Monday
16 Jul 2018

പദ്ധതി നിര്‍വഹണം കേരളം ചരിത്രം രചിക്കുന്നു

By: Web Desk | Thursday 12 October 2017 11:47 PM IST

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ രാജ്യത്തിന് മാതൃകയായ കേരളം നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുളള 93 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി. അവശേഷിക്കുന്ന ഏഴു ശതമാനം പദ്ധതികള്‍ക്കു കൂടി ഒക്‌ടോബര്‍ മാസത്തിനുള്ളില്‍ ഭരണാനുമതി നല്‍കും. ഇതോടെ കേരളം പഴയ രീതികള്‍ മാറ്റി വികസനത്തിന്റെ പുതിയ പാതയിലെത്തും. തികഞ്ഞ ആസൂത്രണത്തോടെയാണ് സംസ്ഥാന പദ്ധതികളിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും സര്‍ക്കാര്‍ ഇടപെടല്‍ നടന്നത്. കേരളത്തിന്റെ സമസ്തമേഖലയിലും വികസനമെത്തിക്കുകയെന്ന ലക്ഷ്യത്തില്‍, മുന്നോട്ട് കുതിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതോടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും.
സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ വിവിധ വകുപ്പുകള്‍ ഇതിനകം 40.36 ശതമാനം തുക ചെലവഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ ബുധനാഴ്ച ചേര്‍ന്ന പദ്ധതി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസങ്ങളില്‍ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ എങ്ങനെയെങ്കിലും പണം ചെലവഴിക്കുന്ന പദ്ധതി നിര്‍വഹണ അരാജകത്വത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തടയിട്ടത്. ഓരോ മൂന്നു മാസം കൂടുമ്പോഴും മുഖ്യമന്ത്രി നേരിട്ട് പദ്ധതി അവലോകനം നടത്തുന്നുണ്ട്. സെപ്റ്റംബര്‍ മാസമാകുമ്പോഴേക്കും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിയുന്നതുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ആറുമാസം സമയം ലഭിക്കുകയും ചെയ്യും. ഇതോടെ പദ്ധതി നിര്‍വഹണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നതാണ് പ്രധാന നേട്ടം.
നടപ്പ് സാമ്പത്തിക വര്‍ഷം 34,538 കോടിയുടെതാണ് കേരളത്തിന്റെ വാര്‍ഷിക പദ്ധതി. ഇതില്‍ 20,272 കോടി രൂപ സംസ്ഥാന വിഹിതം. ഇതിന്റെ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഒരു ശതമാനം മാത്രമായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ചെലവ് 29 ശതമാനം. മുന്‍ വര്‍ഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലിന്റെ (34,538 കോടി രൂപ) 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുന്‍വര്‍ഷം 16 ശതമാനം മാത്രമായിരുന്നു മൊത്തം ചെലവ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് ചുമതലയുളള കെട്ടിടനിര്‍മ്മാണ രംഗത്താണ് കാലതാമസം പ്രധാനമായുള്ളത്. പിഡബ്ല്യുഡിയുടെ മേല്‍നോട്ട ചുമതല നിലനിര്‍ത്തിക്കൊണ്ട് കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
നബാര്‍ഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുളള പദ്ധതികള്‍ നേരത്തെ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളോടും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നബാര്‍ഡ് അനുമതി ലഭിക്കുന്ന ഉടനെ ടെണ്ടര്‍ വിളിക്കാന്‍ കഴിയുന്ന തരത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കണം. കിഫ്ബി ഫണ്ടിന് വേണ്ടി തയ്യാറാക്കിയതും എന്നാല്‍ കിഫ്ബിയുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതുമായ പദ്ധതികള്‍ നബാര്‍ഡിന് സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഒരു രൂപപോലും സംസ്ഥാനത്തിന് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
10 കോടി രൂപയിലധികം ചെലവ് വരുന്ന 85 പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷമുളളത്. അവയുടെ മൊത്തം അടങ്കല്‍ 5,190 രൂപയാണ്. ഓരോ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോഴേക്കും പദ്ധതിയുടെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അവസാന മൂന്നുമാസത്തേക്ക് 33 ശതമാനമേ ബാക്കി നിര്‍ത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ എം അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി എസ് സെന്തില്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം ശിവശങ്കര്‍ എന്നിവരും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

Related News