Monday
25 Jun 2018

അറിയപ്പെടാത്ത ജീവിതങ്ങളുടെ പ്രദർശനം കൊച്ചിയിൽ വെള്ളിയാഴ്ച

By: Web Desk | Wednesday 13 June 2018 1:53 PM IST

കൊച്ചി – മലയാളികളുടെ ജർമ്മൻ കുടിയേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് അരനൂറ്റാണ്ട് മുൻപ്   പശ്ചിമ ജർമ്മനിയിലെ മഠങ്ങളിലേക്ക് കന്യാസ്ത്രീകളാകാൻ പോയ മലയാളി പെൺകുട്ടികളുടെ ജീവിത യാത്ര ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി സിനിമ ‘അറിയപ്പെടാത്ത ജീവിതങ്ങൾ’ വെള്ളിയാഴ്ച (ജൂൺ 15 ന് ) കൊച്ചിയിൽ പ്രദർശിപ്പിക്കും. എറണാകുളം ചിൽഡ്രറൻസ് പാർക്കിലെ മിനി തിയ്യറ്ററിൽ വൈകീട്ട് നാല് മണിക്കാണ് ആദ്യ പ്രദർശനം. കേരള ചരിത്ര ഗവേഷണ കൌൺസിലിന്റെ ചെയർമാൻ ഡോ.പി.കെ.മൈക്കിൽ തരകൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്രപ്രവർത്തകൻ കെ.പി.സേതുനാഥ് മുഖ്യതിഥിയായിരിക്കും. ആറ് മണിയ്ക്കാണ് രണ്ടാമത്തെ പ്രദർശനം. പ്രവേശനം സൌജന്യമാണ്.

1963 -ലാണ് മലയാളിയുടെ ജർമ്മൻ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ട് മലയാളി പെൺകുട്ടികൾ കൂട്ടമായി ജർമ്മൻ കന്യാസ്ത്രീ മഠങ്ങളിൽ ചേർന്നത്. 1963 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ എണ്ണൂറോളം മലയാളി പെൺകുട്ടികൾ ജർമ്മൻ മഠങ്ങളിലെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  പശ്ചിമ   ജർമ്മനിയിലെ വിവിധ ഭാഗങ്ങളിലായുള്ള 17 മഠങ്ങളിൽ ചേർന്ന ഇവരിൽ ഭൂരിഭാഗം പേരും നേഴ്സിങ്ങ് പഠിക്കുകയും സന്യാസ ജീവിതത്തോടൊപ്പം ജർമ്മനിയിൽ നേഴ്സുമാരായും സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇവരുടെ സഹായത്തോടെ, ഇവരെ പിൻതുടർന്നാണ്  1970കളിൽ നേഴ്സുമാരും ഡോക്ടർമാരും ഉൾപ്പടെയുള്ള മലയാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ജർമ്മനിയിലേക്ക് ഉണ്ടാകുന്നത്. ഇങ്ങനെ മലയാളിയുടെ ജർമ്മൻ കുടിയേറ്റത്തിന്റെ ചാലക ശക്തയായി പ്രവർത്തിച്ച ജർമ്മൻ മലയാളി കന്യാസ്ത്രീകളുടെ ജീവിത പ്രതിസന്ധികളും നേട്ടങ്ങളും ചിത്രീകരിക്കുന്നതാണ് ‘അറിയപ്പെടാത്ത ജീവിതങ്ങൾ’.

 റാഫേൽ ആൻറ് മേനോൻ മീഡിയയുടെ ബാനറിൽ ദിനേശ് കല്ലറയ്ക്ക്കലാണ് മലയാളം, ജർമ്മൻ ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്ന അറിയപ്പെടാത്ത ജീവിതങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഡോക്യുമെന്ററി ഫിലിം മേക്കറും  ഫിഷറീസ് സർവ്വകലാശാല ഡയറക്ടറുമായ രാജു റാഫേലും മാധ്യമ പരിശീലകനും ഗവേഷകനുമായ കെ.രാജഗോപാലും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രവാസി എഴുത്തുകാരനായ ജോസ് പുന്നാംപറന്പിൽ ചിത്രത്തിന്റെ ഗവേഷണം നിർവഹിച്ചു. ഛായഗ്രഹണവും ചിത്രസംയോജനവും പ്രകാശ് റാണ. സിനിമാ, സീരിയൽ സംവിധായകനായ കെ.ബി.വേണുവാണ് ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം സത്യജിത്ത്.

മലയാളി പെൺകുട്ടികളുടെ ജർമ്മൻ കന്യാസ്ത്രീ മഠങ്ങളിലേക്കുള്ള കുടിയേറ്റം അന്താരാഷ്ട്ര മാധ്യമങ്ങളിൽ മനുഷ്യകടത്തായി ചിത്രീകരിക്കപ്പെട്ടതിന്റെ ഉള്ളറ കഥകളും അതിന്രെ സത്യാവസ്ഥയും  അറിയപ്പെടാത്ത ജീവിതങ്ങൾ അനാവരണം ചെയ്യുന്നുണ്ട്. ജർമ്മൻ  മഠങ്ങളിലേക്ക് കന്യാസ്ത്രീകളാവാൻ കേരളത്തിൽ നിന്ന്  പെൺകുട്ടികളെ തെരഞ്ഞെടുത്ത  ഫാദർ വെർണർ ചക്കാലക്കൽ, ജർമ്മനിയിൽ മലയാളി കന്യാസ്ത്രീകൾക്ക് പരിശീലനം നൽകിയ സിസ്റ്റർ ലുഡ്ഗാഡിസ്, ജർമ്മനിയിൽ മലയാളി കന്യാസ്ത്രീകളുടെ ഒപ്പം പ്രവർത്തിക്കുകയും വിവാദ വാർത്തയ്ക്ക്ക് ആസ്പദമായ സംഭവങ്ങളിൽ സാക്ഷ്യം വഹിക്കുകയും ചെയ്ത സി.എം.ഐ പുരോഹിതൻ ജെറോം ചെറുശ്ശേരി, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തുടങ്ങിവർ ഈ ഡോക്യുമെന്ററിയിലൂടെ അന്നത്തെ വിവാദത്തിന്റെ സത്യാവസ്ഥ വിശകലനം ചെയ്യുന്നു. ഒരു വർഷത്തോളം എടുത്താണ് അറിയപ്പെടാത്ത ജീവിതങ്ങളുടെ ജർമ്മനിയിലെയും ഇന്ത്യയിയിലെയും ചിത്രീകരണം പൂർത്തിയാക്കിയത്. 

Related News