Friday
25 May 2018

കര്‍ണാടക: നാലിടങ്ങളില്‍ രാഷ്ട്രീയം ചൂടുപിടിക്കുന്നു

By: Web Desk | Thursday 17 May 2018 10:40 PM IST

ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സീറ്റുനേടിയ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ബിജെപി നടപടിക്കു പിന്നാലെ മറുതന്ത്രവുമായി കോണ്‍ഗ്രസും ആര്‍ജെഡിയുമടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയത് ഗോവ, മണിപ്പൂര്‍, മേഘാലയ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ രംഗത്തെയും ചൂടുപിടിക്കുന്നു. ബിജെപി മുന്‍കയ്യില്‍ കൂട്ടുകച്ചവടത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും തട്ടിക്കൂട്ടിയ മുന്നണികളെ ഉപയോഗിച്ചും ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തും ബിജെപിയും സഖ്യകക്ഷികളും ഭരണം പിടിച്ച സംസ്ഥാനങ്ങളാണ് ഇവ.
ഭൂരിപക്ഷമുള്ള ഒറ്റക്കക്ഷിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചു എന്ന യുക്തി ഗോവയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ഉണ്ടായില്ല എന്നതും, രണ്ടു സംസ്ഥാനങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള പരിഗണനയാണ് ഗവര്‍ണര്‍മാരില്‍നിന്ന് ലഭിച്ചത് എന്നതുമാണ് കര്‍ണാടകത്തിലെ നാടകീയ നീക്കങ്ങള്‍ ഗോവയിലേക്കും വ്യാപിക്കുന്നതിന് വഴിയൊരുക്കുന്നത്.
കര്‍ണാടകത്തിലുണ്ടായതിന് സമാനമായ സാഹചര്യം ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം. മാത്രമല്ല, ഇന്ന് സുപ്രിംകോടതി കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ഗോവയും അവിടെ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള ഈ നടപടി. രോഗബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഏറെ നാളുകളായി ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണുള്ളത്. പരീക്കറുടെ അഭാവത്തില്‍ സാഹചര്യം മുതലെടുത്ത് സമ്മര്‍ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എംജിപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ആകെ 40 അംഗങ്ങളുള്ള ഗോവയില്‍ കോണ്‍ഗ്രസിന് 16,ബിജെപിക്ക് 14 വീതം അംഗങ്ങളുമാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ബിജെപിയെയാണ് അന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 17ഉം ബിജെപിക്ക് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിശ്വജിത് റാണെ രാജിവെച്ച് ബിജെപി സ്ഥാനാര്‍ഥിയായി ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുകയായിരുന്നു. മൂന്നു വീതം അംഗങ്ങളുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണയോടെ ആറ് എംഎല്‍എമാരെക്കൂടി ചേര്‍ത്ത് ബിജെപി അവിടെ 21 അംഗ മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ സ്ഥാനം രാജിവെച്ച് ഗോവയില്‍ മുഖ്യമന്ത്രിയായി.
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയാകും എന്നതായിരുന്നു ബിജെപിക്ക് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്തിയ പ്രധാന ഘടകം. ഇപ്പോള്‍ പരീക്കറുടെ അസാന്നിധ്യത്തില്‍ ബിജെപിക്ക് പിന്‍തുണ നല്‍കുന്ന എംജിപി, ജിഎഫ്പി എന്നീ കക്ഷികളില്‍നിന്ന് ഏതിനെയെങ്കിലും ഒപ്പംകൂട്ടി സ്വതന്ത്രന്മാരെയും ചേര്‍ത്ത് സംഖ്യ തികയ്ക്കാമോ എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. ആദ്യപടി എന്ന നിലയില്‍, ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്ന് തെളിയിക്കാന്‍ 16 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് നല്‍കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.
കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും മന്ത്രിസഭയുടെ നിലനില്‍പ്പിനെയും ബാധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണിപ്പൂര്‍, മേഘാലയ, ബിഹാര്‍ എന്നിവിടങ്ങളിലും സമാന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
ബിഹാറില്‍ ആര്‍ജെഡിയാണ് ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഗോവയില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയേയും ബിഹാറില്‍ ആര്‍ജെഡി ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനേയുമാണ് കാണുക.
ബിഹാറില്‍ 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 80 സീറ്റ് നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാല്‍ 53 സീറ്റുള്ള ബിജെപി, ജെഡിയു (73), എല്‍ജെപി (2), ആര്‍എല്‍എസ്പി (2), നാല് സ്വതന്ത്രര്‍ എന്നിവരെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങളെ ക്ഷണിക്കണമെന്നായിരിക്കും ആര്‍ജെഡി ഗവര്‍ണറോട് ആവശ്യപ്പെടുക.

Related News