Friday
25 May 2018

കര്‍ണാടക ഗവര്‍ണറുടെ തീരുമാനം ജനാധിപത്യ വിരുദ്ധം: സിപിഐ

By: Web Desk | Thursday 17 May 2018 10:44 PM IST

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഇപ്പോഴത്തെ കേന്ദ്ര ഭരണത്തിന്‍ കീഴില്‍ ആര്‍എസ്എസ് ഗവര്‍ണര്‍മാരെല്ലാം ഭരണഘടനയെക്കാള്‍ അവരുടെ പാര്‍ട്ടിയോട് വിധേയത്വം കാട്ടുന്നവരാണെന്നതിനാല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ തീരുമാനം എല്ലാവരും പ്രതീക്ഷിച്ചതാണ്. ബിജെപി കേവലം 104 സീറ്റുകള്‍ മാത്രം നേടിയപ്പോള്‍ കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യത്തിന് 117 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് 15 ദിവസം അനുവദിച്ചത് അസാധാരണവും കുതിരക്കച്ചവടത്തിന് അവസരമൊരുക്കുന്നതിനും വേണ്ടിയാണ്. നേരത്തേ ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയേയല്ല മറിച്ച് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സഖ്യത്തെയാണ് മന്ത്രിസഭയുണ്ടാക്കുന്നതിന് ഗവര്‍ണര്‍ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തീരുമാനം ധാര്‍മികമായും ഭരണഘടനാപരമായും നിയമപരമായും തെറ്റാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഭരിക്കുന്ന ബിജെപി സ്വീകരിക്കുന്ന ജനാധിപത്യ – ഭരണഘടനാ വിരുദ്ധമായ ഈ നടപടികളില്‍ സെക്രട്ടേറിയറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഗവര്‍ണര്‍ എന്ന പദവിയെയും അവയുടെ രാഷ്ട്രീയ നിയമനത്തെയും കുറിച്ച് പുനഃരാലോചന നടത്തേണ്ടതുണ്ട്. കാലപ്പഴക്കത്താല്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന രീതിയാണിത്. ഭരിക്കുന്ന പാര്‍ട്ടിയിലെ പുറന്തള്ളപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും പാര്‍ട്ടി ഏജന്റുമാരായി പ്രവര്‍ത്തിക്കാനുമുള്ള പദവിയായി അതിനെ മാറ്റിയിരിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
ഇപ്പോള്‍ നിലവിലുള്ള കൂടുതല്‍ സീറ്റു നേടുന്നവര്‍ ജയിക്കുകയെന്നതിന് പകരം ആനുപാതിക പ്രാതിനിധ്യമെന്ന രീതിയിലേക്ക് തെരഞ്ഞെടുപ്പ് സംവിധാനം മാറ്റേണ്ടത് അനിവാര്യമാണെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നത്. കുറച്ച് വോട്ടുകള്‍ നേടുന്ന പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുന്നു. എന്നാല്‍ ഒരു പാര്‍ട്ടിക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്ന രീതിയാണ് നിലവിലുള്ളത്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തില്‍ ജനങ്ങളുടെ പ്രാതിനിധ്യത്തിനനുസരിച്ചുള്ള യഥാര്‍ഥ എണ്ണം പേര്‍ തെരഞ്ഞെടുക്കപ്പെടുകയും കൃത്രിമങ്ങളും കുതിരക്കച്ചവടവും അവസാനിപ്പിക്കാന്‍ സാധ്യമാവുകയും ചെയ്യും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതേ കുറിച്ച് ഗൗരവത്തില്‍ ആലോചിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Related News