Tuesday
25 Sep 2018

പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചുകൊലപ്പെടുത്തിയതില്‍ പ്രതിഷേധം,പൊലീസ് വെടിവയ്പില്‍ രണ്ടുമരണം.

By: Web Desk | Thursday 11 January 2018 1:16 PM IST

പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധത്തിനുനേരെ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു.

ജനങ്ങളുടെ പ്രതിഷേധത്തിനു നേരെ പൊലീസ് വെടിവെക്കുകയും ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

കസൂര്‍ എന്ന സ്ഥലത്ത് ഒരാഴ്ച മുന്‍പാണ് എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് വീഴ്ച വരുത്തി എന്ന് പറഞ്ഞായിരുന്ന ജനം പ്രതിഷേധിച്ചത്.

പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമായതായി പൊലീസ് ഓഫീസറായ മസൂദ് അഹമ്മദ് പറഞ്ഞു. കസൂരില്‍ തുടര്‍ച്ചയായി ആറാമത്തെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കുന്നത്.പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതിന്റെ  പിറകില്‍  പ്രവര്‍ത്തിക്കുന്ന സംഘങ്ങളെപ്പറ്റി അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ അക്രമാസക്തരാവുകയും പൊലീസ് സ്റ്റേഷന്‍ അക്രമിക്കുകയും ചെയ്തു. സ്ഥിതി ഗതികള്‍ നിയന്ത്രിക്കാനും ജനങ്ങളെ പിരിച്ചുവിടാനും ആകാശത്തേക്ക് വെടിവെക്കാനായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് ലംഘിച്ച്‌ പൊലീസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Related News