Sunday
22 Oct 2017

പകയുടെ ബലി

By: Web Desk | Saturday 16 September 2017 10:55 PM IST

ചന്ദ്രന്‍ കണ്ണഞ്ചേരി

അക്ഷരങ്ങള്‍ അഗ്‌നിയാവുകിലതില്‍
എരിഞ്ഞടങ്ങുമെന്ന് ഭയപ്പെടുന്നോര്‍
നാവരിയുന്നു
പേനമുന ഒടിക്കുന്നു
വെടിയുണ്ടായാല്‍ നെഞ്ചുടയ്ക്കുന്നു
അല്ലാതെ സഹിഷ്ണുതാജലം
കരുതിവെയ്ക്കുന്നില്ലല്ലോ.
മഹാത്മരേ എവിടെ സ്വാതന്ത്ര്യം
പറയൂ ആര്‍ക്കാണ് സ്വാതന്ത്ര്യം.
ഗ്രന്ഥങ്ങളില്‍
പറഞ്ഞും പതിച്ചും വെച്ചെന്നാല്‍
തലയുള്ള ഉടലോടെ നാട്ടില്‍
ഇനിയും എത്രനാള്‍!
പറയാനാവണം
എഴുതാനാവണം ആശയങ്ങള്‍
കേള്‍ക്കാനും അറിയാനുമാവണം.
എതിര്‍ വാക്കുകള്‍ ധ്വനികള്‍
അനക്കങ്ങളേതും
അരുതെന്നതിരിടുന്നിടം
അധമത്വകേന്ദ്രമല്ലോ.
കഠിനവഴികളാണത്രയും
നേരിലേയ്‌ക്കെന്നാല്‍
നേരിയ നല്‍വഴിയല്ലോ വിമര്‍ശനം.
മരണമില്ലാത്തതോ
അസഹിഷ്ണുതയും പകയുമെന്നാല്‍
കരുതാം
മതേതരമാനവികാസ്ത്രങ്ങള്‍
എയ്യാന്‍ വിറയില്ലാത്തഹൃത്തില്‍.