Monday
20 Aug 2018

കവിതയുടെ കിളിവാതിലുകള്‍

By: Web Desk | Wednesday 6 June 2018 6:31 PM IST

ഡോ. എം.ഡി മനോജ്

മലയാളത്തിന്റെ പ്രസാദ പുര്‍ണിമയാണ് പി.കെ. ഗോപിയുടെ കവിത, കവി എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും ഒരുപോലെ പ്രശസ്തനാണദ്ദേഹം. മലയാള കാവ്യ സംസ്‌കൃതിയുടെ ഹൃദയ ഭൂമികയില്‍ നിന്നുകൊണ്ടാണ് പി കെ ഗോപി തന്റെ കവിതയുടെ അനഘാക്ഷരങ്ങളെ തുയിലുണര്‍ത്തുന്നത്. എഴുത്ത്, ജീവിതത്തിനും ജീവിതം എഴുത്തിനും പ്രചോദനമായിത്തീരുന്ന നിമിഷങ്ങളെയാണ് കവി അറിഞ്ഞും ആദരിച്ചും നിര്‍വചിച്ചും പുതുക്കിപ്പണിതും ആത്മസ്പര്‍ശമാക്കുന്നത്. സ്‌നേഹവും സംഗീതവും ഈ കവിതയുടെ അതിരടയാളങ്ങള്‍. അതിനോട് ചേര്‍ത്തുവയ്ക്കാന്‍ സമത്വ സ്വാതന്ത്ര്യത്തിന്റെ കാവ്യസങ്കല്‍പ്പങ്ങള്‍. അപൂര്‍വമായ ആലാപന വിശുദ്ധിയുണ്ട് പി കെ ഗോപിയുടെ കവിതകള്‍ക്ക്. അദ്ദേഹത്തിന്റെ കാവ്യങ്ങളെല്ലാം ഈ രീതിയുടെ മികച്ച സാഫല്യങ്ങള്‍. കാല്‍പ്പനികമായി നില്‍ക്കുമ്പോള്‍ തന്നെ വിപ്ലവസ്വപ്‌ന സങ്കല്‍പ്പങ്ങളെ ഒരേ സമയം കൈയ്യെത്തി തൊടാന്‍ കഴിയുന്നവയാണ്. പി കെ ഗോപിയുടെ കവിതകള്‍. ജനകീയമായിത്തീര്‍ന്ന കവിതയും അതുന്നയിക്കുന്ന സൗന്ദര്യാഭിരുചിയുമാണ് പി കെ ഗോപിയുടെ എഴുത്തിന്റെ കാതലും കരുത്തും. അത് നമ്മുടെ കാല്‍പ്പനിക തൃഷ്ണകളെ ഹൃദ്യമായി സല്‍ക്കരിക്കുമ്പോള്‍ത്തന്നെ അതില്‍ വിപ്ലവത്തിന്റെയും പ്രണവതാളത്തിന്റെയും ഘനഗാംഭീര്യം സംഭൃതമാകുന്നു. കാവ്യത്തിന്റെ ശില്‍പ നിര്‍മ്മാണ വേളകളെ കവി ഇങ്ങനെ വിവരിക്കുന്നു.

”എഴുതിനേടുന്നത് പൊരുതി നേടുന്നത് തന്നെ
കല്പിച്ചു കിട്ടുന്നതിനേക്കാള്‍/കാലംതരുന്നത് കരുത്ത്”

ഇങ്ങനെ കാലം തരുന്ന കരുത്തായിമാറുന്നു. പി.കെ.ഗോപിയുടെ കവിതകള്‍. ഒപ്പ്, ഹരിശ്രീ, മലയാളപ്പൂക്കള്‍, നേര്, ചിമിഴ്, കുരുവിക്കൂട്, മണ്‍കുടം, അറിവും മുറിവും, മുത്തുമൊഴികള്‍, കിളിയമ്മ, ഏകം, ചിരന്തനം, എഴുത്തമ്മ, സുഷുമ്‌നയിലെ സംഗീതം, നെഞ്ചിലെ മണ്‍ചെരാതുകള്‍, നോവിന്റെ സംഗീതം, തണല്‍മരം, ഓലച്ചൂട്ടിന്റെ വെളിച്ചം, പുഴതന്ന പുസ്തകം……… എന്നിങ്ങനെ നിരവധി കാവ്യസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. മുണ്ടശ്ശേരി സ്മാരക സമ്മാനം, ശക്തി അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, പി.കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, പി ടി ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ്…… ഇങ്ങനെ ബഹുമതികളുടെ ഒരു നീണ്ടനിര തന്നെ അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിന് പാട്ടിന്റെ ഒരു വസന്തകാലം സമ്മാനിച്ചതില്‍ പി.കെ. ഗോപിക്കുളള പങ്ക് അറിയിക്കാന്‍ ‘ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ മേടപ്പുലരികളെ’ എന്ന പാട്ട് മാത്രം കേട്ടാല്‍ മതി. അദ്ദേഹം നമ്മുടെ മനസില്‍ കവിതയുടെയും പാട്ടിന്റെയും ആയിരം കിളി വാതിലുകള്‍ ഒന്നിച്ചു തുറന്നിടുകയായിരുന്നു.