Friday
25 May 2018

സുപ്രിംകോടതിയെ ഉറ്റുനോക്കി ജനാധിപത്യ വിശ്വാസികള്‍

By: Web Desk | Thursday 17 May 2018 10:49 PM IST

ന്യൂഡല്‍ഹി: കര്‍ണ്ണാടകത്തില്‍ ജനാധിപത്യത്തിന് വെല്ലുവിളി ഉയരുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ കണ്ണുകള്‍ ഇന്ന് സുപ്രിംകോടതി നടത്തിയേക്കാവുന്ന വിധിയിലേക്ക്.
കര്‍ണ്ണാടകത്തില്‍ യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിയില്‍ നീതിനിഷേധമുണ്ടെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു സ്വതന്ത്രന്റേതുള്‍പ്പെടെ 105 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. അതേസമയം ഒരു ബി എസ് പി എം എല്‍എയുടേതും രണ്ടു സ്വതന്ത്ര എംഎല്‍എമാരുടേതുമടക്കം 117 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസും ജനതാദളും ഗവര്‍ണ്ണര്‍ക്ക് നല്‍കിയിട്ടുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപിക്ക് നിയമസഭയില്‍ ഭൂരിപക്ഷമില്ലെന്ന് വ്യക്തമായിരിക്കെ ഗവര്‍ണ്ണര്‍ ബിജെപി നേതാവ് യെദ്യൂരപ്പയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച നടപടിയാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 15 ദിവസമാണ് ഗവര്‍ണ്ണര്‍ യെദ്യൂരപ്പയ്ക്ക് നല്‍കിയിരിക്കുന്നത്. എതിര്‍കക്ഷികളിലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാതെ ഈ ഘട്ടത്തില്‍ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. ഇവിടെയാണ് ഗവര്‍ണ്ണറുടെ നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്. ഗവര്‍ണ്ണറുടെ തീരുമാനം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ബോധ്യപ്പെടുത്താന്‍ പരാതിക്കാര്‍ക്കായാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സുപ്രിംകോടതിക്കാവും. ഈ അവസരത്തില്‍ സുപ്രിംകോടതിയുടെ പങ്ക് നിര്‍ണ്ണായകവും സുപ്രധാനവുമാണ്. കാലവും ചരിത്രവും ജനാധിപത്യ വിശ്വാസികളും അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സുപ്രിംകോടതിയെ ഉറ്റുനോക്കുന്നത്.
ഭരണഘടനയുടെ 361 ാം വകുപ്പ് പ്രകാരം ഗവര്‍ണ്ണര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. നീതിപൂര്‍വവും നിക്ഷ്പക്ഷവുമായ തീരുമാനങ്ങളാണ് ഗവര്‍ണ്ണര്‍ എടുക്കുക എന്ന അനുമാനത്തിലാണ് ഭരണഘടനാശില്‍പികള്‍ ഗവര്‍ണ്ണര്‍ക്ക് ഈ പരിരക്ഷ നല്‍കിയത്. പക്ഷേ തീരുമാനം ഏകപക്ഷീയമാണെന്നും ദുരുദ്ദേശ്യപരമാണെന്നും ബോധ്യപ്പെട്ടാല്‍ സുപ്രിംകോടതിക്ക് ഇടപെടാമെന്നാണ് എസ് ആര്‍ ബൊമ്മയും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളത്. അതായത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളുടെ സംരക്ഷണം സുപ്രിംകോടതിയുടെ ബാധ്യതയും കടമയുമാണ്.
1989 ല്‍ കര്‍ണ്ണാടകത്തില്‍ എസ് ആര്‍ ബൊമ്മൈ സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെതിരെയുള്ള കേസില്‍ ഒമ്പതംഗ സുപ്രിംകോടതി ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356 ാം വകുപ്പ് വിശകലനം ചെയ്തുകൊണ്ട് സുപ്രിംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് അടിസ്ഥാനപരമായി നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍,ദുരുദ്ദേശപരമായാണ് ഭരണഘടനയുടെ വകുപ്പുകള്‍ പ്രയോഗിക്കപ്പെടുന്നതെങ്കില്‍ രാഷ്ട്രപതിയുടെ നടപടികള്‍ സുപ്രിംകോടതിക്ക് പുനഃപരിശോധനയ്ക്ക് വിധേയമാക്കാമെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷം നിയമസഭയിലാണ് തെളിയിക്കപ്പെടേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടേതെന്ന പോലെ തന്നെ ഗവര്‍ണ്ണറുടെ നടപടികളും പുനഃപരിശോധനയ്ക്ക് വിധേയമാണെന്നതാണ് സുപ്രിംകോടതിയുടെ ഈ വിധിയുടെ പൊരുള്‍.
തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ജനതാദള്‍ എസ് സഖ്യം സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ യെദ്യൂരപ്പയ്ക്ക് എംഎല്‍എമാര്‍ പിന്തുണ നല്‍കുന്ന കത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ തുടര്‍വാദങ്ങള്‍ ഇന്ന് 10.30ന് കേള്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട പിന്തുണ ഈ കത്തിലില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത അസാധാരണ നീക്കങ്ങള്‍ക്കൊടുവിലാണ് ബുധനാഴ്ച പുലര്‍ച്ചെ ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡേ എന്നിവരടങ്ങിയ ബെഞ്ച് വിധിപ്രസ്താവം നടത്തിയത്. കേസില്‍ യെദ്യൂരപ്പയെ കക്ഷി ചേര്‍ക്കാന്‍ നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയില്‍ ഹാജരായത്.

Related News