Friday
25 May 2018

കർണാടക കോൺഗ്രസ് എം എൽ എ മാർ കൊച്ചിയിലേക്ക്

By: Web Desk | Thursday 17 May 2018 2:34 PM IST

കർണാടക എം എൽ എ മാർ വാഹനത്തിൽ 

ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് എം എൽ എ മാരെ കൊച്ചിയിലെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് കരുതപ്പെടുന്നു. ബി.ജെ.പി വിലക്കെടുക്കുന്നതു ഒഴിവാക്കാനാണിത്. ജെ ഡിഎസും കോൺഗ്രസും തങ്ങളുടെ എം എൽ എ മാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനാണ് നോക്കുന്നത്.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാനാ മുഖ്യമന്ത്രി  കെ ചന്ദ്രശേഖര റാവുവും ഇവർക്ക് സംരക്ഷ വാഗ്ദാനം ചെയ്ത് കർണാടകയിലെ ജെ ഡിഎസ് – കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷ ഭരണമുള്ള കേരളത്തിലേക്ക് എം എൽ എ മാരെ എത്തിക്കാനാണ് ആലോചന. രണ്ടാഴ്ച ഇവരെ ചിറകിനടിയിൽ വയ്ക്കുന്നതു  ഭഗീരഥ പ്രയത്‌നമാണ്.  ഇവരിൽ ഒരാളായ ആനന്ദ് സിങ് ഇപ്പോൾ കടുത്ത ഭീഷണിയിലാണെന്നു കോൺഗ്രസ് പറയുന്നു. “ആനന്ദ് സിങ്  ഒഴികെ എല്ലാ എം എൽ എ മാരും ഇവിടെ ഉണ്ട്” പാർട്ടി എം എൽ എ മാർ വിധാൻ സൗധിന് മുമ്പിൽ പ്രതിഷേധത്തിനെത്തിയപ്പോൾ ഡി കെ സിങ് എം പി സ്ഥിരീകരിച്ചു. ആനന്ദ് സിങ്ങിനെ അനധികൃത ഖനത്തിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നു കുമാരസ്വാമി അറിയിച്ചു.

“എം എൽ എ മാരെ  സംരക്ഷിക്കാനാണ് ഞങ്ങളുടെ പദ്ധതി. ബിജെപി യും അവരുടെ മന്ത്രിമാരും എം എൽ എ മാരെ  വിലക്കെടുക്കാൻ നോക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ മനോഭാവം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കണം” കുമാരസ്വാമി പറഞ്ഞു.

ഇന്നലെ വൈകുന്നേരം കോൺഗ്രസ് എം എൽ എ മാരെ ബസിൽ ആദ്യം ഗവർണറുടെ വസതിയിലേക്കും  പിന്നീട് ബംഗളുരുവിലുള്ള ഈഗിൾടൺ റിസോർട്ടിലേക്കും കൊണ്ടുവന്നു. റിസോർട് രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായ ഒരു സ്വകാര്യ സ്ഥലമാണ് ഈഗിൾടൺ.
കഴിഞ്ഞ വര്ഷം അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് തോൽപിക്കാൻ ബിജെപി പതിനെട്ടടവും പയറ്റിയപ്പോൾ ഗുജറാത്ത് എം എൽ എ മാരെ കൊണ്ടുവന്നു താമസിപ്പിച്ചത് ഈഗിൾടണിലായിരുന്നു. ജനതാദൾ എം എൽ എ മാർ ഇന്നലെ രാത്രി ഷൻഗ്രില ഹോട്ടലിലായിരുന്നു.
കേരളാ ടൂറിസം വകുപ്പ് ഇന്നലെ “ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്” കർണാടക എം എൽ എ മാർക്ക്  സ്വാഗതമരുളി  ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അത് ദുസൂചനയാവുമെന്ന് കരുതി പിൻവലിച്ചു.

Related News