Friday
15 Dec 2017

നന്ദന്‍കോട് കൂട്ടക്കൊല: കേഡലിനെതിരെ കുറ്റപത്രം

By: Web Desk | Saturday 23 September 2017 9:36 PM IST

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡലിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
സാത്താന്‍ സേവയുടെപേരില്‍ മാതാപിതാക്കളെയും സഹോദരയിയെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേഡല്‍ ജിന്‍സന്‍ കെ രാജ്‌നെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ കേഡലിനെതിരെ ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 92 സാക്ഷികളും 159 രേഖകളുമാണുള്ളത്. കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. മൂന്ന് മാസം കൊണ്ടാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അതേസമയം വിചാരണ നേരിടുന്നതിന് മാനസികമായി പ്രതി സജ്ജമല്ലെന്നതിനാല്‍ കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ണായകമായിരിക്കും.
2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലാണ് പ്രൊഫ രാജ തങ്കം, ഭാര്യ ഡോക്ടര്‍ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടി നുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേദല്‍ തിരിച്ച് വരവെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് കൊല നടത്തിയതെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. കന്റോമെന്റ് എസിപിയായിരുന്ന കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സഘമാണ് കേസ് അന്വേഷിച്ചത്.
കേഡല്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നതായി സഹതടവുകാരന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഗെയിമിനെക്കുറിച്ച് പറഞ്ഞുകൊടുക്കാനെന്ന വ്യാജേനെയാണ് ഇതില്‍ ഒരു ബന്ധുവിനെ കേഡല്‍ കൊലപ്പെടുത്തിയതെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് അന്വേഷണവിധേയമാക്കുമെന്ന കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Related News