Tuesday
16 Oct 2018

പറന്നുയര്‍ന്നു ഫീനിക്സ് പക്ഷിയെപ്പോലെ നീനു: കൂട്ടിന് അവളുടെ അച്ഛനും

By: Web Desk | Thursday 14 June 2018 9:23 AM IST

ജാത്യഭിമാനത്തിന്‍റെ പേരില്‍ കെവിന്‍ കൊല്ലപ്പെട്ടിട്ട് കഴിഞ്ഞ ദിവസം 17 ദിവസം കഴിഞ്ഞിരുന്നു. പതിനേഴാം നാൾ സങ്കടങ്ങളെ തോല്‍പ്പിച്ച് നീനു വീണ്ടും ജീവിതത്തിലേക്ക്. ബുധനാഴ്ച്ച നീനു ആദ്യമായി കോളേജിലേക്ക് പോകുമ്പോൾ അവളെ കൊണ്ടാക്കിയത് അവളുടെ ”അച്ഛൻ ‘ആയിരുന്നു. രാവിലെ എഴുന്നേറ്റ് കെവിന്‍റെ ചേച്ചി കൊടുത്ത ഡ്രസ് ഉടുത്ത് അമ്മ കെട്ടിത്തന്ന പൊതിച്ചോറുമായി ജോസഫിന്‍റെ ബൈക്കിന് പുറകില്‍ കയറി അവള്‍ മാന്നാനത്തെ കോളേജിലേക്ക് പോയി. കെവിന്‍റെ മരണത്തിന് ശേഷം ആദ്യമായാണ് അവള്‍ പുറം ലോകം കാണുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷനിലേക്കായിരുന്നു നീനുവും ജോസഫും ആദ്യം പോയത്. തന്‍റെ കെവിനുവേണ്ടി നീനു കെഞ്ചി കരഞ്ഞ അതേ ഗാന്ധിനഗര്‍ സ്റ്റേഷന്‍. കോട്ടയം എസ്പിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇരുവരും ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് പോയത്. കോളേജില്‍ പോകുന്നതിന് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടോയെന്ന കാര്യം ഉറപ്പാക്കുന്നതിനായിരുന്നു ജോസഫും നീനുവും സ്റ്റേഷനിലേക്ക് പോയത്. അവിടെ നിന്ന് തടസങ്ങള്‍ ഇല്ലെന്ന വിവരം ലഭിച്ച ഉടന്‍ ഇരുവരും ചേര്‍ന്ന് കോളേജിലേക്ക് പോയി.

കൂട്ടുകാരികള്‍ എല്ലാവരും നീനുവിനെ കാത്ത് കോളേജില്‍ ഉണ്ടായിരുന്നു. കോളേജിലും കെവിന്‍റെ ഓര്‍മ്മകളില്‍ അവള്‍ പിടഞ്ഞെങ്കിലും താങ്ങായി കൂട്ടുകാരികളും അധ്യാപകരും ഒരുമിച്ച് നിന്നു. തുടര്‍ പഠനത്തിന് എന്ത് പ്രോത്സാഹവനും ഉണ്ടാകുമെന്നും കോളേജ് പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും നീനുവിനും ജോസഫിനും ഉറപ്പ് നല്‍കി.

നീനു ക്ലാസ് റൂമിലേക്കു കയറിപ്പോകുന്നത് ജോസഫ് ഇത്തിരിനേരം നോക്കിനിന്നു. കെവിന്റെ ജീവനറ്റ ശരീരംകണ്ട്, തന്നെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞുതളര്‍ന്ന പെണ്‍കുട്ടി ഒരു ഫീനിക്സ് പക്ഷിയായി, നഷ്ടങ്ങളുടെ ചാമ്പലില്‍നിന്ന് പറന്നുയരുന്ന കാഴച.തന്‍റെ മകന്‍ കെവിന് വേണ്ടി കരഞ്ഞ് തളര്‍ന്ന നീനുവല്ല തനിക്കൊപ്പം മുന്നില്‍ നില്‍ക്കുന്നതെന്ന് ജോസഫിന് നന്നായി അറിയാം. തന്‍റേടവും ആത്മവിശ്വാസവും അവള്‍ നേടികഴിഞ്ഞിട്ടുണ്ട്. എങ്കിലും തന്‍റെ മകള്‍ കൃപയെ പോലെ ഇനി നീനുവിനും വേണ്ടിയും തങ്ങള്‍ ആകുന്നത് ചെയ്യും. അവള്‍ ഇനി ഇഷ്ടമുള്ളത്രയും പഠിക്കട്ടെ, മുടങ്ങിപ്പോയ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങും പുനരാരംഭിച്ചോട്ടെ, ഇനിയും അവള്‍ക്ക് ഒരുപാട് ജീവിക്കാനുള്ളതല്ലേ, അവളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങളാല്‍ ആവുന്നത് ചെയ്യും അച്ഛന്‍ ജോസഫ് പറയുന്നു.

കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഇന്നേ ദിവസം തന്നെ. നീനുവിന്റെ തുടര്‍പഠനത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്‌

Related News