Saturday
22 Sep 2018

കര്‍ഷകരുടെ 34,​000 കോടി വായ്‌പ കര്‍ണാടകസര്‍ക്കാര്‍ എഴുതിത്തള്ളി

By: Web Desk | Thursday 5 July 2018 4:47 PM IST

ബംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ 34,​000 കോടി രൂപയുടെ വായ്‌പ കര്‍ണാടക സര്‍ക്കാര്‍ എഴുതിത്തള്ളി. 2017 ഡിസംബര്‍‌ 31 വരെയുള്ള കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്‌പകളാണ് എഴുതിത്തള്ളിയത്. അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ബഡ്ജ‌ിലാണ് കുമാരസ്വാമിയുടെ സുപ്രധാന പ്രഖ്യാപനം.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വായ്പാ ഇളവിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യസര്‍ക്കാരും വായ്പാ ഇളവ് പ്രഖ്യാപിക്കുക. 22 ലക്ഷത്തോളം കര്‍ഷകര്‍ സഹകരണ ബാങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്പയില്‍ 50,​000 രൂപ വീതമാണ് കഴിഞ്ഞ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. 8165 കോടി രൂപയാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ ഇന്ന് ചെലവിട്ടത്.

നിശ്ചിത സമയം വായ്പ തിരിച്ചടച്ച കര്‍ഷകര്‍ക്ക് തിരിച്ചടച്ച തുകയോ 25,​000 രൂപയോ ഏതാണോ കുറഞ്ഞത് അത് തിരിച്ചു നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ നാല് ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. അധിക വിഭവ സമാഹരണത്തിനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമായി പെട്രോളിന്റെ നികുതിയില്‍ ലിറ്ററിന് 1.14 രൂപയും ഡീസലിന് 1.12 രൂപയും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.