Wednesday
18 Jul 2018

വെളിച്ചത്തിലേക്ക് തുളഞ്ഞുകയറിയ വെടിയുണ്ടകള്‍

By: Web Desk | Sunday 1 October 2017 8:07 PM IST

കശ്മീര്‍:

ഇന്‍ഷാ മുഷ്താകിനു നല്ലൊരു ഉറക്കം ലഭിച്ചിട്ടു വര്‍ഷം ഒന്നായി. ഇരുകണ്ണുകളും നഷ്ടപ്പെട്ട ഈ പതിനാറുകാരിക്ക് തന്റെ അവസ്ഥയെ കുറിച്ച് പറയാനേറെയുണ്ട്. 2016 ജൂലൈ 11 നാണ് ഇന്‍ഷയ്ക്ക് കാഴ്ചയുടെ ലോകം നഷ്ടമാകുന്നത്.

തെക്കന്‍ കശ്മീരിലെ സെഡോ ഗ്രാമത്തില്‍ വിമത നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെതിരെ ആളുകള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജനാലകള്‍ക്കിടയിലൂടെ പുറത്തേക്കു എത്തിനോക്കി. പൊലീസ് അവളെ ലക്ഷ്യംവെച്ചു. പെട്ടെന്ന് അവള്‍ നിലത്തു വീണു. പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ല. ശേഷം ഇരുട്ടുകള്‍ മാത്രം, ഇന്‍ഷ പറയുന്നു.

ചിന്നിച്ചിതറി കിടക്കുന്ന ജനല്‍പാളികള്‍ക്കിടയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ഇന്‍ഷായുടെ മുഖം ഇപ്പോഴും ഓര്‍ക്കുന്നു, അമ്മ അഫ്രോസ ബാനോ അല്‍ ജസീറയോട് പറഞ്ഞു.

ഒരു ഭൂകമ്പമുണ്ടായതുപോലെയായിരുന്നു ഞങ്ങളുടെ വീട്ടില്‍. ഒരു നിമിഷത്തേയ്ക്ക് ഉരുകിപ്പോയ അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ഞങ്ങള്‍ പതറിപ്പോയി. തന്റെ തലയില്‍ കെട്ടിയ സ്‌കാഫ് കൊണ്ട് മകളുടെ മുഖത്തെ രക്തക്കറ തുടച്ചു. സഹായത്തിനായി അലറി വിളിച്ചു. ആ സമയത്ത് വൈദ്യുതി നിലച്ചു. എല്ലാം ഇരുട്ടില്‍ മങ്ങിപ്പോയി, അമ്മ വിശദീകരിച്ചു.

സംഭവം നടന്നതിനുശേഷം 65 കിമീ യാത്ര ചെയ്താണ് ശ്രീനഗറിലെ പ്രാദേശിക ആശുപത്രിയിലെത്തിച്ചത്. ഒന്നിലധികം പെല്ലറ്റ് തുളച്ചുകയറിയുണ്ടായ പരിക്കുകള്‍ കാരണം ഡോക്ടര്‍മാര്‍ക്ക് രക്തസ്രാവം തടയാന്‍ കഴിഞ്ഞില്ല.

നാസാ ഗ്രന്ഥികള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മഹാരാജ ഹരി സിങ് ആശുപത്രി (എസ്എംഎച്ച്എസ്) യില്‍ കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ ചികിത്സിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശമായ അവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെക്കുറിച്ച് വിവരിച്ചത്. തലച്ചോര്‍ സംരക്ഷിക്കുന്നതിലാണ് പിന്നീടവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സ നേടി മാസങ്ങള്‍ക്കു ശേഷം ഇന്‍ഷാ വീട്ടിലേക്കു തിരിച്ചെത്തി.

ഒരു വര്‍ഷത്തിലധികമായിട്ടും, മുഖമില്ലാത്ത, നിറങ്ങളില്ലാത്ത, പ്രകാശമില്ലാത്ത പുതിയൊരു ജീവിതം അവള്‍ രൂപപ്പെടുത്തുകയാണ്.

ഇന്‍ഷാ ഇപ്പോള്‍ വീട്ടിലെ രണ്ടു ചുമരിനു കീഴില്‍ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ സമയം ചിലവഴിക്കുന്നു. ഭക്ഷണം, പ്രാര്‍ത്ഥന, പ്രാഥമിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി പരസഹായം തേടുകയാണവള്‍. സുഹൃത്തുക്കളുടെ സഹായത്തോടെ സ്‌കൂള്‍ ഇടയ്ക്ക് സന്ദര്‍ശിക്കുന്നു.

ഒരിക്കല്‍ ഡോക്ടര്‍ ആവാന്‍ സ്വപ്നം കണ്ടിരുന്നു. ഇപ്പോള്‍ സ്വന്തമായി സ്‌കൂളില്‍ പോകാന്‍ എനിക്ക് സാധിക്കുന്നില്ല. ഒരിക്കലും കാഴ്ചശക്തി തിരിച്ചുകിട്ടില്ലെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പക്ഷേ, നാലു ചുമരുകള്‍ക്കുള്ളില്‍ തന്നെ തളച്ചിടാന്‍ ആഗ്രഹിക്കുന്നില്ല, ഇന്‍ഷാ പറയുന്നു. മാതാപിതാക്കളെ ഇടയ്ക്കിടക്കു കാണാന്‍ തോന്നാറുണ്ട്. സഹോദരങ്ങള്‍ വളരുന്നത് കാണാനും എനിക്കു കഴിയുന്നില്ല, ഇന്‍ഷാ പറയുന്നു.