Saturday
23 Sep 2017

കര്‍ണാടക ഡിവൈഎസ്പിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് സുപ്രിം കോടതി

By: Web Desk | Tuesday 5 September 2017 7:51 PM IST

ന്യൂഡല്‍ഹി:

കര്‍ണാടകയിലെ ഡിവൈഎസ്പിയുടെ മരണം അന്വേഷിക്കാന്‍ സുപ്രിം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി സൂപ്പറിന്‍ഡന്റായ എം കെ ഗണപതിയുടെ ആത്മഹത്യയില്‍ മുന്‍ നഗരവികസന വകുപ്പ് മന്ത്രി ജെ ജെ ജോര്‍ജ്ജിനും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് പരമോന്നത കോടതി ഉത്തരവിട്ടത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഗണപതി നല്‍കിയ അഭിമുഖത്തില്‍ ബംഗളുരു നഗരവികസനവകുപ്പ് മന്ത്രി കെ ജെ ജോര്‍ജ്ജ്, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ എഎം പ്രസാദ് പ്രണബ് മൊഹന്ദി എന്നിവര്‍ പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
ഗണപതിയുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗണപതിയുടെ ബന്ധുക്കള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ കോടതി ഇടപെട്ടിരുന്നില്ല. ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഘോയല്‍, ഉദയ് ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതസമയം ആത്മഹത്യയില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയായിരുന്ന കെ ജി ജോര്‍ജ്ജ് രാജിവെച്ചിരുന്നു.
മദിക്കേരിയിലെ ലോഡ്ജില്‍ കെട്ടിത്തുങ്ങിയ നിലയിലാണ് ഗണപതിയെ കണ്ടെത്തിയത്. ഈ സമയത്ത് ഇവിടെനിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മന്ത്രി കെ ജെ ജോര്‍ജ്ജ്, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ എഎം പ്രസാദ് പ്രണബ് മൊഹന്ദി എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.