍ കണ്ടു. സമകാലീന സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് പരിഹാരം നിര്‍ദ്ദേശിക്കാനുള്ള ദീര്‍ഘദര്‍ശനമുളള ഒരു പുസ്തകമായി മൂലധനം മാറി. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വികസന മേഖലയില്‍ മൂലധനത്തിന് ശ്രദ്ധേയമായ പങ്കുണ്ടെന്ന ബോധ്യം ലോക ജനതയ്ക്കുണ്ടായി.
20-ാം നൂറ്റാണ്ടില്‍ നിന്ന് വ്യത്യസ്തമായി 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഭാവിക്ക് ദിശാബോധം നല്‍കുന്ന പുസ്തകമെന്ന നിലയില്‍ നിന്നും മൂലധനം ഒരല്‍പം വഴിമാറി. എങ്കിലും ഇതൊരു പുരാവസ്തുവായി സൂക്ഷിക്കാനുള്ളതല്ലെന്ന ബോധ്യം സമൂഹത്തിനുണ്ടായിരുന്നു. മൂലധനത്തിന്റെ വിവിധങ്ങളായ വ്യാഖ്യാന വശങ്ങളും വാദപ്രതിവാദങ്ങളുടെ തീവ്രതയും 150 വര്‍ഷം ആഘോഷിക്കുന്ന ഈ പുസ്തകത്തിന് പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
1848 ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന് 20 വര്‍ഷം കഴിഞ്ഞാണ് മാര്‍ക്‌സിന്റെ ഉത്തമസൃഷ്ടിയായ മൂലധനം പ്രസിദ്ധീകരിച്ചത്. അലോസരമുളവാക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക പ്രബന്ധമായി മൂലധനത്തെ കാണുന്നത് തെറ്റായ ഒരു വീക്ഷണമാണ്. ഒരു സമൂഹമായ സാഹിത്യ പഠനകേന്ദ്രമെന്നാണ് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് വീന്‍ മൂലധനത്തെ വിശേഷിപ്പിച്ചത്. വൈവിധ്യങ്ങളും വിരുദ്ധധ്രുവങ്ങളിലുള്ളതുമായ ധ്വനികളെയും ആശയങ്ങളെയും സന്തുലനം ചെയ്യുന്നു. സാഹിത്യത്തെയും ഐതിഹ്യത്തെയും ഒരേ തലത്തിലെത്തിക്കുന്നു. സാധാരണ തൊഴിലാളികളെയും മാലാഖ കഥകളെയും ഒരേ ബോധധാരയില്‍ എത്തിക്കുന്നു. അമേരിക്കന്‍ കവിയായ എസ്രപൗണ്ടിന്റെ കാന്റോസ് എന്ന പുസ്തകത്തിലും ടി എസ് എലിയറ്റിന്റെ ‘വെയ്സ്റ്റ്‌ലാന്റ്’ എന്ന കവിതയിലും ഇത്തരത്തിലുള്ള സന്തുലനങ്ങള്‍ കാണാന്‍ കഴിയും. പരസ്പര വൈരുദ്ധ്യങ്ങളായ ആശയങ്ങളെ മനുഷ്യ ധിഷണയ്ക്ക് ഗ്രഹിക്കാവുന്ന വിധത്തില്‍ അവതരിപ്പിക്കുന്നതില്‍ മൂലധനം ഷോന്‍ബര്‍ഗിനെക്കാളോ കാഫ്ക്കയുടെ പുസ്തങ്ങളെക്കാളോ എത്രയോ മുന്നിലാണ്.
താനൊരു യുക്തിവാദ ധാരയിലുള്ള കവിയോ ഒരു സര്‍ഗാത്മക എഴുത്തുകാരനോ ആണ്. മറിച്ച് ഒരു സാമ്പത്തിക വിദഗ്ധനല്ലെന്ന് ഒരിക്കല്‍ മാര്‍ക്‌സ് തന്നെ ഏംഗള്‍സിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം മൂലധനമെന്ന തന്റെ സൃഷ്ടി തികച്ചും സര്‍ഗാത്മകമായ രചനയാണ്. താടി നീട്ടിവളര്‍ത്തിയ ഋഷിതുല്യ രൂപമുള്ള മാര്‍ക്‌സ് 19-ാം നൂറ്റാണ്ടില്‍ ഏറെ പീഡനങ്ങള്‍ക്ക് വിധേയനായ ഒരു വ്യക്തിതന്നെയെന്നാണ് അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ഷല്‍ ബെര്‍ണന്‍ വ്യക്തമാക്കിയത്. ലോക ചിന്താധാരയെ അഥവാ മനുഷ്യന്റെ ബോധധാരയെ മാറ്റിമറിച്ച ബിഥോവന്‍, ടോള്‍സ്റ്റോയി, ദെസ്‌തേവ്‌സ്‌കി, ഇപ്‌സന്‍, നീറ്റ്‌ഷെ, വാന്‍ഗോഗ് എന്നിവരെപോലെയായിരുന്നു മാര്‍ക്‌സ്.
എന്താണോ താന്‍ എഴുതിയത് അതിനെ വീണ്ടും മാറ്റി എഴുതാനുള്ള പ്രവണതയാണ് മാര്‍ക്‌സിന് എപ്പോഴും മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിരുന്നത്. ഓരോ ആഴ്ചയും എന്തിന് മാസങ്ങള്‍ക്ക് ശേഷവും താന്‍ എഴുതിയ കാര്യത്തിന് മാറ്റം അനിവാര്യമാണെന്ന ചിന്ത മാര്‍ക്‌സിന് ഉണ്ടായിരുന്നു. സ്വന്തമായുണ്ടാകുന്ന സംശയങ്ങള്‍ അതേസമയം തന്നില്‍ അന്തര്‍ലീനമായ ആത്മവിശ്വാസം ഈ രണ്ട് ശക്തികളായിരുന്നു മാര്‍ക്‌സിന്റെ മനസില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നത്. പുതുതായി കാര്യങ്ങള്‍ പഠിക്കണം. അതുകൊണ്ട് സ്വതവേ ചിന്തിക്കണമെന്ന് മേല്‍ പറഞ്ഞ ആശയത്തെ അടിവരയിടുന്ന വിധത്തില്‍ മൂലധനത്തിന്റെ ആമുഖത്തില്‍ മാര്‍ക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ ഒരാള്‍ തന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം തന്നെയാണ് ദര്‍ശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള സമൂഹത്തെയും അതിന്റെ ആനുകാലിക പ്രവണതകളെയും കുറിച്ച് പഠിക്കാനും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനന്തമാണെന്നുമുള്ള വീക്ഷണം മാര്‍ക്‌സ് വീണ്ടും ഉള്‍ക്കൊണ്ടിരുന്നു.
മൂലധനം പ്രസിദ്ധീകരിക്കുന്നതിനായി നല്‍കുന്നതിനു മുമ്പ് ബാള്‍സാക്കിന്റെ അണ്‍നോണ്‍ മാസ്റ്റര്‍ പീസ് എന്ന പുസ്തകം വായിക്കാനാണ് മാര്‍ക്‌സ് ഏംഗള്‍സിനോട് ആവശ്യപ്പെട്ടത്. ആഹ്ലാദദായകമായ വിരോധാഭാസങ്ങള്‍കൊണ്ട് നിറഞ്ഞ പുസ്തകമാണ് ബാള്‍സാക്കിന്റെ അണ്‍നോണ്‍ മാസ്റ്റര്‍പീസെന്ന വീക്ഷണമായിരുന്നു മാര്‍ക്‌സിനുണ്ടായിരുന്നത്. എന്നാല്‍ ഈ പുസ്തകം വായിക്കുമ്പോള്‍ മാര്‍ക്‌സിന്റെ മനസ് തന്നെയാണ് അതിലൂടെ ദൃശ്യമാകുന്നത്. സര്‍ഗശേഷിയുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തനിക്ക് ആന്തരികമായ പീഡനങ്ങളില്‍ നിന്നും മോചനമില്ലെന്ന വസ്തുതയാണ് ബാള്‍സാക്ക് തന്റെ പുസ്തകത്തിലൂടെ വെളിവാക്കാന്‍ ശ്രമിച്ചത്. ഫ്രാന്‍ഹോഗര്‍ എന്ന ഒരു ഐതിഹാസിക കലാകാരന്റെ ജീവിതമാണ് ബാള്‍സാക്കിന്റെ പുസ്തകം. ജീവിതയാഥാര്‍ഥ്യത്തെ സമഗ്രമായും അനന്യവുമായ വിധത്തില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹം സൂക്ഷിച്ചിരുന്ന കലാകാരനായിരുന്നു ഫ്രാന്‍ഹോഗര്‍. എന്നാല്‍ ഇതുതികച്ചും അമൂര്‍ത്തമാണെന്ന് ബോധ്യപ്പെട്ട ഫ്രാന്‍ഹോഗര്‍ തന്റെ ചിത്രങ്ങളെ ചുട്ടെരിച്ച് ആത്മഹത്യ ചെയ്തു. മാര്‍ക്‌സിന്റെ മനസ് ഫ്രാന്‍ഹോഗറിന്റെതിന് സമാനമായിരുന്നു. മറ്റൊരു പതിപ്പ് അല്ലെങ്കില്‍ ഫ്രാന്‍ഹോഗറിനെ കൊണ്ട് ബാള്‍സാക്ക് പറയിപ്പിക്കുന്ന സമാനമായ ചിന്തകളാണ് മൂലധനത്തിലൂടെ മാര്‍ക്‌സും അവതരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റുകാര്‍ ഒരിക്കല്‍ കണ്ടിരുന്നതുപോലെ മൂലധനം ഒരു വേദപുസ്തകമൊന്നുമല്ല. എന്നാല്‍ ആ പുസ്തകത്തിന്റെ ഭൂരിഭാഗം പരാമര്‍ശങ്ങളും അനുപമമാണ്, അതിലേറെ അഗാധമായ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനങ്ങളുമാണ്. മഹത്തായ പ്രവചനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടേണ്ടതാണെന്ന കാഴ്ചപ്പാടാണ് മാര്‍ക്‌സിനുണ്ടായിരുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവത്തിലൂടെ മുതലാളിത്ത വ്യവസ്ഥിതിക്ക് നാശം സംഭവിക്കുമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു മാര്‍ക്‌സ്.
തൊഴിലാളികളാണ് ഒരു വിപ്ലവത്തിന്റെ മുന്നണിപ്പോരാളികള്‍ എന്ന വിശ്വാസക്കാരനായിരുന്നു മാര്‍ക്‌സ്. എന്നാല്‍ റഷ്യന്‍ വിപ്ലവത്തിന്റെ മുന്നണിയില്‍ നിന്നത് കര്‍ഷകസമൂഹവും. സാമൂഹ്യ നിലപാടുകളുമായി ബന്ധപ്പെട്ട മാര്‍ക്‌സിന്റെ ഭൂരിഭാഗം സിദ്ധാന്തങ്ങളും പലപ്പോഴും വളച്ചൊടിക്കപ്പെട്ടു. ഭരണവര്‍ഗത്തിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിഷേധം തെറ്റല്ലെന്ന നിലപാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ സമകാലീന തൊഴിലാളിസമൂഹം പൂര്‍ണമായും ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ തയാറാകുന്നില്ല. സാമൂഹ്യ സാമ്പത്തികഘടകങ്ങളുടെ ഒരു മഹത്തായ അവലോകനമാണ് മൂലധനം. അത് തികച്ചും ഭാവാത്മകമാണ്. എന്നാല്‍ അത് വൈകാരികമല്ല. ഉല്‍പ്പാദന മാര്‍ഗങ്ങള്‍, തൊഴിലാളികളുടെ ഏകോപനം, ആഗോളകമ്പോളം എന്നിവയെ സംബന്ധിച്ച മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ക്ക് ഇന്നും കാലികപ്രസക്തിയുണ്ട്. അതുതന്നെയാണ് 150 വര്‍ഷത്തിനുശേഷവും മൂലധനത്തിന്റെ സാമൂഹ്യ പ്രസക്തി. മാര്‍സിനെ സംബന്ധിച്ചിടത്തോളം മൂലധനമെന്നത് ഒരു രൂപകമാണ്. ഏറെ സാമൂഹ്യ പ്രസക്തിയുള്ളതും കാലദേശാന്തരമന്യേ മാനവരാശിയുടെ ബൗദ്ധിക ചക്രവാളത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ എന്നും ശേഷിയുള്ളത് തന്നെയാണ് മാര്‍ക്‌സിന്റെ മൂലധനം- (ദാസ്‌ക്യാപിറ്റല്‍).