Friday
21 Sep 2018

പച്ചക്കറികളിലെ മാരക കീടനാശിനി പ്രയോഗം കുറയുന്നതായി റിപ്പോർട്ട്

By: Web Desk | Monday 28 May 2018 2:31 PM IST

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറികളിലെ മാരക കീടനാശിനി പ്രയോഗം കുറയുന്നതായി റിപ്പോർട്ട്. ഒമ്പത് ജില്ലകളിൽനിന്നായി 285 സാമ്പിൾ പരിശോധിച്ചതിൽ 72.2 ശതമാനം പച്ചക്കറിയും സുരക്ഷിതം. നൂതന സംവിധാനംവഴി പരിശോധന ശക്തമാക്കിയും ബോധവൽക്കരണം വ്യാപകമാക്കിയുമാണ് ഇത‌് സാധ്യമാക്കിയത‌്. മാരകവിഷാംശമുള്ളതിന് പകരം ദോഷം കുറഞ്ഞ  കീടനാശിനികളുടെ സാന്നിധ്യമാണ‌് കണ്ടെത്തിയത‌്.

അതേസമയംഅന്യ സംസ്ഥാനത്തുനിന്ന് വരുന്ന  ഇലക്കറികളിലും മുളകിലും നിർദേശിക്കപ്പെട്ട അളവിലും കീടനാശിനി പ്രയോഗം കൂടുതലാണെന്നാണ് റിപ്പോർട്ട്. കാർഷിക സർവകലാശാലയുടെ വെള്ളായണി കേന്ദ്രത്തിലെ  കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ് വഴി പഠനം നടത്തി കൃഷിവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണീ വിവരങ്ങൾ.
 
വെള്ളായണി ലാബിൽ മാസം 200 പച്ചക്കറി സാമ്പിൾ പരിശോധനയ‌്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം സർക്കാർ  പുറത്തുവിടും. 2017 ജനുവരി മുതൽ ഡിസംബർവരെ  പൊതുവിപണിയിൽ നിന്ന്  പഴങ്ങൾ, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ 285 സാമ്പിൾ ശേഖരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 59 പച്ചക്കറികളുടെ സാമ്പിളാണ് ശേഖരിച്ചത്.
 
ഇതിൽ 46 ഇനങ്ങളിലെ 206 സാമ്പിളിൽ 72.2 ശതമാനം പൂർണമായും  വിഷമുക്തമെന്ന‌് കണ്ടെത്തി. എന്നാൽ, പച്ചമുളക്, മല്ലിയില, കറിവേപ്പില, പാലക് ചീര, സെലറി, മഞ്ഞ കാപ്സിക്കം, ബജി മുളക്, സാമ്പാർ മുളക് എന്നിവയിൽ വിഷാംശം നിർദേശിക്കപ്പെട്ട അളവിലും കൂടുതലാണ്.
 
സംസ്ഥാന സർക്കാർ സഹായത്താൽ നടപ്പാക്കി വരുന്ന എക്കോ ഷോപ്പുകളിൽനിന്നും ശേഖരിച്ച 14 ഇനം പച്ചക്കറികളുടെ 22 സാമ്പിളുകളിൽ ഒരു പാവയ്ക്ക സാമ്പിളിൽ മാത്രമാണ് കീടനാശിനി അവശിഷ്ടം കണ്ടെത്തിയത്. നാടൻ പച്ചക്കറികളിലും പഴവർഗങ്ങളിലും വിഷാംശം ഇല്ല. ജൈവ ബ്രാൻഡ് എന്ന ലേബലിൽ വിൽക്കുന്ന  എറണാകുളത്തെ സ്വകാര്യ ഹൈപ്പർ മാർക്കറ്റിൽനിന്നും ശേഖരിച്ച ക്യാപ്സിക്കം, ബജിമുളക്, മുന്തിരി, ഫാഷൻ ഫ്രൂട്ട് എന്നിവയിൽ ഏഴോളം പുതുനിര കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.  രണ്ടിനം കുമിൾനാശിനികൾ ഉൾപ്പടെ ഏഴ് രാസകീടനാശിനികളാണ്  കണ്ടെത്തിയത്.
 
തിരുവനന്തപുരത്തെ ഹൈപ്പർമാർക്കറ്റിൽ വിദേശ ആപ്പിൾ ഇനങ്ങളിലും കറുത്ത മുന്തിരിയിലും കുരു ഇല്ലാത്ത പച്ച മുന്തിരിയിലും പുതുനിര കീടനാശിനി കണ്ടെത്തി.  
 
സംസ്ഥാനത്ത് കർഷകരിലുണ്ടായ പുതിയ അവബോധം മൂലമാണ‌് കീടനാശിനി പ്രയോഗം കുറഞ്ഞതെന്ന് വെള്ളായണിയിലെ കീടനാശിനി പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ 2, 3 ശതമാനം മാത്രമാണ് കീടനാശിനി തോത്.  മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷം കുറഞ്ഞ പുതുനിര കീടനാശിനികളാണ് കൂടുതലും പ്രയോഗിക്കുന്നത്.  കീടനാശിനിവ്യാപാരികളിലും നിയമബോധം വളർന്നിട്ടുണ്ട്.
Related News