Thursday
24 Jan 2019

എന്നിട്ടും ഈ ബ്രൂട്ടസ് മാന്യനാണ്

By: Web Desk | Sunday 29 April 2018 10:58 PM IST

ഒരു സാധു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയതില്‍ നിന്ന് ഇന്ത്യാ സര്‍ക്കാരിന് ആരെയാണ് രക്ഷിക്കാനുള്ളത്. കാടത്തമല്ലാത്ത എന്തു രാഷ്ട്രീയമാണ് അതിലുള്ളത്. ഹിമാലയന്‍ നിരകളിലെ പീര്‍ പഞ്ചാബിലെ ഒരു നാടോടിവര്‍ഗത്തിന് എന്തു രാഷ്ട്രീയം മനസിലാവും. എല്ലാ അന്വേഷണവും തടയാനല്ലേ ബിജെപി ശ്രമിച്ചത്. ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ചാര്‍ജ് ഷീറ്റൊരുക്കുന്നതില്‍ നിന്ന് പൊലീസിനെ തടയാന്‍ ശ്രമിച്ചു. കേസില്‍പെട്ട പൊലീസ് ഓഫീസര്‍ ദീപക് ഖജൂറിയയെ രക്ഷിക്കാന്‍ ഹിന്ദു ഏക്തമഞ്ച് രംഗത്തെത്തി. പിഡിപി-ബിജെപി മുന്നണിയിലെ പ്രമുഖര്‍, കുറ്റവാളികള്‍ക്കായി അണിനിരന്നു. ജാതി-മത വിദ്വേഷം തീര്‍ക്കാന്‍ ബലാത്സംഗം ആയുധമാക്കുക എന്ന പഴയ ഗുജറാത്ത് മോഡല്‍ തന്നെയാണ് കഠ്‌വയിലും രസാനപ്രദേശത്തും നടപ്പിലാക്കിയിരിക്കുന്നത്. സാമുദായിക സ്പര്‍ധ എന്ന ആവരണത്തില്‍ എല്ലാം ഒതുങ്ങുന്നു. പിന്നില്‍ മതശക്തി കൂടെയാവുമ്പോള്‍ എന്തും ആവാം. കഠ്‌വകള്‍ ഇനിയും ഉണ്ടാവാം

രു മഹാറിപ്പബ്ലിക് ആരോടൊക്കെ മാപ്പുപറയണം. അട്ടപ്പാടിയിലെ മധുവിനോട് മുട്ടുകുത്തി മാപ്പുപറഞ്ഞു തീര്‍ന്നില്ല. അട്ടപ്പാടിയിലാണെങ്കിലും ഇന്ത്യയിലാണല്ലോ. ‘ഞാനൊരു മണ്ണാര്‍ക്കാട്ടുകാരനാണെന്നാകിലും, ലദ്ദാഖാണെന്നതിര്‍ത്തിയെന്നറിയുന്നു’ എന്നു പാടിയത് മഹാകവി ഒളപ്പമണ്ണയായിരുന്നു. അതുകൊണ്ട് ഇന്ത്യയിലെവിടെയാണെങ്കിലും കഠ്‌വായിലും, ഉന്നാവോയിലാണെങ്കിലും, നിഷാദ തുല്യമായ ബലാത്സംഗം നടന്നപ്പോള്‍ അത് നടന്നത് നമ്മുടെ വാതില്‍പ്പടിയിലായിരുന്നു. പൊട്ടിത്തെറികള്‍ നടന്നത് നമ്മുടെ പ്രജ്ഞയിലായിരുന്നു. അവിടെ ദേശാന്തരങ്ങളില്ല, മതഭേദങ്ങളില്ല. കഠ്‌വയിലെ എട്ട് വയസുകാരി ദേശാടനവര്‍ഗമായ ബക്കര്‍വാള്‍ മുസ്‌ലിമായിരുന്നില്ല. അത് നമ്മുടെ ഓമനയായിരുന്നു. ബലാത്സംഗി(ഘി)കള്‍ ഹിന്ദുക്കളായിരുന്നു. അവരെ ആര്‍ക്കാണ് സ്വമതക്കാരായി അംഗീകരിക്കാനാവുക.
ബലാത്സംഗത്തിന്റെ ഭീകരതകള്‍ ഇവിടെ വിവരിക്കുന്നത് ആ മൃതാത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്. ബക്കര്‍വാള്‍ മുസ്‌ലിമായി ജനിച്ചത് മാത്രമാണ് ആസിഫ എന്ന എട്ടു വയസുകാരിയുടെ തെറ്റ്. അവള്‍ക്ക് മതത്തെയോ, കഠ്‌വയിലെ ജാതി-മതസ്പര്‍ധയെയോ, ഹിന്ദുത്വ അജന്‍ഡയെയോ കുറിച്ചൊന്നും അറിയില്ല. കഠ്‌വയില്‍ ഭീകരത സൃഷ്ടിച്ച് ബക്കര്‍വാളുകളെ ഓടിക്കാനുള്ള ഒരു ഹീനതന്ത്രത്തിന്റെ ബലിയാടായിരുന്നു ആ കുഞ്ഞ്. അതിനോട് മാപ്പുപറയാന്‍ പോലും ലജ്ജ തോന്നുന്നു.

ബക്കര്‍വാളുകള്‍ ദേശദ്രോഹികളാണെന്നാണ് കണ്ടുപിടിത്തം. അതുകൊണ്ടായിരുന്നു നീചമായ വധത്തിനുശേഷവും ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി ആ കുഞ്ഞിന്റെ ആത്മാവിനോട് പോലും ക്രൂരത കാണിച്ചത്. ജമ്മുകശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരും നീതിന്യായ മന്ദിരത്തിലെ എതാനും വക്കീലന്മാരും ‘ബലാത്സംഗി’കളെ രക്ഷിക്കാന്‍ കഠിനമായി ശ്രമിച്ചത്. ദീപിക രാജ്‌വത് എന്ന വനിതവക്കീല്‍ മാത്രമാണ് തനിക്കുനേരെയുള്ള ഭീഷണി വകവയ്ക്കാതെ രംഗത്തിറങ്ങിയിരിക്കുന്നത്. ദീപികയെ ബലാത്സംഗം ചെയ്യുമെന്നാണ് പരസ്യമായ ഭീഷണി. കാവി ഉയര്‍ത്തിക്കൊണ്ടായിരുന്നു അവര്‍ക്കെതിരെ ജാഥ നടന്നത്. എട്ട് വയസുകാരിയെ അപമാനിച്ചുകൊന്നവരെ സംരക്ഷിക്കുന്നത് ദേശപ്രേമത്തിന്റെ പേരിലാണത്രെ. എഴുപത് തികഞ്ഞ സ്വതന്ത്രഭാരതത്തിന് ഇനിയും സ്വതന്ത്രമാവാന്‍ എത്ര എഴുപതുകള്‍ കഴിയണം.
ഉന്നവോയില്‍ പതിനേഴുകാരിയെ ആദ്യം ദുരുപയോഗം ചെയ്തത് ആ കുട്ടി ‘അങ്കിള്‍’ എന്നു വിളിക്കാറുണ്ടായിരുന്ന ബിജെപി എംപി കുല്‍ദീപ്‌സിങ് സെന്‍ജര്‍ ആയിരുന്നു. തുടര്‍ന്ന് അയാളുടെ സഹോദരനടക്കം ഏതാനും പേരും ജമ്മുവിലെ ചില പൊലീസ് ഉദേ്യാഗസ്ഥരും കഠ്‌വ സംഭവത്തില്‍ ‘ഗുണഭോക്താ’ക്കളായിരുന്നത്രെ. നോക്കൂ. നിയമപാലകര്‍, ജനപ്രതിനിധികള്‍, ന്യായാസനത്തിലെ വാദക്കാര്‍, ഒരു രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികള്‍. ഇവരൊക്കെ ചേര്‍ന്നാണ് ഒരു എട്ടുവയസുകാരി പഹാഢി കുട്ടിയെ ദുരുപയോഗം ചെയ്ത്, തലതല്ലിത്തകര്‍ത്ത് കൊന്നത്. ആ ഗ്രാമം ഇന്ന് വിറുങ്ങലിച്ചു നില്‍ക്കുന്നു എന്നാണ് നേര്‍ റിപ്പോര്‍ട്ടുകള്‍. എന്നിട്ടും കേസ് വൈകുന്നു. കുറ്റവാളികള്‍ ആരുടെയൊക്കെയോ വേണ്ടപ്പെട്ടവരാണത്രെ. കഠ്‌വയും ഉന്നാവോയുമൊക്കെ പതിവ് പരിപാടികളായി മാറാനാണ് സാധ്യത. ഇത് ഇന്ത്യയാണല്ലോ.

ആരാണീ ബക്കര്‍വാള്‍. ദേശദ്രോഹികളെന്നു പറഞ്ഞ് വേട്ടയാടപ്പെടുന്ന അവര്‍ പ്രകൃതിയുടെ മക്കളാണ്. ഹിമാലയന്‍ താഴ്‌വരയുടെ വന്യമായ കന്യകാത്വത്തിന്റെ സംസ്‌കാരമാണ്. അവര്‍ക്ക് സ്വന്തം ജനന തീയതി പോലുമറിയില്ല. ഋതുഭേദങ്ങളുടെ കലണ്ടറേ അവര്‍ക്കുള്ളു. ആടുമേച്ചും താഴ്‌വാരങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്തും ജീവിക്കുന്ന ഇവര്‍ ആരുടെ ശത്രുവാണ്. ജാതിയും മതവും അവര്‍ക്ക് പ്രശ്‌നമല്ല. വിശപ്പും അല്‍പം സുരക്ഷിതത്വവും മാത്രമാണ് പ്രശ്‌നം. ഗുജ്ജര്‍-ബക്കര്‍വാള്‍മാര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ഒത്താശക്കാരാണ്. കാട്ടിലെവിടെയോ തമ്പടിക്കുന്ന തീവ്രവാദികളെക്കുറിച്ച് പട്ടാളത്തിന് അറിവ് കൊടുക്കുന്നവരാണവര്‍. നമ്മുടെ പ്രതിരോധത്തിന്റെ പ്രധാന കണ്ണികളായ ഇവരെയാണ് ദേശദ്രോഹികളാക്കി ഉന്മൂലനം ചെയ്യുന്നത്. കഠ്‌വയിലെ ഭൂസ്വാമികള്‍ക്കും ഹിന്ദുക്കള്‍ക്കും തീര്‍ത്തും ബക്കര്‍വാള്‍-ഗുജ്ജാര്‍ മുക്തമായ പ്രദേശം വേണം. അതിന് അവരെ തുരത്തണം. ഭീഷണി, ബലാത്സംഗം, ദേശദ്രോഹാരോപണം ഇതൊക്കെയാണ് ആയുധങ്ങള്‍. കഠ്‌വയിലെ ആസിഫ അതിന്റെ ഇരയാണ്. ഉന്നാവോയിലെ പതിനേഴ് വയസുകാരി മറ്റൊരാള്‍. ഇനിയുമെത്ര പേരാ.
ഫലത്തില്‍ ആ പ്രദേശം മുഴുവനും അസ്വസ്ഥമാവുകയാണ്. ഇന്ത്യന്‍ മതേതരത്വമെന്നു പറയുന്ന സങ്കല്‍പത്തിന് മറ്റൊരു ഭീഷണി. ഗുജ്ജര്‍-ബക്കര്‍വാള്‍ അധിനിവേശം, ഈ പ്രദേശത്തെ അസ്വസ്ഥമാക്കുന്നു എന്ന വലതുപക്ഷ ഹിന്ദു ആരോപണത്തോടെ, കാവിക്കാരും ഇവിടെ പടനിലമാക്കിക്കഴിഞ്ഞു. ഭയപ്പെടുത്തി അവരെ തുരത്താനാണ് രാഷ്ട്രീയവും പൊലീസും നീതിന്യായവും ശ്രമിക്കുന്നത്. കഠ്‌വ ഏതാണ്ട് മുഴുവനായും ഭീതിയിലമര്‍ന്നു കഴിഞ്ഞു. അവിടത്തെ വനങ്ങളില്‍ ബക്കര്‍വാളുകള്‍ക്ക് താമസിക്കാനവകാശമില്ല. അതിനായി നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ഭരണമുന്നണിയിലെ ബിജെപി അത് തടഞ്ഞു. ഘടകകക്ഷിയായ പിഡിപി; ഭരണം നിലനിര്‍ത്താനുള്ള ഹീനമായ ഒത്തുതിര്‍പ്പില്‍ അതിന് സമ്മതിച്ചു.
ഇതിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടേ പറ്റൂ. വര്‍ഗീയതയും പൊലീസും ധനികരും കൂട്ടുചേര്‍ന്ന് നടത്തുന്ന ഈ ജനാധിപത്യ വിരുദ്ധ ദ്രോഹങ്ങള്‍ക്ക് മറ്റൊരു മറുവഴിയില്ല.
രാഷ്ട്രീയ നീക്കത്തിന് മോഡിയും, മുഫ്ത്തിയും മുന്നോട്ടിറങ്ങണം. അവര്‍ കാര്യമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. മോഡി ആഴ്ചകള്‍ കഴിഞ്ഞാണ് ഖേദിച്ചത്. ‘മന്‍ കി ബാത്തി’ല്‍ വികാരാധീനനാവുന്ന ഈ ‘മാര്‍ക്ക് ആന്റണി’ക്ക് തന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെട്ട ഈ കാട്ടാളത്തത്തെക്കുറിച്ചൊന്നും പറയാനില്ലാത്തത് മഹാത്ഭുതമാണ്. ‘ബ്രൂട്ടസ് ഈസ് ആന്‍ ഓണറബിള്‍ മാന്‍’!

മെഹ്ബൂബ മുഫ്ത്തി, ഈ സംഭവത്തില്‍ പ്രധാനമന്ത്രി എടുത്ത നിലപാടിന് നന്ദി പറഞ്ഞു. കേസില്‍ പ്രതികരിച്ചതിന് ബിജെപിയെ പിഡിപിക്കാര്‍ മുക്തകണ്ഠം പുകഴ്ത്തി. പുതിയ ഇരകളും. എന്തായാലും ഒരുകാര്യം തീര്‍ച്ച. ഇവിടത്തെ സമ്പത്തും വിഭവങ്ങളും ഭരണവും ‘മന്‍ കി ബാത്തും’ ഒന്നും അവര്‍ക്കുള്ളതല്ല. അവര്‍ക്കും ഒരവസരം കൊടുക്കാന്‍ എന്നെങ്കിലും ഈ ജനാധിപത്യത്തിനാവുമോ?

Related News