Tuesday
16 Oct 2018

ചുഴലി ഭീതിയില്‍ കേരളം

By: Web Desk | Thursday 4 October 2018 12:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്  ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴുമുതലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതല്‍ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയുണ്ടാവും. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം. കടല്‍ അതിപ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ അഞ്ചിന് മുമ്പ് തീരത്തെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അഞ്ചു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണുന്നതിന് ജനങ്ങളെത്തുന്നത് ഒഴിവാക്കണം. പുഴയുടെയും ആറുകളുടെയും തീരങ്ങളില്‍ കഴിയുന്നവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു. ജലാശയങ്ങളില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും അനുവദിക്കില്ല. മരങ്ങള്‍ വീഴാനും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിലും തീരമേഖലയിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. പ്രളയത്തെ തുടര്‍ന്ന് പല വീടുകളും തകര്‍ന്ന സ്ഥിതിയിലാണ്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചയിടങ്ങളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News