Monday
10 Dec 2018

കറുത്ത കടല്‍

By: Web Desk | Sunday 14 January 2018 1:23 AM IST

കവിത

കെ എം റഷീദ്

ഓണത്തിന്
പൂ പറിക്കാന്‍ പോയ
കുട്ടികള്‍ക്ക്
തെച്ചിപ്പൂ
മുക്കുറ്റി
ചെമ്പരത്തി
ഒന്നും കിട്ടിയില്ല.
പഴയ മൊബൈല്‍ഫോണ്‍ ചാര്‍ജര്‍
ടിവി
കമ്പ്യൂട്ടര്‍ മോണിറ്റര്‍
ഇയര്‍ഫോണ്‍
കൊണ്ട്
പൂക്കളമൊരുക്കി
പെരുന്നാളിന്
മൈലാഞ്ചിയിട്ട പെണ്‍കുട്ടി
ബോധംകെട്ട് വീണു
പ്ലാസ്റ്റിക് നിരോധിച്ചതിനാല്‍
ഇക്കുറി ക്രിസ്മസ് സ്റ്റാര്‍ ഇല്ലത്രെ.
പുകയോട് മത്സരിക്കാനാകാതെ
ശ്വാസം മുട്ടുന്നു കാറ്റിന്
നിലാവിനെ തെറി വിളിക്കുന്നു
സോഡിയം ലാമ്പിലെ ബള്‍ബ്
ഇലയില്‍ പുഴു വരച്ച
പ്രതിഷേധ ചിത്രങ്ങളൊക്കെയും
മായ്ച്ചു കളയുന്നു കാമറകള്‍
ഇതെല്ലാം കണ്ടാവാം
കടല്‍
ഇത്ര കറുത്തത്