Friday
19 Oct 2018

കരോന്താ ഒരു ‘അച്ചാര്‍ സസ്യം’

By: വലിയശാല രാജേഷ് & കൊടുങ്ങല്ലൂര്‍ രാഘവന്‍ | Monday 14 August 2017 7:28 PM IST

നമ്മുടെ നാട്ടില്‍ അമ്പഴങ്ങ, ചിലമ്പി, കൊടമ്പുളി എന്നിവയുടെ പുളിരസം പ്രസിദ്ധമാണല്ലോ? അതുപോലെതന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശിഷ്യ, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മഴക്കാലത്ത് പച്ചക്കറികടകളില്‍ നിന്ന് സുലഭമായി ലഭിക്കുന്ന ഒരു പുളിയന്‍ കായാണ് ‘കരോന്താ’ എന്ന ‘അച്ചാറുഫലം’! ഇവിടങ്ങളിലെ ഗ്രാമങ്ങളിലും നഗരോദ്യാനങ്ങളിലും വീട്ടുവളപ്പുകളിലും ഒക്കെ കരോന്താച്ചെടി നട്ടുനനച്ചു വളര്‍ത്തിവരാറുണ്ട്. വേലിയോരങ്ങളിലും കയ്യാലയ്ക്കടുത്തും അതിര്‍ത്തിഭിത്തികളോട് ചേര്‍ന്നും ഉദ്യാനങ്ങളിലെ നാലതിരുകളിലും ഇവ നട്ടുവരാറുണ്ട്.

നാരകം, കരിവേപ്പ്, പേര പോലുളള ഒരു ചെടിയാണിത്. നാരകംപോലെ മുളളുളളതിനാല്‍ ഇതിനെ ‘ഹെഡ്ജ് തോണ്‍ പ്ലാന്റ്’ എന്ന് ഇംഗ്ലീഷുകാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഇലകളും ഏകദേശം നാരകത്തിന്റേതുപോലെയോ ചുവന്ന ചെത്തിച്ചെടിയുടേതുപോലെയോ ആണ്. നല്ലതുപോലെ മൂത്തുപഴുത്ത കരോന്താ കായ്കളില്‍ നിന്നും വിത്തെടുത്ത് പാകി കിളിപ്പിച്ചോ, നേഴ്‌സറികളില്‍ നിന്ന് സസ്യച്ചെടി വാങ്ങിയോ ആണ് ഇവ നട്ടുവരുന്നത്. അധിക അധ്വാനമോ, ജലസേചനമോ, വളമോ ഇവയ്ക്കാവശ്യമില്ല. എത്ര വലിയ ചൂടും താങ്ങുവാനുളള കഴിവുണ്ടീച്ചെടിക്ക്. അതുകൊണ്ട് ഈ ചെടി വളര്‍ത്തുന്നവര്‍ക്ക് അത്യധ്വാനമോ, ശ്രദ്ധയോ ആവശ്യമില്ല.

മൂന്നോ നാലോ വര്‍ഷമാവുമ്പോള്‍ ഈ ചെടി പുഷ്പിക്കുവാന്‍ തുടങ്ങും. ഇവിടങ്ങളില്‍ ശൈത്യകാലം കഴിഞ്ഞ് വേനല്‍ അടുക്കാറാകുമ്പോഴാണ് (മാര്‍ച്ച്, ഏപ്രില്‍) ‘കരോന്തയുടെ പൂക്കാലം’ ആരംഭിക്കുന്നത്. ഈ സസ്യത്തിന്റെ ശാഖാഗ്രങ്ങളില്‍ കുലകുലകളായി വിരിയുന്ന വെളളപ്പൂക്കള്‍ ഹരിതാഭമായ ഈ ചെടിയെ മനോഹരമാക്കുന്നു. വെളളനിറമാര്‍ന്ന ഈ ചെറുപുഷ്പങ്ങളുടെ തണ്ട് ചുവന്നതുമാണ്. വളരെയേറെ കായ്കള്‍ പിടിക്കുന്ന ഈ ചെടിയുടെ കായ്കളും ആരംഭകാലങ്ങളില്‍ നല്ല പച്ചനിറമാണ്. പച്ചിലകള്‍ക്കിടയില്‍ പച്ചക്കായ്കള്‍ അത്രവേഗം നമ്മുടെ ശ്രദ്ധയില്‍പെടില്ല. കായ് മൂക്കുന്നതനുസരിച്ച് നിറഭേദം വന്നുകൊണ്ടിരിക്കും. മധ്യവേനലില്‍ മഴ ലഭിച്ചാല്‍ കായ്കള്‍ വേഗം വളര്‍ന്ന് വലുതാകും. മഴക്കാലമാരംഭിക്കുമ്പോള്‍ കരോന്തയുടെ വിളവെടുപ്പ് സമയമാവും. മണ്‍സൂണ്‍ കാലങ്ങളില്‍ കരോന്തക്കായ് പച്ചക്കറികടകളില്‍ സമൃദ്ധിയായി വില്‍പനയ്‌ക്കെത്തുന്നു. ഒരു കിലോ കായ്ക്ക് 25 രൂപ മൂതല്‍ 40 രൂപ വരെ വിലവരുന്നുണ്ടിവിടെ. കരിവേപ്പിന്‍കായ് പോലെയോ, അമ്പഴങ്ങ പോലെയോ മാത്രം വലുപ്പം വരുന്ന ഇവന്‍ ആള് ‘വലിയ പുളിയന്‍’ തന്നെ!

രാജസ്ഥാനികളുടെ അച്ചാറുകളിലും സബ്ജിയിലുമൊക്കെ കരോന്തയ്ക്കും കാര്യമായ സ്ഥാനമാണുളളത്. ചപ്പാത്തിക്കറിയായും അച്ചാറായും ഇതുപകരിക്കുന്നു. അരി ഭക്ഷണക്കാരായ കേരളീയര്‍ക്കും പുളിക്കൂട്ടാനായും പുളിയിഞ്ചിയായും ‘തൈര്‍ശാതം’ ശാപ്പിടുമ്പോള്‍ അച്ചാറിന്റെ സ്ഥാനത്തും കരോന്തായച്ചാര്‍ ബഹുരസം തന്നെ. ഇഡ്ഡലി, ദോശ, ഉപ്പുമാവ് എന്നിവ ഏറെ രുചിയോടെ കഴിക്കുവാന്‍ കരോന്താക്കറി തന്നെ അത്യുത്തമം. കരോന്തായച്ചാര്‍ ഊണു മേശയ്ക്കരികെ വച്ചാല്‍ നാമറിയാതെ നാവിലൂടെ വെളളമൂറും.

പുളിയിഞ്ചി ഉണ്ടാക്കുവാന്‍ വളരെ ഉത്തമമാണ് കരോന്ത. 250 ഗ്രാം കരോന്തക്കായും ആറേഴ് പച്ചമുളകും അല്‍പ്പം ഇഞ്ചിയും നന്നായി കഴുകി ചെറിയ ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ രണ്ട് സ്പൂണ്‍ കറികള്‍ക്കുപയോഗിക്കുന്ന എണ്ണയൊഴിച്ച് അല്‍പം കടുകിടുക. കടുക് പൊട്ടിത്തെറിക്കുമ്പോള്‍ ചെറുതായി മുറിച്ചുവച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, കരോന്തക്കായ് എന്നിവ ചീനച്ചട്ടിയില്‍ ഇട്ടു വഴറ്റുക. രണ്ടുമൂന്ന് മിനിറ്റ് വഴറ്റിയശേഷം ഒന്നുഒന്നര ഗ്ലാസ് വെളളം ഒഴിച്ച് നല്ലപോലെ തിളയ്ക്കുവാന്‍ അനുവദിക്കുക. ചേരുവകള്‍ എല്ലാം നല്ലതുപോലെ വെന്തശേഷം ഒരു സ്പൂണ്‍ മുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിനുശേഷം അല്‍പം കായപ്പൊടിയും ചേര്‍ക്കുക. ഒരു നെല്ലിക്കയോളം വലുപ്പത്തില്‍ ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കുക. ഏതാനും മിനിട്ട് കഴിയുമ്പോഴേയ്ക്കും ‘കരോന്താ പുളിയിഞ്ചി തയാര്‍.’

ഉപ്പിലിടാനും ഉത്തമന്‍

മാങ്ങ, അമ്പഴങ്ങ, നെല്ലിക്ക എന്നിവപോലെ കരോന്തക്കായും ഉപ്പുവെളളം നിറച്ച ഭരണയിലോ, കുപ്പിയിലോ സൂക്ഷിച്ചുവച്ചാല്‍ ഒന്നൊന്നരയാഴ്ചയ്ക്കുളളില്‍ ഉപയോഗിക്കാം. പച്ചമുളകോ, കാന്താരിയോ ചേര്‍ത്താല്‍ ഏറെ രുചികരവുമാകും. കടുമാങ്ങ മാതിരി കരോന്തയും കടുകരച്ച് ചേര്‍ത്ത് മുളകുപൊടിയും കായവും ഉപ്പും അല്‍പം കറിയെണ്ണയും ചേര്‍ത്ത് വച്ചാല്‍ രണ്ടുമൂന്നാഴ്ചയ്ക്കുളളില്‍ ‘കരോന്തക്കടുമാങ്ങ’ ഊണ് കഴിക്കാന്‍ രുചിയേറും! കരോന്തയുടെ പുളിരസം അസാരം ഉളളതിനാല്‍ ചില ചേരുവകള്‍ ചേര്‍ത്ത് കറിവയ്ക്കാന്‍ അത്യുത്തമം തന്നെ! കരോന്തകൊണ്ട് ചട്ട്‌നി, റിഡൈപ്പ്, ജാം, വിവിധ അച്ചാറുകള്‍ എന്നിവയും ഉണ്ടാക്കാം.

കരോന്ത ആഹാരവും ഔഷധവും

കൊളൊസ്‌ട്രോള്‍ നിയന്ത്രിക്കുവാന്‍ കഴിവുളള ഫലമാണ് കരോന്താക്കായ്. ഛത്തീസ്ഗഡ്ഡിലെ നാടന്‍ ചികിത്സകര്‍, കാന്‍സര്‍ രോഗങ്ങള്‍ക്കും മറ്റും ഈ ഫലം ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. വിവിധ പോഷകാംശങ്ങള്‍ പ്രത്യേകിച്ചും വിറ്റാമിന്‍ ‘സി’ അടങ്ങിയിട്ടുളളതാണ് ഈ കായ്. ഇംഗ്ലീഷില്‍ ‘കരോന്‍ഡാ ക്രാന്‍ബെറി’, ‘ഹെഡ്ജ്ത്രോണ്‍ പ്ലാന്റ്’, ‘കൗപിന്‍’ എന്നീ പേരുകളാല്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം ‘കരീസാ കരാന്താസ്’ എന്നാണ്. ചൂടും വരള്‍ച്ചയും അതിജീവിക്കുവാന്‍ കഴിവുളള ഈ ചെടി പേരകം, നാരകം, കരിവേപ്പു പോലെ ഉറച്ച തടിയുളളതാണ്. ഇവയുടെ ദൃഢമായ തണ്ടുകള്‍ കോടാലി, കൈക്കോട്ട്, വെട്ടുകത്തി എന്നിവയുടെ പിടിക്കുപയോഗിക്കാം. മരപ്പണിക്കാര്‍ ഇതുപയോഗിച്ച് ചെറു തവികളും ആപ്പയും ചെത്തിയെടുക്കാറുണ്ടിവിടെ. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍. ഇതൊരു മുള്‍ച്ചെടി ആയതുകൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ അതിര്‍ത്തി വേലിയും മതിലോരങ്ങളും മറ്റും സുരക്ഷിതമാക്കാന്‍ നട്ടുവളര്‍ത്തിവരുന്നു, ഇതിന്റെ കായ് ‘സബ്ജിക്കും’ അച്ചാറിനും ഉപയോഗപ്രദവുമാകുന്നു. അതിര്‍ത്തി സംരക്ഷിക്കുവാന്‍ കഴിയുന്ന സസ്യമാകയാല്‍ ഇതിനെ ‘ഹെഡ്ജ് പ്രൊട്ടക്ടര്‍’ എന്നും പറഞ്ഞുവരുന്നു. ഇരുപതുവര്‍ഷത്തോളം ഫലം തരുന്ന ഈ ചെടിയില്‍ നിന്ന് (മഴക്കാലങ്ങളില്‍) 20/25 കിലോ കായ് ലഭിക്കുന്നു. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ഇതിന് (ഒരു കിലോവിന്) 25/30 രൂപാ വിലവരുന്നുണ്ട്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഈ ചെടി മ്യാന്‍മാര്‍, മലാക്കാ, ശ്രീലങ്ക എന്നിവിടങ്ങളിലും വളര്‍ന്നുവരുന്നുണ്ട്.

നമ്മുടെ നാട്ടിലെ ‘കാരയ്ക്കാ’ചെടിക്ക് തുല്യമായ ഒരു സസ്യവര്‍ഗമാണിത്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാനാ എന്നിവിടങ്ങളിലെ ഉദ്യാന ഹോര്‍ട്ടിക്കള്‍ച്ചര്‍നേഴ്‌സറി തുടങ്ങിയ സര്‍ക്കാര്‍ ഉടമയിലുളള സ്ഥാപനങ്ങളില്‍ നിന്ന് നല്ലയിനം വിത്തുകളോ, ചെടിയോ ലഭ്യമാണ്. കേരളത്തിലെ മണ്ണില്‍ ‘കരോന്താ ചെടി’ തീര്‍ച്ചയായും വേരുറയ്ക്കും.